അഗ്നിവീർ സൈനികർക്ക് പൊലീസ്, മൈനിംഗ് ഗാർഡ് ജോലികളിൽ 10% സംവരണം; പ്രഖ്യാപനവുമായി ഹരിയാന മുഖ്യമന്ത്രി

പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് കുപ്രചരണങ്ങൾ നടത്തുകയാണെന്ന് മുഖ്യമന്ത്രി

dot image

ചണ്ഡീഗഡ്: അഗ്നിപഥ് പദ്ധതിയെച്ചൊല്ലി കേന്ദ്രവും പ്രതിപക്ഷവും തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കെ, അഗ്നിവീർ സൈനികർക്ക് പൊലീസ്, മൈനിംഗ് ഗാർഡ് ജോലികളിൽ 10 ശതമാനം സംവരണം നീക്കിവച്ചതായി ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെയാണ് തീരുമാനം. പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് കുപ്രചരണങ്ങൾ നടത്തുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇത് നൈപുണ്യമുള്ള യുവാക്കളെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മികച്ച പദ്ധതിയാണെന്നും കൂട്ടിച്ചേർത്തു.

ഗ്രൂപ്പ് സി, ഡി തസ്തികകളിൽ മൂന്ന് വർഷത്തെ പ്രായപരിധിയിൽ ഇളവ് നൽകുമെന്നും സൈനി പറഞ്ഞു. എന്നിരുന്നാലും, അഗ്നിവീറുകളുടെ ആദ്യ ബാച്ചിൽ, ഈ പ്രായപരിധിയിൽ ഇളവ് അഞ്ച് വർഷമായിരിക്കുമെന്നും സൈനി പറഞ്ഞു. ഒരു സ്വകാര്യ കമ്പനി അഗ്നിവീർ സൈനികർക്ക് 30,000 രൂപ ശമ്പളം നൽകിയാൽ ആ കമ്പനിക്ക് സർക്കാർ പ്രതിവർഷം 60,000 രൂപ സബ്‌സിഡി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ കേന്ദ്ര സർക്കാർ ഏജൻസികളും വകുപ്പുകളും മുൻ അഗ്നിവീർ സൈനികരെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിഷയം ആയുധമാക്കാനായിരുന്നു കോണ്‍ഗ്രസിന്‍റെ നീക്കം. അത്തരമൊരു സാഹചര്യത്തിലാണ് ഹരിയാനയില്‍ ബിജെപിയുടെ പുതിയ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് അഗ്നിപഥ് പദ്ധതി പ്രചാരണായുധമാക്കിയിരുന്നു. പതിനേഴര വയസ്​ ആയ കുട്ടികളെ നാലു വർഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്ന അഗ്നിപഥ് പദ്ധതി 2022-ലാണ് ആരംഭിച്ചത്. ഈ റിക്രൂട്ട്‌മെൻ്റിൽ 25 ശതമാനം പേരെ 15 വർഷത്തേക്ക് കൂടി നിലനിർത്താനും വ്യവസ്ഥയുണ്ട്. ബാക്കിയുള്ളവർക്ക് അവരുടെ സേവനം അവസാനിക്കുമ്പോൾ സാമ്പത്തിക പാക്കേജ് നൽകും. പദ്ധതി പ്രകാരം റിക്രൂട്ട് ചെയ്യുന്നവരെയാണ് അഗ്നിവീർ എന്ന് വിളിക്കുന്നത്.

dot image
To advertise here,contact us
dot image