അഗർത്തല: ത്രിപുരയിൽ അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ സിപിഐഎം നേതാവ് ബാദൽ ഷിൽ കൊല്ലപ്പെട്ട സംഭവത്തില് പ്രതിഷേധം ശക്തം. ഷില്ലിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് 12 മണിക്കൂർ ബന്ദിന് സിപിഐഎം ആഹ്വാനം ചെയ്തിട്ടുണ്ട്. അടുത്ത മാസം നടക്കാനിരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജില്ലാ പരിഷത്ത് സ്ഥാനാർഥിയായിരുന്നു ബാദൽ ഷിൽ. മത്സരരംഗത്തുണ്ടായിരുന്ന ഷില്ലിനെ കൊലപ്പെടുത്തിയത് ബിജെപി പിന്തുണയുള്ള ഗുണ്ടകളാണെന്നാണ് സിപിഐഎം ഉയര്ത്തുന്ന ആരോപണം.
തെക്കൻ ത്രിപുരയിലെ രാജ്നഗറിൽ വെച്ച് വെള്ളിയാഴ്ചയാണ് ഒരു സംഘമാളുകൾ ഷില്ലിനെ ആക്രമിച്ചതെന്ന് ത്രിപുര ഇടതുമുന്നണി കൺവീനർ നാരായൺ കർ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷിൽ ശനിയാഴ്ച രാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. സംസ്ഥാനത്തെ 606 ഗ്രാമപഞ്ചായത്തുകളിലെ 6370 സീറ്റുകളിലേക്കും 35 പഞ്ചായത്ത് സമിതികളിലെ 423 സീറ്റുകളിലേക്കും എട്ട് ജില്ലാ പരിഷത്ത് ബോഡികളിലെ 116 സീറ്റുകളിലേക്കും ആഗസ്റ്റ് 12-ന് വോട്ടെടുപ്പ് നടക്കും.