പട്ടികജാതി-പട്ടികവർഗ വകുപ്പിന്റെ പണം വകമാറ്റി ചിലവഴിച്ചു; കർണാടക സർക്കാരിനെതിരെ ഗുരുതര ആരോപണം

14,730 കോടി രൂപ വകമാറ്റിയെന്നാണ് ആരോപണം

dot image

ബെംഗളൂരു: പട്ടികജാതി-പട്ടികവർഗ ക്ഷേമ പദ്ധതികളിലെ പണം വകമാറ്റി ചിലവഴിച്ചുവെന്ന് കർണാടക സർക്കാരിനെതിരെ ആരോപണം. ദേശീയ പട്ടികജാതി കമ്മീഷൻ ചെയർപേഴ്സൺ കിഷോർ മഖ്വാനയാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

14000 കോടി ഇത്തരത്തിൽ സർക്കാർ വകമാറ്റി ചിലവഴിച്ചുവെന്നാണ് ആരോപണം. തങ്ങൾ പട്ടികജാതി വിഭാഗത്തിന്റെ ഉന്നമനത്തിനായാണ് ഫണ്ടുകൾ നൽകിയതെന്നും എന്നാൽ കർണാടക സർക്കാർ അവയെ മറ്റാവശ്യങ്ങൾക്കായി ചിലവഴിക്കുകയാണെന്നും മഖ്വാന പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാരിന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഏഴ് ദിവസത്തിൽ മറുപടി നൽകാനാവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ പ്രഖ്യാപിച്ചിരുന്ന അഞ്ചിന പ്രഖ്യാപനങ്ങൾ നടപ്പിലാക്കാനായി ഈ ഫണ്ടുകൾ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇത്തരത്തിൽ 14,730 കോടി രൂപ വകമാറ്റിയെന്നാണ് ആരോപണം. കർണാടക ചീഫ് സെക്രട്ടറി ഈ വിഷയത്തിൽ ഫണ്ട് വകമാറ്റിയത് എന്തിനെന്ന കാര്യങ്ങളടക്കം വിശദീകരിച്ചുകൊണ്ട് റിപ്പോർട്ട് സമർപ്പിക്കും. 'എല്ലാം നിയമപരമാണ്' എന്നതാണ് ഈ വിഷയത്തിൽ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ നൽകിയ വിശദീകരണം.

അതേസമയം, പട്ടികവർഗ്ഗ വികസന കോർപ്പറേഷനുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാടിൽ മുൻ മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ ബി നാഗേന്ദ്രയെ ഇ ഡി കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. വാൽമീകി കോർപ്പറേഷൻ അഴിമതിയിലാണ് ഇഡിയുടെ നടപടി. എംഎൽഎയുടെ വീട്ടിൽ രണ്ട് ദിവസമയായി ഇഡി നടത്തിപ്പോരുന്ന തിരച്ചിലിന് ശേഷമായിരുന്നു ഇന്ന് അറസ്റ്റുണ്ടായത്. തനിക്കൊന്നും അറിയില്ലെന്നും എന്നെ അറസ്റ്റ് ചെയ്യുകയാണെന്നും മാത്രമാണ് മുൻ മന്ത്രി പ്രതികരിച്ചത്.

കര്ണാടകയിലെ മഹര്ഷി വാല്മീകി പട്ടിക വര്ഗ്ഗ വികസന കോര്പ്പറേഷനുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാട് നടന്നുവെന്നതാണ് നാഗേന്ദ്രക്കെതിരായ ആരോപണം. കോര്പ്പറേഷനിലെ അക്കൗണ്ട് സൂപ്രണ്ടായിരുന്ന ചന്ദ്രശേഖര് പി ജീവനൊടുക്കിയതോടെയാണ് അഴിമതി പുറത്തുവരുന്നത്. ആത്മഹത്യയ്ക്ക് മുൻപ് അദ്ദേഹം എഴുതിയ കത്തിലാണ് അഴിമതിയുടെ ഒരുപാട് വിവരങ്ങൾ ഉണ്ടായിരുന്നു. വാല്മീകി പട്ടിക വര്ഗ്ഗ വികസന കോർപ്പറേഷന്റെ പദ്ധതികൾക്കായി മാറ്റിവെച്ച പണം ചില ഐടി കമ്പനികളുടെയും ഒരു സഹകരണ ബാങ്കിന്റെയും അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നതാണ് കേസ്.

dot image
To advertise here,contact us
dot image