ഡല്ഹി: ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിന് മുന്നേറ്റം. ഹിമാചൽ പ്രദേശിൽ ഡെഹ്റയിൽ മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖുവിന്റെ ഭാര്യയും കോണ്ഗ്രസ് സ്ഥാനാര്ത്ഥിയുമായ കമലേഷ് താക്കൂർ വിജയിച്ചു. പഞ്ചാബിലെ ജലന്ധർ വെസ്റ്റിൽ എഎപി സ്ഥാനാർത്ഥി മോഹിന്ദർ ഭഗവത് വിജയിച്ചു. ഒമ്പതിടത്ത് ഇന്ഡ്യ സഖ്യ സ്ഥാനാര്ത്ഥികള് ലീഡ് ചെയ്യുന്നുമുണ്ട്. രണ്ടിടത്ത് മാത്രമാണ് ബിജെപി മുന്നിലുള്ളത്.
ഹിമാചൽ പ്രദേശിൽ ഇനി രണ്ടിടത്തെ ഫലമാണ് പുറത്തുവരാനുള്ളത്. ഒരിടത്ത് കോൺഗ്രസും ഒരിടത്ത് ബിജെപിയും ലീഡ് ചെയ്യുകയാണ്. പശ്ചിമബംഗാളിൽ ഉപതിരഞ്ഞെടുപ്പ് നടന്ന നാലിടത്തും തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികളാണ് ലീഡ് ചെയ്യുന്നത്. ഉത്തരാഖണ്ഡിൽ രണ്ടിടത്തും എൻഡിഎ സഖ്യം പിന്നിലാണ്.
ബിഹാർ, പശ്ചിമബംഗാൾ, തമിഴ്നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 13 മണ്ഡലങ്ങളിലാണ് ജൂലൈ 10ന് ഉപതിരഞ്ഞെടുപ്പ് നടന്നത്. പശ്ചിമബംഗാളിലും ഹിമാചൽ പ്രദേശിലും മൂന്നിടത്ത് വീതവും ഉത്തരാഖണ്ഡിൽ രണ്ടിടത്തും പഞ്ചാബ്, ബിഹാർ, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ ഓരോ ഇടത്തുമായിരുന്നു ഉപതിരഞ്ഞെടുപ്പ്. ഇവയിൽ നാല് സംസ്ഥാനങ്ങളിൽ ഇൻഡ്യ സഖ്യകക്ഷികളാണ് ഭരണത്തിലുള്ളത്. മൂന്നിടത്ത് ബിജെപിയോ എൻഡിഎയോ ആണ് അധികാരത്തിലുള്ളത്.
പശ്ചിമബംഗാളിൽ 2021ലെ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമാണ് തൃണമൂൽ വിജയിച്ചത്. മറ്റ് മൂന്നിടത്തും ബിജെപിയായിരുന്നു വിജയിച്ചത്. പിന്നാലെ ഇവിടങ്ങളിലെ ബിജെപി എംഎൽഎമാർ തൃണമൂൽ കോൺഗ്രസിൽ ചേരുകയായിരുന്നു. ഉത്തരാഖണ്ഡിൽ മത്സരം നടന്ന മംഗ്ലോർ മണ്ഡലത്തിൽ ത്രികോണ പോരാട്ടമാണ്. ബിഎസ്പി എംഎൽഎ സർവാത് കരീം അൻസാരിയുടെ മരണത്തോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുസ്ലിം, ദളിത് വിഭാഗങ്ങൾക്ക് മേൽക്കൈയ്യുള്ള മണ്ഡലത്തിൽ ഇന്നു വരെ ബിജെപിക്ക് വിജയം കാണാനായിട്ടില്ല. കാലങ്ങളായി കോൺഗ്രസോ ബിഎസ്പിയോ ആണ് ഇവിടെ വിജയിക്കാറുള്ളത്.
ജെഡിയു എംഎൽഎ ആയിരുന്ന ബീമാ ഭാരതി ആർജെഡി സ്ഥാനാർത്ഥിയായി ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെയാണ് ബിഹാറിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഡിഎംകെ എംഎൽഎ എൻ പുഗഴേന്തിയുടെ മരണത്തോടെയാണ് തമിഴ്നാട്ടിലെ വിക്രവന്തിയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇവിടെ ത്രികോണമത്സരമാണ് നടന്നത്. ഡിഎംകെ, പിഎംകെ, നാം തമിലർ കച്ചി സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. മൂന്നുവട്ടം എംഎൽഎയായ കമലേഷ് ഷാ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതോടെയാണ് മധ്യപ്രദേശിലെ അമർവാര മണ്ഡലത്തിൽ മത്സരം നടന്നത്. ബിജെപി സ്ഥാനാർത്ഥിയായി കമലേഷ് ഷാ തന്നെയാണ് മത്സരിച്ചത്. കോൺഗ്രസും ജിജിപിയുമാണ് ഇവിടെ പ്രധാന എതിരാളികൾ.