ഹൈദരാബാദ്: ഗ്രേറ്റര് ഹൈദരാബാദ് മുനിസിപ്പല് കൗണ്സിലിലെ നാല് ബിആര്എസ് കൗണ്സിലര്മാര് കൂടി കോണ്ഗ്രസില് ചേര്ന്നു. ഇതോടെ കൗണ്സിലിലെ കോണ്ഗ്രസ് അംഗസംഖ്യ 23 ആയി.
ബിആര്എസ് എംഎല്എ ആര്ക്കെപുഡി ഗാന്ധി കോണ്ഗ്രസില് ചേര്ന്നിരുന്നു. അദ്ദേഹത്തോടൊപ്പമാണ് നാല് കൗണ്സിലര്മാരും കോണ്ഗ്രസിലെത്തിയത്. ബിആര്എസ് വര്ക്കിംഗ് പ്രസിഡന്റ് കെ ടി രാമറാവു ദത്തെടുത്ത ഹൈദര്നഗര് വാര്ഡിലെ കൗണ്സിലര് നര്നെ ശ്രീനിവാസും ബിആര്എസ് വിട്ടവരില് ഉള്പ്പെടുന്നു.
150അംഗ കൗണ്സിലിലെ 146 കൗണ്സിലര്മാരില് ബിആര്എസിന് 43, എഐഎംഐഎം 41, ബിജെപി 39, കോണ്ഗ്രസ് 23 എന്നിങ്ങനെയാണ് അംഗസംഖ്യ. ഗ്രേറ്റര് ഹൈദരാബാദ് മുനിസിപ്പല് പരിധിയില് നിന്നുള്ള ബിആര്എസ് എംഎല്എമാരില് ചിലരും നേരത്തെ കോണ്ഗ്രസില് ചേര്ന്നിരുന്നു.
മേഖലയില് നിന്ന് എത്തിയ എംഎല്എമാരെ ഉപയോഗപ്പെടുത്തി ഗ്രേറ്റര് ഹൈദരാബാദ് മുനിസിപ്പല് പരിധിയില് സ്വാധീനം വര്ധിപ്പിക്കുവാനാണ് കോണ്ഗ്രസ് ശ്രമിക്കുന്നത്. മേഖലയിലെ സെക്കന്തരാബാദ് കന്റോണ്മെന്റ് നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില് കോണ്ഗ്രസ് വിജയിച്ചതിന് ശേഷം മൂന്ന് ബിആര്എസ് എംഎല്എമാരാണ് പാര്ട്ടി വിട്ടെത്തിയത്.
നിയമസഭ തിരഞ്ഞെടുപ്പില് മികച്ച വിജയം കണ്ടെത്താന് കഴിഞ്ഞെങ്കിലും ഗ്രേറ്റര് ഹൈദരാബാദ് മുനിസിപ്പല് മേഖലയിലെ 24 നിയോജക മണ്ഡലങ്ങളില് ഒന്നില് പോലും വിജയിക്കാന് കോണ്ഗ്രസിന് കഴിഞ്ഞിരുന്നില്ല. ഗ്രാമീണ മേഖലയില് നിന്നുള്ള വോട്ടര്മാരാണ് കോണ്ഗ്രസിന് അധികാരം സമ്മാനിച്ചത്. 24ല് 16 സീറ്റുകളില് ബിആര്എസും ഏഴ് സീറ്റുകളിലും വിജയിച്ചു. ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്.
അത് കൊണ്ട് തന്നെ ഗ്രേറ്റര് ഹൈദരാബാദ് മുനിസിപ്പല് മേഖലയില് സ്വാധീനം ഉറപ്പിക്കണമെന്ന തീരുമാനത്തിലാണ് കോണ്ഗ്രസ്. 2018ല് ഗ്രേറ്റര് ഹൈദരാബാദ് മുനിസിപ്പല് മേഖലയിലെ രണ്ട് നിയോജക മണ്ഡലങ്ങളില് കോണ്ഗ്രസ് ജയിച്ചിരുന്നുവെങ്കിലും ഇരുവരും പിന്നീട് ബിആര്എസിലെത്തുകയായിരുന്നു.