ബെംഗളൂരു: കര്‍ണാടകയില്‍ സ്വകാര്യമേഖലയിൽ തദ്ദേശീയർക്ക് 100 ശതമാനം വരെ സംവരണം നൽകിക്കൊണ്ട് മന്ത്രിസഭ അംഗീകാരം നൽകിയ ബില്ല് മരവിപ്പിച്ചു. ഐടി മേഖലയിൽ നിന്നുൾപ്പടെ പ്രതിഷേധങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ബില്ല് താൽകാലികമായി മരവിപ്പിച്ചത്. വ്യവസായ മേഖലയുമായി ആലോചിച്ച് പരിശോധനകൾ നടത്തിയ ശേഷമാകും വിഷയത്തിൽ തീരുമാനമെടുക്കുക.
സർക്കാർ ബില്ല് മരവിപ്പിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് എക്സിലൂടെ അറിയിച്ചത്. അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം ഗൗരവമായി ചർച്ചചെയ്യാനാണ് തീരുമാനം. കര്‍ണാടകയില്‍ സ്വകാര്യമേഖലയില്‍ ഇനി തദ്ദേശീയര്‍ക്ക് 100 ശതമാനം വരെ സംവരണം നൽകുന്ന ബില്ലിനാണ് മന്ത്രിസഭ ആദ്യം അംഗീകാരം നല്‍കിയത്.
The draft bill intended to provide reservations for Kannadigas in private sector companies, industries, and enterprises is still in the preparation stage.
— Siddaramaiah (@siddaramaiah) July 17, 2024
A comprehensive discussion will be held in the next cabinet meeting to make a final decision.
സംസ്ഥാനത്തെ വ്യവസായ മേഖലയില്‍ തദ്ദേശീയര്‍ക്ക് 75 ശതമാനം വരെ നിയമനങ്ങള്‍ സംവരണം ചെയ്യാന്‍ ലക്ഷ്യമിടുന്നതായിരുന്നു ബില്ല്. കര്‍ണാടകത്തില്‍ ജനിച്ചുവളര്‍ന്നവര്‍ക്കൊപ്പം 15 വര്‍ഷമായി കര്‍ണാടകത്തില്‍ സ്ഥിരതാമസമാക്കിയവരും കന്നഡ എഴുതാനും വായിക്കാനും പറയാനും അറിയുന്നവരുമായവര്‍ക്ക് സംവരണം നല്‍കാനായിരുന്നു ബില്ലിലെ വ്യവസ്ഥ.
വ്യവസായ സ്ഥാപനങ്ങളിലും ഫാക്ടറികളിലും മറ്റുസ്ഥാപനങ്ങളിലും മാനേജ്മെന്റ് തസ്തികകളില്‍ 50 ശതമാനവും മാനേജ്മെന്റ് ഇതരതസ്തികകളില്‍ 75 ശതമാനവും തദ്ദേശീയര്‍ക്ക് സംവരണം ചെയ്യാനാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. ഇതിനെതിരെ പല കോണുകളിൽ നിന്ന് വിവാദങ്ങളുയരുകയായിരുന്നു. പിന്നാലെ ബില്ല് അനുമതി നല്‍കിയെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ എക്സ് പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ജനിച്ച സ്ഥലം പരിഗണിച്ച് ഇത്തരം സംവരണം ഏർപ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്ന നിയമോപദേശം സർക്കാരിന് ലഭിച്ചെന്നാണ് വിവരം.