പാർലമെൻ്റിലെ സ്റ്റാൻഡിങ് കമ്മിറ്റികൾ; കൂടുതൽ പ്രാതിനിധ്യവും അധ്യക്ഷപദവിയും പ്രതീക്ഷിച്ച് പ്രതിപക്ഷം

മണ്സൂണ് സെഷനില് സ്റ്റാന്ഡിങ്ങ് കമ്മിറ്റികള് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

dot image

ന്യൂഡൽഹി: പാര്ലമെന്റിലെ വിവിധ വകുപ്പുകളുടെ കീഴിലുള്ള സ്റ്റാന്ഡിങ്ങ് കമ്മിറ്റികളില് പ്രതിപക്ഷത്തിന് കൂടുതല് പരിഗണയും പ്രാതിനിധ്യവും ലഭിച്ചേക്കും. കഴിഞ്ഞ പാര്ലമെന്റ് കാലയളവില് സ്റ്റാന്ഡിങ്ങ് കമ്മിറ്റികളില് പ്രതിപക്ഷത്തിന് വേണ്ടത്ര പരിഗണനയുണ്ടായിരുന്നില്ല. ഇത്തവണ പ്രതിപക്ഷ സഖ്യം 236 സീറ്റുകളുമായി ലോക്സഭയിലെ ശക്തമായ സാന്നിധ്യമായി മാറിയതോടെ സര്ക്കാരിന് സ്റ്റാന്ഡിങ്ങ് കമ്മിറ്റികളില് പ്രതിപക്ഷ പ്രാതിനിധ്യം അവരുടെ അംഗബലത്തിനനുസരിച്ച് പരിഗണിക്കേണ്ടി വരും. നടക്കാനിരിക്കുന്ന മണ്സൂണ് സെഷനില് സ്റ്റാന്ഡിങ്ങ് കമ്മിറ്റികള് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ലോക്സഭയുടെ കീഴില് 16 വകുപ്പുകളുമായി ബന്ധപ്പെട്ട സ്റ്റാന്ഡിങ്ങ് കമ്മിറ്റികളാണ് ഉള്ളത്. രാജ്യസഭയുടെ കീഴില് എട്ട് വകുപ്പുകളുമായി ബന്ധപ്പെട്ട സ്റ്റാന്ഡിങ്ങ് കമ്മിറ്റികളുമുണ്ട്. വ്യത്യസ്ത സ്റ്റാന്ഡിങ്ങ് കമ്മിറ്റി പാനലിലേയ്ക്ക് പരിഗണിക്കേണ്ടവരുടെ പട്ടിക നല്കാന് പ്രധാന രാഷ്ട്രീയ പാര്ട്ടികളോട് ലോക്സഭാ സെക്രട്ടറിയേറ്റ് ഇതിനകം രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. തൃണമൂല് നേതാവ് സുധീപ് ബന്ദോപാധ്യയും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്ജ്ജുന് ഖര്ഗെയും കത്ത് ലഭിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ഡ്യ മുന്നണിക്ക് കുറഞ്ഞത് മൂന്ന് സ്റ്റാന്ഡിങ്ങ് കമ്മിറ്റികളുടെ അധ്യക്ഷ പദവി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് മുതിര്ന്ന കോണ്ഗ്രസ് നേതാവ് പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നുണ്ട്. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പാനല് പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി നയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിന് പുറമെ കോണ്ഗ്രസ് ഒരു സ്റ്റാന്ഡിങ്ങ് കമ്മിറ്റിയുടെ ചെയര്മാന് പദവി കൂടി പ്രതീക്ഷിക്കുന്നു. സമാജ്വാദി പാര്ട്ടിക്കും തൃണമൂല് കോണ്ഗ്രസിനും ഓരോ സ്റ്റാന്ഡിങ്ങ് കമ്മിറ്റിയുടെ അധ്യക്ഷപദവി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ട് സഭകളിലുമായി സമാജ്വാദി പാര്ട്ടിക്ക് 41 എംപിമാരുണ്ട്. തൃണമൂല് കോണ്ഗ്രസിന് രാജ്യസഭയിലും ലോക്സഭയിലുമായി 42 എംപിമാരാണുള്ളത്. ഇതൊക്കെയാണെങ്കിലും ഈ പാര്ട്ടികളെ അധ്യക്ഷപദവിയിലേയ്ക്ക് പരിഗണിക്കണമോയെന്ന അന്തിമതീരുമാനം എടുക്കേണ്ടത് രാജ്യസഭാ അധ്യക്ഷന് ജഗ്ദീപ് ധന്കറും ലോക്സഭാ സ്പീക്കര് ഓം ബിര്ളയുമാണ്. കഴിഞ്ഞ പാര്ലമെന്റില് മൂന്നാമത്തെ ഏറ്റവും വലിയ കക്ഷിയായിരുന്നിട്ടും തൃണമൂല് കോണ്ഗ്രസിന് ഏതെങ്കിലും സ്റ്റാന്ഡിങ്ങ് കമ്മിറ്റികളുടെ അധ്യക്ഷ പദവി ലഭിച്ചിരുന്നില്ല. സമജ്വാദി പാര്ട്ടി നേതാവ് രാംഗോപാല് യാദവ് ആരോഗ്യസ്റ്റാന്ഡിങ്ങ് കമ്മിറ്റിയുടെ അധ്യക്ഷ പദവി വഹിച്ചിരുന്നെങ്കിലും പിന്നീട് ബിജെപി പ്രതിനിധി ആ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

നിലവില് പാര്ലമെന്റിലെ അംഗസംഖ്യ പ്രകാരം 55% ഭരണപക്ഷത്തും 45% പ്രതിപക്ഷത്തുമാണ്. ഇതിന്റെ അടിസ്ഥാനത്തില് സ്റ്റാന്ഡിങ്ങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം പങ്കുവെച്ചാല് ഭരണപക്ഷത്തിന് 13 എണ്ണവും പ്രതിപക്ഷത്തിന് പതിനൊന്ന് എണ്ണവും ലഭിക്കേണ്ടതാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നുണ്ട്. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട 24 സ്റ്റാന്ഡിംഗ് കമ്മിറ്റികള്ക്ക് പാര്ലമെന്റ് പ്രവര്ത്തനത്തിന്റെ വിവിധ വശങ്ങള് കൈകാര്യം ചെയ്യുന്നതിനായി പാര്ലമെന്റിന് സാമ്പത്തിക പാനലുകളും അഡ്-ഹോക്ക് പാനലുകളും മറ്റ് പാര്ലമെന്ററി സ്റ്റാന്ഡിംഗ് കമ്മിറ്റികളും ഉണ്ട്. ഒരു സെഷന്റെ സമയത്ത്, ലോക്സഭയും രാജ്യസഭയും പ്രത്യേക ബില്ലുകളോ പ്രധാനപ്പെട്ട വിഷയങ്ങളോ അവലോകനം ചെയ്യുന്നതിന് സെലക്ട് കമ്മിറ്റികളോ സംയുക്ത പാര്ലമെന്ററി കമ്മിറ്റികളോ രൂപീകരിക്കാറുണ്ട്. സ്റ്റോക്ക് മാര്ക്കറ്റ് അഴിമതി അല്ലെങ്കില് ശീതളപാനീയങ്ങളിലെയോ പാനീയങ്ങളിലെയോ കീടനാശിനി സാന്നിധ്യനമോ മലിനീകരണമോ അന്വേഷിക്കുന്നതിനായി ജെപിസികളും രൂപീകരിക്കാറുണ്ട്.

dot image
To advertise here,contact us
dot image