കര്‍ണാടകയില്‍ തദ്ദേശീയര്‍ക്ക് സ്വകാര്യമേഖലയില്‍ 100 ശതമാനം വരെ സംവരണം; ബില്ലിന് അംഗീകാരം

ജനങ്ങളുടെ ക്ഷേമത്തിനാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

dot image

ബംഗളൂരു: കര്‍ണാടകയില്‍ സ്വകാര്യമേഖലയില്‍ ഇനി തദ്ദേശീയര്‍ക്ക് 100 ശതമാനം വരെ സംവരണം. ഇതിനായുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. കര്‍ണാടക സ്റ്റേറ്റ് എംപ്ലോയ്മെന്റ് ഓഫ് ലോക്കല്‍ കാന്‍ഡിഡേറ്റ്സ് ഇന്‍ ദ ഇന്‍ഡസ്ട്രീസ്, ഫാക്ടറീസ്, ആന്‍ഡ് അദര്‍ എസ്റ്റാബ്ലിഷ്മെന്റ് ബില്‍ -2024 എന്നപേരില്‍ രൂപം നല്‍കിയ ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. സ്വകാര്യ മേഖലയില്‍ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി പോസ്റ്റുകളിലായിരിക്കും സംവരണമെന്ന് ബില്ലില്‍ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ ക്ഷേമത്തിനാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ എക്‌സില്‍ കുറിച്ചു. ജനങ്ങള്‍ക്ക് കര്‍ണാടകയില്‍ ജോലി നല്‍കി സ്വന്തം നാട്ടില്‍ തന്നെ ജീവിക്കാന്‍ അവസരം നല്‍കാനാണ് തന്റെ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.

സംസ്ഥാനത്തെ വ്യവസായ മേഖലയില്‍ തദ്ദേശീയര്‍ക്ക് 75 ശതമാനം വരെ നിയമനങ്ങള്‍ സംവരണം ചെയ്യാന്‍ ലക്ഷ്യമിടുന്ന ബില്ലിനും സഭ അംഗീകാരംനല്‍കി. കര്‍ണാടകത്തില്‍ ജനിച്ചുവളര്‍ന്നവര്‍ക്കൊപ്പം 15 വര്‍ഷമായി കര്‍ണാടകത്തില്‍ സ്ഥിരതാമസമാക്കിയവരും കന്നഡ എഴുതാനും വായിക്കാനും പറയാനും അറിയുന്നവരുമായവര്‍ക്ക് സംവരണം നല്‍കാനാണ് ബില്ലിലെ വ്യവസ്ഥ. വ്യവസായ സ്ഥാപനങ്ങളിലും ഫാക്ടറികളിലും മറ്റുസ്ഥാപനങ്ങളിലും മാനേജ്മെന്റ് തസ്തികകളില്‍ 50 ശതമാനവും മാനേജ്മെന്റ് ഇതരതസ്തികകളില്‍ 75 ശതമാനവും തദ്ദേശീയര്‍ക്ക് സംവരണം ചെയ്യാനാണ് ബില്‍ വ്യവസ്ഥചെയ്യുന്നത്. ബില്‍, നടപ്പു നിയമസഭാസമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും.

കന്നഡഭാഷ ഒരു വിഷയമായി പഠിച്ച് പത്താം ക്ലാസ് പരീക്ഷ പാസായവര്‍ക്കാണ് ജോലിക്ക് അര്‍ഹത. അല്ലെങ്കില്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്ന നോഡല്‍ ഏജന്‍സി നടത്തുന്ന കന്നഡ നൈപുണ്യ പരീക്ഷ പാസാകണം. അപേക്ഷകരായി വേണ്ടത്ര തദ്ദേശീയരെത്തിയില്ലെങ്കില്‍ നിയമത്തില്‍ ഇളവുവരുത്താന്‍ സ്ഥാപനം സര്‍ക്കാരിന് അപേക്ഷ നല്‍കണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഇത്തരം അപേക്ഷയില്‍ അന്വേഷണം നടത്തിയശേഷം സര്‍ക്കാര്‍ ആവശ്യമായ ഉത്തരവു നല്‍കും. അതേസമയം, തദ്ദേശീയരായ അപേക്ഷകര്‍ മാനേജ്മെന്റ് തസ്തികകളില്‍ 25ലും മാനേജ്മെന്റ് ഇതരതസ്തികകളില്‍ 50 ശതമാനത്തിലും കുറയാന്‍പാടില്ലെന്നും ബില്‍ വ്യവസ്ഥചെയ്യുന്നു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 10,000 രൂപമുതല്‍ 25,000 രൂപവരെ പിഴയിടുമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us