പൂനെ: അധികാര ദുർവിനിയോഗം ആരോപിച്ച് പൂനെയിൽ നിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റിയ ഐഎഎസ് ട്രെയിനി ഡോ പൂജാ ഖേദ്കറുടെ നിയമനം പരിശോദിക്കാൻ കമ്മിറ്റി രൂപീകരിച്ച് കേന്ദ്രം. പൂജാ ഖേദ്കറുടെ നിയമനങ്ങൾ വിശദമായി പരിശോധിക്കാൻ അഡീഷണൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ കാഴ്ചാ വൈകല്യവും മാനസികവെല്ലുവിളിയും നേരിടുന്നതായി കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റാണ് പൂജാ ഖേദ്കർ ഹാജരാക്കിയത്.യു പിഎസ്സി സെലക്ഷൻ സമയത്ത് പ്രത്യേക ഇളവ് ലഭിക്കാനായിട്ടാണ് വൈകല്യമുണ്ടെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് സമർപ്പിച്ചത്.
ഒബിസി നോൺ ക്രീമിലെയർ പദവി അവകാശപ്പെട്ട് നൽകിയ സർട്ടിഫിക്കറ്റിൻ്റെ സാധുതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ഡോ പൂജാ ഖേദ്കറിന് 22 കോടി രൂപയുടെ ആസ്തിയുള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൂജ ഖേദ്കറിൻ്റെ പിതാവ് ദിലീപ് ഖേദ്കറുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ അദ്ദേഹത്തിൻ്റെ ആസ്തി 40 കോടി രൂപയാണെന്ന് വിവരാവകാശ രേഖകൾ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൂജാ ഖേദ്കറിന് 22 കോടി രൂപയുടെ ആസ്തിയുണ്ടെന്ന റിപ്പോർട്ട് ലഭിച്ചത്. പൂജാ ഖേദ്കറിന് പൂനെ ജില്ലയിലെ മഹലുംഗിൽ 16 കോടി രൂപ വില വരുന്ന രണ്ട് പ്ലോട്ടുകളുണ്ട്. പൂനെ ജില്ലയിലെ ധദാവാലിയിൽ 4 കോടി രൂപയും അഹമ്മദ്നഗറിലെ പച്ചുണ്ടെ, നന്ദൂർ എന്നിവിടങ്ങളിൽ 1 കോടി 25 ലക്ഷം രൂപയുടെ ആസ്തിയുണ്ട്.
2014 തൊട്ട് 2019 വരെ പൂജ 42 ലക്ഷം രൂപ സമ്പാദിക്കുന്നതായും കണക്കുകൾ പറയുന്നു. പിതാവിൻ്റെ സമ്പത്ത് കണക്കിലെടുക്കുമ്പോൾ ഒബിസി നോൺ ക്രീമിലെയർ പദവിക്കുള്ള ഖേദ്കറിൻ്റെ യോഗ്യത ചോദ്യം ചെയ്യപ്പെടുകയാണ്. ഒബിസി നോൺ ക്രീമിലെയർ യോഗ്യത നേടണമെങ്കിൽ മാതാപിതാക്കളുടെ വാർഷിക വരുമാനമോ കുടുംബത്തിൻ്റെ വാർഷിക വരുമാനമോ 8 ലക്ഷത്തിൽ കൂടരുതെന്ന നിയമം ലംഘിച്ചാണ് പൂജാ ഖേദ്കറിന്റെ നിയമനം.
യു പി എസ് സി സെലക്ഷൻ സമയത്ത് പ്രത്യേക ഇളവ് ലഭിക്കാനായിട്ടാണ് വൈകല്യമുണ്ടെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് പൂജ സമർപ്പിച്ചത്. 841-ാം റാങ്കാണ് പൂജയ്ക്ക് ലഭിച്ചത്. വൈകല്യങ്ങൾ പരിശോധിക്കാനായുള്ള വൈദ്യപരിശോധയ്ക്ക് വിധേയമാകണമെന്ന് യുപിഎസ്സി ആവശ്യപ്പെട്ടെങ്കിലും ഓരോ കാരണങ്ങൾ ചൂണ്ടിക്കാട്ടി യുവതി ഒഴിഞ്ഞുമാറുകയായിരുന്നു. ഇങ്ങനെ ആറ് തവണ വൈദ്യപരിശോധ നിരസിച്ച യുവതി പകരം സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള എംആർഐ സ്കാനിങ് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. എന്നാൽ യുപിഎസ്സി ഈ സർട്ടിഫിക്കറ്റ് നിരസിച്ചു. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ പൂജ സമർപ്പിച്ച സര്ട്ടിഫിക്കറ്റുകളില് സംശയമുണ്ടെന്നും യുപിഎസ്സി അറിയിച്ചുവെങ്കിലും പിന്നീട് ഈ എംആര്ഐ സർട്ടിഫിക്കറ്റ് സ്വീകരിക്കുകയായിരുന്നു.വ്യാജ മെഡിക്കല് സര്ട്ടിഫിക്കറ്റിന് പിന്നാലെ പൂജ ഖേദ്കര് സമര്പ്പിച്ച ജാതി സര്ട്ടിഫിക്കറ്റും വ്യാജമാണോ എന്ന് സംശയം ഉയരുന്നുണ്ട്.