ലഖ്നൗ: കൊല്ലപ്പെട്ട ഗുണ്ടാ നേതാവും വിവാദ രാഷ്ട്രീയനേതാവുമായ അതിഖ് അഹമ്മദിന്റെ സ്വത്തുക്കൾ ഇനി ഉത്തർപ്രദേശ് സർക്കാരിന്. പ്രയാഗ്‌രാജിലെ 50 കോടിയോളം രൂപയുടെ സ്വത്താണ് ഉത്തർപ്രദേശ് സർക്കാർ ഏറ്റെടുത്തുത്. കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് അതിഖ്, ഹൂബലാൽ ബിനാമിയുടെ പേരിൽ 2.377 ഹെക്ടർ ഭൂമി സ്വന്തമാക്കിയിരുന്നതായി ജില്ലാ സർക്കാർ അഭിഭാഷകൻ ഗുലാബ് ചന്ദ്ര അഗ്രഹാരി പറഞ്ഞു. ആവശ്യമെങ്കിൽ ഭൂമി സ്വന്തം പേരിലേക്ക് മാറ്റുമെന്നും അതിഖ് അവകാശപ്പെട്ടിരുന്നതായി പിടിഐ റിപ്പോർട്ട് ചെയ്തു. 2023 നവംബറിലാണ് പൊലീസ് ഈ ഭൂമി പിടിച്ചെടുത്തത്.
ഗുണ്ടാ നിയമത്തിലെ സെക്ഷൻ 14 (1) പ്രകാരം പൊലീസ് കമ്മീഷണർ കോടതി സ്വത്ത് കണ്ടുകെട്ടിയതായും മറുപടി നൽകാൻ മൂന്ന് മാസത്തെ സമയം അനുവദിച്ചതായും അഗ്രഹാരി പറഞ്ഞു. എന്നാൽ, ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളൊന്നും നൽകിയിരുന്നില്ല. തുടർന്ന് പൊലീസ് കമ്മീഷണർ കോടതി കേസ് പ്രയാഗ്‌രാജിലെ ഗ്യാങ്സ്റ്റർ കോടതിയിലേക്ക് മാറ്റി. ചൊവ്വാഴ്ച, ജഡ്ജി വിനോദ് കുമാർ ചൗരസ്യ പൊലീസ് കമ്മീഷണറുടെ നടപടി ന്യായവും നീതിയുക്തവുമാണ് എന്ന് അഭിപ്രായപ്പെട്ടു. തുടർന്ന് സ്വത്ത് ഔദ്യോഗികമായി സംസ്ഥാന സർക്കാരിന് കൈമാറുകയായിരുന്നു.
2023 ജൂണിൽ അതിഖ് അഹമ്മദിൽ നിന്ന് പിടിച്ചെടുത്ത ഭൂമിയിൽ യുപി സർക്കാർ 76 ഫ്ലാറ്റുകൾ നിർമ്മിച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് വീടുകളുടെ താക്കോൽദാനം നടത്തിയത്. യുപിയിലെ പ്രയാഗ് രാജിൽ പ്രധാനമന്ത്രി ആവാസ് യോജന (അർബൻ) പദ്ധതി പ്രകാരമാണ് ഫ്ലാറ്റുകൾ നിർമ്മിച്ചത്. പാവപ്പെട്ട കുടുംബങ്ങൾക്കാണ് ഫ്ലാറ്റുകൾ കൈമാറിയത്. നറുക്കെടുപ്പിലൂടെ അർഹരായവരെ കണ്ടെത്തുകയായിരുന്നു. അതിഖ് അഹമ്മദിൽ നിന്ന് കണ്ടുകെട്ടിയ 1731 സ്ക്വയർ മീറ്റർ ഭൂമിയിലാണ് ഫ്ലാറ്റ് നിർമ്മിച്ചത്.
നൂറിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ അതിഖ് അഹമ്മദ് പൊലീസ് കസ്റ്റഡിയിലിരിക്കെ കഴിഞ്ഞ ഏപ്രിലിലാണ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. അതിഖ് അഹമ്മദിനൊപ്പം സഹോദരൻ അഷ്റഫും കൊല്ലപ്പെട്ടിരുന്നു. 2005 ൽ ബിഎസ്പി എംഎൽഎ രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷി ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിലാണ് അതിഖ് അഹമ്മദ് ജയിലിലായത്. ഏപ്രിൽ 15ന് ആശുപത്രിയിൽ പരിശോധനക്ക് കൊണ്ടുവന്നപ്പോൾ മാധ്യമ പ്രവർത്തകരെന്ന വ്യാജേന എത്തിയ രണ്ടുപേർ ഇരുവർക്കുമെതിരെ വെടിയുതിർക്കുകയായിരുന്നു.