എൻഡിഎയോ ഇൻഡ്യയോ? 13 മണ്ഡലങ്ങളിലെ ഉപതിരഞ്ഞടുപ്പ് ഫലം ഇന്ന്, കോണ്ഗ്രസ് മുന്നിലെന്ന് ആദ്യഫലസൂചന

നേരിയ ഭൂരിപക്ഷത്തിന് കേന്ദ്രത്തിൽ അധികാരത്തിലെത്തിയ എൻഡിഎ സഖ്യമാണോ ശക്തമായ പ്രകടനം കാഴ്ചവച്ച് നില മെച്ചപ്പെടുത്തിയ ഇൻഡ്യ മുന്നണിയാണോ മുന്നിലെത്തുക എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.

dot image

ഡല്ഹി: ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പ് എന്ന നിലയിൽ വളരെ പ്രസക്തമാണ് ഇന്ന് പുറത്തുവരാനിരിക്കുന്ന ഫലം. നേരിയ ഭൂരിപക്ഷത്തിന് കേന്ദ്രത്തിൽ അധികാരത്തിലെത്തിയ എൻഡിഎ സഖ്യമാണോ ശക്തമായ പ്രകടനം കാഴ്ചവച്ച് നില മെച്ചപ്പെടുത്തിയ ഇൻഡ്യ മുന്നണിയാണോ മുന്നിലെത്തുക എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.

ബിഹാർ, പശ്ചിമബംഗാൾ, തമിഴ്നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 13 മണ്ഡലങ്ങളിലാണ് ജൂലൈ 10ന് ഉപതിരഞ്ഞെടുപ്പ് നടന്നത്. പശ്ചിമബംഗാളിലും ഹിമാചൽ പ്രദേശിലും മൂന്നിടത്ത് വീതവും ഉത്തരാഖണ്ഡിൽ രണ്ടിടത്തും പഞ്ചാബ്, ബിഹാർ, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ ഓരോ ഇടത്തുമായിരുന്നു ഉപതിരഞ്ഞെടുപ്പ്. ഇവയിൽ നാല് സംസ്ഥാനങ്ങളിൽ ഇൻഡ്യ സഖ്യകക്ഷികളാണ് ഭരണത്തിലുള്ളത്. മൂന്നിടത്ത് ബിജെപിയോ എൻഡിഎയോ ആണ് അധികാരത്തിലുള്ളത്.

പശ്ചിമബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസാണ് വോട്ടെണ്ണലിൽ മുന്നിൽ നിൽക്കുന്നത്. ഇവിടെ 2021ലെ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമാണ് തൃണമൂൽ വിജയിച്ചത്. മറ്റ് മൂന്നിടത്തും ബിജെപിയായിരുന്നു വിജയിച്ചത്. പിന്നാലെ ഇവിടങ്ങളിലെ ബിജെപി എംഎൽഎമാർ തൃണമൂൽ കോൺഗ്രസിൽ ചേരുകയായിരുന്നു. ഹിമാചൽ പ്രദേശിൽ ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് നിർണായകമാണ്. മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖുവിന്റെ ഭാര്യ കമലേഷ് താക്കൂർ അടക്കം ഇവിടെ സ്ഥാനാർത്ഥികളായിരുന്നു. നിലവിലെ വിവരം അനുസരിച്ച് ഹിമാചലിൽ മൂന്നിടത്തും കോൺഗ്രസ് തന്നെയാണ് ലീഡ് ചെയ്യുന്നത്.

ഉത്തരാഖണ്ഡിൽ മത്സരം നടന്ന മംഗ്ലോർ മണ്ഡലത്തിൽ ത്രികോണ പോരാട്ടമാണ്. ബിഎസ്പി എംഎൽഎ സർവാത് കരീം അൻസാരിയുടെ മരണത്തോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുസ്ലിം, ദളിത് വിഭാഗങ്ങൾക്ക് മേൽക്കൈയ്യുള്ള മണ്ഡലത്തിൽ ഇന്നു വരെ ബിജെപിക്ക് വിജയം കാണാനായിട്ടില്ല. കാലങ്ങളായി കോൺഗ്രസോ ബിഎസ്പിയോ ആണ് ഇവിടെ വിജയിക്കാറുള്ളത്. പഞ്ചാബിലെ ജലന്ധർ വെസ്റ്റ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് എഎപി നേതാവും മുഖ്യമന്ത്രിയുമായ ഭഗവന്ത് മാനെ സംബന്ധിച്ചിടത്തോളം ഒരു ലിറ്റ്മസ് ടെസ്റ്റാണ്. ജെഡിയു എംഎൽഎ ആയിരുന്ന ബീമാ ഭാരതി ആർജെഡി സ്ഥാനാർത്ഥിയായി ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെയാണ് ബിഹാറിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഡിഎംകെ എംഎൽഎ എൻ പുഗഴേന്തിയുടെ മരണത്തോടെയാണ് തമിഴ്നാട്ടിലെ വിക്രവന്തിയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇവിടെ ത്രികോണമത്സരമാണ് നടന്നത്. ഡിഎംകെ, പിഎംകെ, നാം തമിലർ കച്ചി സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. മൂന്നുവട്ടം എംഎൽഎയായ കമലേഷ് ഷാ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതോടെയാണ് മധ്യപ്രദേശിലെ അമർവാര മണ്ഡലത്തിൽ മത്സരം നടന്നത്. ബിജെപി സ്ഥാനാർത്ഥിയായി കമലേഷ് ഷാ തന്നെയാണ് മത്സരിച്ചത്. കോൺഗ്രസും ജിജിപിയുമാണ് ഇവിടെ പ്രധാന എതിരാളികൾ.

പ്രകാശ് ബാബുവിന് വീണ്ടും വെട്ട്; സിപിഐ ദേശീയ സെക്രട്ടേറിയേറ്റിൽകാനത്തിന് പകരം ആനി രാജ
dot image
To advertise here,contact us
dot image