മുംബൈ: എയർ ഇന്ത്യ വിമാനത്താവളത്തിൽ ലോഡർമാരായുളള ജോലിക്ക് ഉദ്യോഗാർഥികളുടെ തിക്കും തിരക്കും. ആകെ 2200 ഒഴിവുകളിലേക്ക് മാത്രമായി അഭിമുഖത്തിനെത്തിയത് 25000ത്തോളം ഉദ്യോഗാർത്ഥികളാണ്.
മുംബൈ വിമാനത്താവളത്തിൽവെച്ചായിരുന്നു ലോഡർമാർക്കായുള്ള അഭിമുഖം നടന്നത്. ഇതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 25000ത്തോളം ഉദ്യോഗാർത്ഥികളാണ് എത്തിയത്. ഇതോടെ എയർപോർട്ട് പരിസരത്ത് ആകെ തിക്കും തിരക്കുമായി. ഇടയ്ക്ക് ഉന്തും തള്ളുമുണ്ടാകുകയും പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. അധികൃതർക്കും നിയന്ത്രിക്കാനാകാത്ത നിലയിൽ തിരക്ക് വർധിച്ചതോടെ അപ്ലിക്കേഷനുകൾ വാങ്ങിവെച്ച ശേഷം ഉദ്യോഗാർത്ഥികളെ പറഞ്ഞുവിടുകയായിരുന്നു.
എയർപ്പോർട്ടിലെത്തുന്ന ഫ്‌ളൈറ്റുകളിലെ ബാഗുകളും മറ്റും കൈകാര്യം ചെയ്യുന്ന ജോലിക്കായാണ് ഇത്രയും തിക്കും തിരക്കുമുണ്ടായത്. ഒരു വിമാനം കൈകാര്യം ചെയ്യാൻ ഇത്തരത്തിൽ അഞ്ച് പേരാണ് വേണ്ടത്. 20000 മുതൽ 25000 രൂപ വരെയാണ് ശമ്പളം. ഈ ജോലിക്കായി മുന്നൂറും നാന്നൂറും കിലോമീറ്ററുകൾക്കപ്പുറം നിന്നുവരെയാണ് ഉദ്യോഗാർത്ഥികളെത്തിയത്.