ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ബിജെപിയിലെ തര്‍ക്കത്തെ പരിഹസിച്ച സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപിക്ക് ശക്തമായ സംഘടനയും സർക്കാരുമുണ്ടെന്ന് കെ പി മൗര്യ പ്രതികരിച്ചു. യുപിയിൽ സമാജ്‌വാദി പാർട്ടിയുടെ ഗുണ്ടായിസത്തിൻ്റെ തിരിച്ചുവരവ് അസാധ്യമാണെന്നും അഖിലേഷ് യാദവിൻ്റെ പാർട്ടിയെ പരിഹസിച്ച് മൗര്യ പറഞ്ഞു. സമാജ്‌വാദി പാർട്ടിയുടെ പിഡിഎ ഒരു "വഞ്ചന"യാണെന്നും കേശവ് മൗര്യ കൂട്ടിച്ചേർത്തു. 2027ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 2017 ആവർത്തിക്കുമെന്നും കേശവ് മൗര്യ പറഞ്ഞു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥും കെപി മൗര്യയും തമ്മിലുള്ള ‘കസേരയ്ക്കുവേണ്ടിയുള്ള പോരാട്ടത്തിൽ’ പൊതുജനങ്ങൾ ദുരിതമനുഭവിക്കുകയാണെന്നായിരുന്നു അഖിലേഷ് യാദവിന്‍റെ ആരോപണം. ബിജെപിയിലെ ആഭ്യന്തര രാഷ്ട്രീയം ഉത്തർപ്രദേശിലെ ഭരണത്തെ ബാധിക്കുന്നുവെന്നും അഖിലേഷ് എക്സില്‍ കുറിച്ചിരുന്നു.
കേശവ് മൗര്യയും ബിജെപി അധ്യക്ഷൻ ജെപി നദ്ദയും തമ്മിൽ ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു അഖിലേഷ് യാദവിൻ്റെ പരാമർശം. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി മൗര്യയുടെ അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമായിരുന്നു.