ന്യൂഡൽഹി: ഇന്ത്യയിലെ ജയിലുകളിൽ തടവുകാർ നേരിടുന്ന ജാതിവിവേചനം അവസാനിപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. മാധ്യമപ്രവർത്തക സുകന്യ ശാന്ത നൽകിയ പൊതു താത്പര്യ ഹർജിയിന്മേലായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം.
ജാതി വിവേചനം തടയുന്നതിനായി ജയിലുകളിൽ ഒരു നോഡൽ ഓഫീസറെ നിയമിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വാദത്തിനിടെ ചീഫ് ജസ്റ്റിസ് തന്നെ ജയിൽ ചട്ടങ്ങളിലെ വിവേചനപരമായ പരാമർശങ്ങളും ഭാഗങ്ങളും ചൂണ്ടിക്കാട്ടി. പ്രത്യേക ജാതിവിഭാഗങ്ങളെ ചില ജോലികളിൽ നിന്ന് ഒഴിവാക്കുന്ന പരാമർശങ്ങളും 'തോട്ടിപ്പണി ചെയ്യുന്ന വിഭാഗം' എന്ന പരാമർശങ്ങളെയെല്ലാം കോടതി ചോദ്യം ചെയ്തു. ഇവ ഞെട്ടിക്കുന്നതെന്നും തീർത്തും ദൗർഭാഗ്യകരമെന്നും പറഞ്ഞ ചീഫ് ജസ്റ്റിസ് എത്രയും പെട്ടെന്ന് അവ അവസാനിപ്പിക്കണമെന്നും പറഞ്ഞു.
ജനുവരിയിൽ കേസ് പരിഗണിച്ചപ്പോൾ വിവിധ സംസ്ഥാനങ്ങളിലെ ജയിൽചട്ടങ്ങളിലെ വിവേചനപരമായ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ കേരളത്തിന്റെ ജയിൽ ചട്ടങ്ങളിലെ പരാമർശങ്ങളും ഉൾപ്പെട്ടിരുന്നു. ശേഷം കേരളം ഉൾപ്പെടെയുള്ള പതിനഞ്ചോളം സംസ്ഥാനങ്ങൾക്ക് മറുപടി ആവശ്യപ്പെട്ട് കോടതി നോട്ടീസ് നൽകി. എന്നാൽ കേരളം ഇതുവരെ കോടതിയിൽ മറുപടി നൽകിയിട്ടില്ലെന്ന് മാത്രമല്ല, ആകെ നാല് സംസ്ഥാനങ്ങൾ മാത്രമാണ് കൃത്യമായ മറുപടി നൽകി ഈ വിഷയത്തെ ഗൗരവത്തോടെ സമീപിക്കാൻ തയ്യാറായത്.
കോടതിയുടെ നിരീക്ഷണങ്ങൾക്ക് ശേഷം കേന്ദ്രസർക്കാരും കേസിൽ ഇടപെട്ടിരുന്നു. ജയിലുകളിലെ ജാതിവിവേചനം ഒഴിവാക്കാൻ ആവശ്യപ്പെട്ട് ഫെബ്രുവരിയിൽ കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും നോട്ടീസ് അയച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ വാദത്തിൽ ഓരോ സംസ്ഥാനങ്ങളിലെ ജയിൽ ചട്ടങ്ങളിലെയും വിവേചനപരമായ പരാമർശങ്ങൾ എടുത്തുകാട്ടിയാണ് ഹർജിക്കാർ മുന്നോട്ടുപോയത്. ദളിതർക്ക് പ്രത്യേക സെല്ലുകൾ ഉള്ളതും, തമിഴ്നാട്ടിലെ ജയിലുകളിൽ ഉന്നതജാതിയിൽപെട്ടവർക്ക് പ്രത്യേക സെല്ലുകൾ ഉള്ളതുമെല്ലാം ഹർജിക്കാർ ചൂണ്ടിക്കാട്ടി. രാജസ്ഥാനിലെ ജയിലുകളിൽ ബ്രാഹ്മണർക്ക് അടുക്കള ജോലി മാത്രമെന്ന ചട്ടത്തെയും ഹർജിക്കാർ എടുത്തുകാട്ടി. വിവിധ സംസ്ഥാനങ്ങൾ ഇനിയും മറുപടി നൽകാനുള്ളതിനാൽ അവയെല്ലാം കേട്ട ശേഷം കേസ് വിധിപറയാൻ മാറ്റിവെച്ചിരിക്കുകയാണ്.