ലക്നൗ: ഉത്തർപ്രദേശിൽ ഒറ്റദിവസം വ്യത്യസ്തയിടങ്ങളിൽ ഉണ്ടായ മിന്നലാക്രമണത്തിൽ 38 പേർ മരിച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും മൂലം സംസ്ഥാനം ദുരിതമനുഭവിക്കുന്നതിനിടെയാണ് മിന്നലാക്രമണം ഇത്രയേറെ ആളുകളുടെ ജീവനെടുത്തിരിക്കുന്നത്.
മിന്നലേറ്റവരെല്ലാം തുറസ്സായ സ്ഥലത്ത് നിൽക്കുന്നവരായിരുന്നു. മരണമടഞ്ഞവരിൽ കുട്ടികളടക്കമുള്ള ഭൂരിഭാഗം പേർ ഫാമിൽ ജോലി ചെയ്യുമ്പോഴോ മത്സ്യബന്ധനത്തിനിടയിലോ ഇടിമിന്നലേറ്റവരാണ്. സുൽത്താൻപൂരിൽ ഏഴ് പേരാണ് മരിച്ചത്. ഇതിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. കൃഷിക്കിടയിലും, വെള്ളമെടുക്കാനും മറ്റും പോകുമ്പോളായിരുന്നു ഇവർക്ക് ഇടിമിന്നലേറ്റത്. മഴയെ തുടർന്ന് മരത്തിനടിയിൽ കയറിനിന്ന സ്ത്രീയ്ക്കും ഇടിമിന്നലേറ്റു.
പ്രതാപ്ഗഡ്, സുൽത്താൻപൂർ, ചന്ദൗലി, മെയിൻപുരി, പ്രയാഗ്രാജ്, ഹാഥ്റസ്, വാരാണസി എന്നിവിടങ്ങളിലാണ് മിന്നലാക്രമണമുണ്ടായത്. ഇതിൽ പ്രതാപ്ഗഡിൽ മാത്രം വ്യത്യസ്ത സ്ഥലങ്ങളിലാണ് മിന്നലാക്രമണമുണ്ടായത്. മരണത്തിന് പുറമെ നിരവധി പേർക്ക് പരിക്കുമുണ്ട്.