അമരാവതി: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിക്കെതിരെ വധശ്രമക്കേസ്. ടിഡിപി എംഎൽഎ കെ രഘുരാമ കൃഷ്ണ രാജു നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഐപിഎസ് ഓഫീസർമാർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഐപിഎസുകാരായ പി വി സുനിൽ കുമാർ, പിഎസ്ആർ സീതാരാമഞ്ജനേയുലു, സർവീസിൽ നിന്ന് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥൻ ആർ വിജയ് പോൾ, ഗുണ്ടൂർ ഗവൺമെൻ്റ് ജനറൽ ആശുപത്രി മുൻ സൂപ്രണ്ട് ജി പ്രഭാവതി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്.
വൈഎസ്ആർസിപി സർക്കാരിനും ജഗൻ മോഹൻ റെഡ്ഡിക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി 2021 ലാണ് രാജുവിനെ അറസ്റ്റ് ചെയ്തത്. അന്നത്തെ സിഐഡി മേധാവി പി വി സുനിൽ കുമാറും ഐപിഎസ് ഉദ്യോഗസ്ഥനായ പി സീതാരാമഞ്ജനേയുലുവും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് തന്നെ മർദ്ദിച്ചുവെന്നാണ് രാജുവിന്റെ ആരോപണം.
റബർ ബെൽറ്റും ലാത്തിയും ഉപയോഗിച്ച് മർദിച്ചുവെന്നും ജഗൻ മോഹൻ റെഡ്ഡിയുടെ സ്വാധീനത്തിലാണ് ഇത് ചെയ്തതെന്നും പരാതിയിൽ പറയുന്നു. പൊലീസ് ബലം പ്രയോഗിച്ച് മൊബൈൽ എടുത്ത് പാസ് വേർഡ് വാങ്ങിയെന്നും, റെഡ്ഡിയെ വിമർശിക്കുന്നത് നിർത്തിയില്ലെങ്കിൽ കൊന്നു കളയുമെന്ന് സുനിൽ കുമാർ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
അപകീർത്തി കേസിൽ രാഹുല് ഗാന്ധിക്ക് ആശ്വാസം; മജിസ്ട്രേറ്റ് കോടതി നടപടി ഹൈക്കോടതി റദ്ദാക്കിപരാതിയുടെ അടിസ്ഥാനത്തിൽ സുനിൽ കുമാറിനെ ഒന്നാം പ്രതിയായും സീതാരാമഞ്ജനേയുലു രണ്ടാം പ്രതിയായും ജഗൻ മോഹൻ റെഡ്ഡിയെ മൂന്നാം പ്രതിയായും ഗുണ്ടൂർ ജില്ലയിലെ നഗരപാലം പൊലീസ് കേസെടുത്തു.അഞ്ച് പ്രതികൾക്കെതിരെയും ഐപിസി സെക്ഷൻ 120 ബി, 166, 167, 197, 307, 326, 465, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസ് മൂന്ന് വർഷം പഴക്കമുള്ളതിനാലാണ് പൊലീസ് ഇന്ത്യൻ ശിക്ഷാ നിയമങ്ങൾ ചേർത്തിരിക്കുന്നത്.