ന്യൂഡൽഹി: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി രണ്ടുപേർ മരിച്ച സംഭവത്തില്‍ നിർണായക വിവരങ്ങൾ പുറത്ത്. വലിയ സ്‌ഫോടനം കേട്ടതായി ചണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്‌പ്രസിൻ്റെ ലോക്കോ പൈലറ്റിൻ്റെ വെളിപ്പെടുത്തൽ. ഗോണ്ടയില്‍ വെച്ച് ദിബ്രുഗഢ് എക്‌സ്പ്രസിന്റെ (15904) 23 കോച്ചുകളിൽ 21 എണ്ണമാണ് പാളം തെറ്റിയത്. അതിൽ അഞ്ച് എസി കോച്ചുകളും ഒരു ജനറൽ കമ്പാർട്ട്‌മെൻ്റും പാന്‍ട്രിയും ഉൾപ്പെടുന്നു. അപകടത്തില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും 25-ലധികം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. മെഡിക്കൽ, എമർജൻസി ടീമുകൾ സംഭവ സ്ഥലത്തുണ്ട്. പുറത്തുവന്ന ദൃശ്യങ്ങളിൽ യാത്രക്കാർ നിസ്സഹായരായി നിൽക്കുന്നതും കാണാം.
ജുലാഹി റെയിൽവേ സ്റ്റേഷന് ഏതാനും കിലോമീറ്ററുകൾക്ക് മുമ്പായിരുന്നു സംഭവം. സംഭവത്തിൽ സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം നൽകാനാണ് നിർദ്ദേശം. കതിഹാർ-അമൃത്‌സർ എക്‌സ്‌പ്രസ്, ഗുവാഹത്തി-ശ്രീമാതാ വൈഷ്‌ണോദേവി കത്ര എക്‌സ്‌പ്രസ് എന്നിവയുൾപ്പെടെ ഈ റൂട്ടിലെ മറ്റ് ട്രെയിനുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്‌തതായി നോർത്ത് ഈസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ പങ്കജ് സിംഗ് പറഞ്ഞു.