മണിപ്പൂരിൽ നിന്നൊരു ജഡ്ജി ആദ്യമായി സുപ്രീം കോടതിയിലേക്ക്; ചരിത്രമായി കൊളീജിയം തീരുമാനം

സ്വാതന്ത്ര്യം ലഭിച്ച് 70 വർഷം പിന്നിടുമ്പോൾ ഇതാദ്യമായാണ് മണിപ്പൂരിൽ നിന്ന് ഒരു ജഡ്ജി സുപ്രീം കോടതിയിലേക്കെത്തുന്നത്.

dot image

ഡൽഹി: മണിപ്പൂരിൽ നിന്നുള്ള ജസ്റ്റിസ് എൻ കൊടീശ്വർ സിങ്ങാണ് സുപ്രീം കോടതി ജഡ്ജിയാവും. നിലവിൽ ജമ്മു ആന്റ് കശ്മീർ ആന്റ് ലഡാക്ക് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസാണ്. സുപ്രീം കോടതി കൊളീജിയത്തിന്റേതാണ് തീരുമാനം. സ്വാതന്ത്ര്യം ലഭിച്ച് 70 വർഷം പിന്നിടുമ്പോൾ ഇതാദ്യമായാണ് മണിപ്പൂരിൽ നിന്ന് ഒരു ജഡ്ജി സുപ്രീം കോടതിയിലേക്കെത്തുന്നത്.

മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആർ മാധവനാണ് കൊളീജിയം തിരഞ്ഞെടുത്ത മറ്റൊരു ജഡ്ജി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ കൊളീജിയം സീനിയോറിറ്റി, മെറിറ്റ്, ജുഡീഷ്യൽ സമഗ്രത എന്നിവ പരിഗണിച്ചാണ് സിങ്ങിനെ തിരഞ്ഞെടുത്തത്. സഞ്ജീവ് ഖന്ന, ഭൂഷൻ ആർ ഗവായ്, സൂര്യ കാന്ത്, ഹൃഷികേശ് റോയ് എന്നിവരാണ് കൊളീജിയത്തിലെ മറ്റ് അംഗങ്ങൾ.

34 പേരുണ്ടാകാറുള്ള സുപ്രീം കോടതിയിൽ നിലവിൽ 32 ജഡ്ജിമാരുണ്ട്. രണ്ട് പേർ വിരമിച്ചതോടെയാണ് മറ്റ് രണ്ട് പേരെ നിയമിച്ചത്. ജസ്റ്റിസ് ഹിമ കോഹ്ലി സെപ്റ്റംബറിൽ വിരമിക്കും.

'സിങ്ങിന്റെ നിയമനം സുപ്രീം കോടതിയിൽ വടക്ക് കിഴക്കൻ പ്രദേശത്തിന് ഒരു പ്രതിനിധിയെ നൽകും. സിങ്ങാണ് മണിപ്പൂരിൽ നിന്ന് സുപ്രീം കോടതിയിൽ നിയമിതനാകുന്ന ആദ്യ ജഡ്ജി' എന്നായിരുന്നു സുപ്രീം കോടതി കൊളീജിയത്തിൻ്റെ പ്രതികരണം. ജമ്മു ആന്റ് കശ്മീർ ആന്റ് ലഡാക്ക് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായി 2023 ഫെബ്രുവരിയിലാണ് എൻ കൊടീശ്വർ സിങ് നിയമിതനായത്. ഗുവാഹത്തി ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി 2011 ലാണ് അദ്ദേഹം ജുഡീഷ്യൽ കരിയർ ആരംഭിച്ചത്.

dot image
To advertise here,contact us
dot image