ന്യൂഡല്ഹി: ഹിമാചല് പ്രദേശില് ഇന്ന് ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോള് മികച്ച വിജയം നേടി കോണ്ഗ്രസ്. മൂന്ന് സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില് രണ്ടെണ്ണത്തിലാണ് കോണ്ഗ്രസ് വിജയിച്ചത്. ഒരു സീറ്റില് ബിജെപി വിജയിച്ചു. തന്റെ സര്ക്കാരിനെ സ്ഥിരപ്പെടുത്താന് മുഖ്യമന്ത്രി സുഖ്വീന്ദര് സിംഗ് സുഖുവിനെ സഹായിക്കുക മാത്രമല്ല ചെയ്യുന്നത്. പാര്ട്ടിയില് സുഖുവിനെ കരുത്തനാക്കുക കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം ചെയ്തിരിക്കുന്നത്.
ദെഹ്റ, നാലഗഢ് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് വിജയം കോണ്ഗ്രസിന് നേരത്തെയുണ്ടായിരുന്ന, 68 അംഗ നിയമസഭയില് 40 അംഗങ്ങള് എന്ന കണക്കിലേക്കെത്തിച്ചിരിക്കുന്നു. ലോക്സഭ തിരഞ്ഞെടുപ്പിനോടൊപ്പം നടന്ന ആറ് നിയോജക മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില് നാല് സീറ്റുകളില് വിജയിച്ചതോടെ സുഖു സര്ക്കാര് കേവല ഭൂരിപക്ഷത്തിന് വേണ്ടിയുള്ള സംഖ്യ നേടിക്കഴിഞ്ഞിരുന്നു.
ആറ് കോണ്ഗ്രസ് എംഎല്എമാരും മൂന്ന് സ്വതന്ത്രരും ബിജെപിയില് ചേര്ന്നതിനെ തുടര്ന്നായിരുന്നു ഒമ്പത് സീറ്റുകളിലേക്ക് രണ്ട് മാസത്തെ ഇടവേളയ്ക്കുള്ളില് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില് ആറ് സീറ്റുകളും നേടാന് കഴിഞ്ഞതോടെയാണ് സുഖു ശക്തനായി മാറിയത്. കോണ്ഗ്രസിനെ പിന്തുണച്ചിരുന്ന മൂന്ന് സ്വതന്ത്രര് രാജിവെച്ച് ബിജെപിയില് ചേര്ന്നതിനെ തുടര്ന്ന് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് പുറത്തുവന്നത്.
പണത്തിന്റെ ശക്തിയെ ഹിമാചലിലെ ജനങ്ങള് പരാജയപ്പെടുത്തിയെന്നും ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് ശക്തമായ മറുപടി കൊടുത്തെന്നും സുഖു പറഞ്ഞു. ദെഹ്റ മണ്ഡലത്തില് മത്സരിച്ച സുഖുവിന്റെ ഭാര്യ കമലേഷ് താക്കൂര് 9,399 വോട്ടുകള്ക്ക് വിജയിക്കുകയും ചെയ്തു.
ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില് കോണ്ഗ്രസിനും ഇന്ഡ്യ സഖ്യത്തിനും നേട്ടമുണ്ടായി. ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടത്തില് എന്ഡിഎയ്ക്കും ബിജെപിക്കും കനത്ത തിരിച്ചടി ലഭിച്ചു. 13ല് 10 സീറ്റുകളിലും ഇന്ഡ്യ സഖ്യ പാര്ട്ടികള് വിജയിച്ചപ്പോള് രണ്ടിടത്ത് മാത്രമാണ് എന്ഡിഎയ്ക്ക് വിജയിക്കാനായത്.
റുപൗലി (ബിഹാര്), റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (പശ്ചിമ ബംഗാള്), വിക്രവണ്ടി (തമിഴ്നാട്), അമര്വാര (മധ്യപ്രദേശ്), ബദരീനാഥ്, മംഗളൂര് (ഉത്തരാഖണ്ഡ്), ജലന്ധര് വെസ്റ്റ് (പഞ്ചാബ്), ഡെഹ്റ, ഹാമിര്പുര്, നലഗഢ് (ഹിമാചല് പ്രദേശ്) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. പശ്ചിമ ബംഗാളില് ഉപതിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും തൃണമൂല് കോണ്ഗ്രസ് വിജയിച്ചു. ഇതില് മൂന്നെണ്ണം ബിജെപിയുടേതും ഒന്ന് തൃണമൂല് കോണ്ഗ്രസിന്റെയും സിറ്റിങ് സീറ്റായിരുന്നു. തമിഴ്നാട് ഉപതിരഞ്ഞെടുപ്പിൽ ഡിഎംകെ തങ്ങളുടെ സിറ്റിങ് സീറ്റ് നിലനിർത്തി. സിറ്റിങ് ഡിഎംകെ എംഎല്എയുടെ പുകഴേന്തിയുടെ നിര്യാണത്തെത്തുടര്ന്നാണ് തമിഴ്നാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്.
മധ്യപ്രദേശിൽ നടന്ന ഒരു സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ കോണ്ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ സിറ്റിങ് എംഎല്എ കമലേഷ് ഷാ വിജയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായിട്ടാണ് കമലേഷ് ഷാ ബിജെപിയിലേക്ക് ചേക്കേറിയത്. കമല്നാഥിന്റെ ശക്തികേന്ദ്രമായ ചിന്ദ്വാരയില് ഉള്പ്പെട്ട മണ്ഡലമാണ് അമര്വാര. ചിന്ദ്വാരയില് ലോക്സഭാ തിരഞ്ഞെടുപ്പില് കമല്നാഥിന്റെ മകന് നകുല്നാഥ് പരാജയപ്പെട്ടിരുന്നു.
ഉത്തരാഖണ്ഡിൽ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടിടത്തും കോൺഗ്രസ് വിജയിച്ചു. കോൺഗ്രസ് സ്ഥാനാര്ഥി ലഖപത് സിങ് ബുട്ടോലയാണ് ബദരീനാഥിൽ വിജയിച്ചത്. കോണ്ഗ്രസ് എംഎല്എ ആയിരുന്ന രാജേന്ദ്ര ഭണ്ഡാരി രാജിവെച്ച് ബിജെപി ടിക്കറ്റില് മത്സരിച്ചിരുന്നു. അദ്ദേഹത്തെയാണ് ലഖപത് പരാജയപ്പെടുത്തിയത്. മംഗളൂരിൽ കോണ്ഗ്രസിന്റെ ഖാസി മുഹമ്മദ് നിസാമുദ്ദീന് വിജയിച്ചു. ബിഎസ്പി സിറ്റിങ് സീറ്റായിരുന്നു ഇത്. ബിഎസ്പി എംഎല്എ സര്വത് കരിം അന്സാരിയുടെ മരണത്തെത്തുടര്ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇത്തവണ ഇവിടെ ബിഎസ്പി മൂന്നാമതായി. ബിജെപിയുടെ കര്തര് സിങ് ഭന്ദാനയാണ് രണ്ടാം സ്ഥാനത്ത്.
പഞ്ചാബിലെ ജലന്ധര് വെസ്റ്റ് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില് ആം ആദ്മി പാര്ട്ടി സ്ഥാനാര്ഥി മൊഹിന്ദര് ഭഗതാണ് വിജയിച്ചത്. അഭിമാന പോരാട്ടമായിരുന്നു മണ്ഡലത്തില് ആം ആദ്മി പാര്ട്ടിക്ക്. ബിജെപിയിലേക്ക് ചേക്കേറിയ സിറ്റിങ് എംഎല്എ ശീതള് അങ്കുറലിനുള്ള മറുപടി കൂടിയായിരുന്നു എഎപിയുടേത്.
ബീഹാറിലെ റുപൗലി മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാര്ഥി ശങ്കര് സിങ്ങാണ് വിജയിച്ചത്. ജെഡിയുവിന്റെ കലാധര് പ്രസാദ് മണ്ഡല് രണ്ടാമതും ആര്ജെഡി സ്ഥാനാര്ഥി ബിമ ഭാരതി മൂന്നാമതുമായി. ജെഡിയുവിന്റെ സിറ്റിങ് സീറ്റില് എംഎല്എ ആയിരുന്ന ബിമ ഭാരതി രാജിവെച്ച് ആര്ജെഡിയില് ചേര്ന്ന് ലോക്സഭയിലേക്ക് മത്സരിച്ചിരുന്നു. ഇതേത്തുടര്ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.