ന്യൂഡൽഹി: ജോലി ചെയ്യുന്ന പുരുഷന്മാർ അവർ സമ്പാദിക്കുന്ന പണം വീട്ടമ്മമാരായ ഭാര്യയുമായും കൂടി പങ്കുവെയ്ക്കണമെന്ന് ജസ്റ്റിസ് ബി വി നാഗരത്ന. മുസ്ലിം സ്ത്രീകളുടെ ജീവനാംശം സംബന്ധിച്ച കേസ് പരിഗണിക്കവെയായിരുന്നു നാഗരത്നയുടെ നിരീക്ഷണം.
'വിവാഹിതരായ ഇന്ത്യൻ പുരുഷന്മാർ എല്ലാവരും സ്വന്തമായി വരുമാനമില്ലാത്ത, വീട്ടമ്മമാരായി ജീവിക്കുന്ന അവരുടെ ഭാര്യാമാരെ ഓർക്കണം. സമ്പാദിക്കുന്ന പണം ഭാര്യമാരുമായും പങ്കുവെയ്ക്കണം. അതവരുടെ വ്യക്തിപരമായ ആവശ്യത്തിനടക്കം ഒരുപാട് ഉപകരിക്കും'; ഇത്തരത്തിൽ ലഭിക്കുന്ന പണം ഭാര്യമാരിൽ ഒരു സുരക്ഷിതത്വം നൽകുമെന്നും നാഗരത്ന പറഞ്ഞു.
എല്ലാ രീതിയിലും ഭർത്താക്കന്മാർ ഇവരെ പരിഗണിക്കണമെന്നും നഗരത്ന പറഞ്ഞു. പണം ചിലവഴിക്കുന്നതും മറ്റും ഭാര്യമാരോട് കൂടി ആലോചിച്ചാണെങ്കിൽ അത്രയും നല്ലത്. ദിവസം മൊത്തം വീട്ടുജോലി മാത്രം ചെയ്ത് ജീവിക്കുന്ന സ്ത്രീകൾ ഒരുപാട് സ്നേഹം കുടുംബത്തിൽനിന് അർഹിക്കുന്നുണ്ടെന്നും, എല്ലാതരത്തിലുമുള്ള ബഹുമാനം ലഭിക്കുന്നത് അവരെ കൂടുതൽ സന്തോഷിപ്പിക്കുമെന്നും നാഗരത്ന നിരീക്ഷിച്ചു.
ജൂലൈ പത്തിനാണ് വിവാഹ ബന്ധം വേര്പെടുത്തിയ മുസ്ലിം സ്ത്രീകള്ക്ക് നിയമപരമായി ജീവനാംശം തേടാമെന്ന സുപ്രധാന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. ക്രിമിനൽ നടപടി ചട്ടത്തിലെ (സിആർപിസി) സെക്ഷൻ 125 പ്രകാരമാണിത്. ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് അഗസ്റ്റിന് ജോര്ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു വിധി. ജീവനാംശം നല്കുന്നതിനെതിരെ നേരത്തെ സമര്പ്പിച്ച ഹര്ജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.
"വിവാഹിതരായ സ്ത്രീകൾക്ക് മാത്രമല്ല, എല്ലാ സ്ത്രീകൾക്കും സിആർപിസി സെക്ഷൻ 125 ബാധകമാകുമെന്ന പ്രധാന നിഗമനത്തോടെയാണ് ഞങ്ങൾ അപ്പീൽ തള്ളുന്നത്," ജസ്റ്റിസ് നാഗരത്ന വിധി പ്രസ്താവിച്ചുകൊണ്ട് പറഞ്ഞു. സിആര്പിസി സെക്ഷന് 125 പ്രകാരം ഏതൊരു മുസ്ലിം സ്ത്രീക്കും വിവാഹബന്ധം വേര്പ്പെടുത്തിയ ഭര്ത്താവില് നിന്നും ജീവനാംശം ആവശ്യപ്പെടാം. മുസ്ലീം സ്ത്രീകളുടെ വിവാഹമോചനത്തിനുള്ള അവകാശങ്ങള് സംരക്ഷിക്കല് നിയമം മതേതര നിയമത്തെ മറികടക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
ജീവനാംശം എന്നത് ഔദാര്യമല്ലെന്നും അത് അടിസ്ഥാനപരമായ അവകാശമാണെന്നും സുപ്രീംകോടതി കൂട്ടിച്ചേര്ത്തു. എല്ലാ സ്ത്രീകള്ക്കും ലിംഗസമത്വവും സാമ്പത്തിക സുരക്ഷിതത്വവും എന്ന തത്വം ഊട്ടിയുറപ്പിക്കുന്ന ഈ അവകാശം മതപരമായ അതിര്വരമ്പുകള്ക്ക് അതീതമാണെന്നും കോടതി വിധിയിൽ പറഞ്ഞു. സിആര്പിസി 125-ാം വകുപ്പ് മതേതര സ്വഭാവത്തില് ഉള്ളതാണെന്നും അത് മുസ്ലിം സ്ത്രീക്കും ബാധകമാണെന്നുമാണ്, ചരിത്രപ്രസിദ്ധമായ ഷാബാനു കേസ് വിധിയില് സുപ്രീം കോടതി വ്യക്തമാക്കിയത്. എന്നാല് ഇതിനെ മറിടകടക്കാനായി 1986-ല് സര്ക്കാര് നിയമ നിര്മാണം നടത്തുകയായിരുന്നു. ഈ നിയമം ചൂണ്ടിക്കാട്ടിയാണ്, ഈ കേസിലെ ഹര്ജിക്കാരന് വാദിച്ചത്. എന്നാല് 2019-ലെ നിയമപ്രകാരം നടപടികളിലേക്ക് കടക്കാവുന്നതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.