മഹാരാഷ്ട്രീയങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന മഹാരാഷ്ട്രയിലും എന്‍ഡിഎ സഖ്യത്തിന്റെ കപ്പല്‍ ആടിയുലയുകയാണ്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിലെ അസ്വാരസ്യങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് മഹാരാഷ്ട്രയില്‍ മഹായൂതിയിലെ പ്രതിസന്ധിയും മറനീക്കി പുറത്തേക്ക് വരുന്നത്. അജിത് പവാര്‍ പക്ഷേ എന്‍സിപിയുമായുള്ള ബിജെപി കൂട്ടുകെട്ടിനെതിരെ ആര്‍എസ്എസ് ബന്ധമുള്ള മറാത്തി ആഴ്ച്ചപ്പതിപ്പ് 'വിവേക്' രംഗത്തെത്തിയതാണ് സഖ്യത്തിലെ മുറുമുറുപ്പിന് കാരണം.
എന്‍സിപിയുമായുള്ള സഖ്യത്തോടെ മഹാരാഷ്ട്രയിലെ വോട്ടര്‍മാരുടെ വികാരം ബിജെപിക്കെതിരെ തിരിഞ്ഞെന്നും ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചെന്നുമാണ് വിവേകില്‍ പറയുന്നത്. പാര്‍ട്ടി സംഘ് അനുഭാവമുള്ള 200 ഓളം പേരുമായി നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ലേഖനത്തില്‍ അജിത് പവാറുമായുള്ള കൂട്ടുകെട്ട് ഭാവിയിലും ദോഷം ചെയ്യുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. 48 ലോക്‌സഭാ സീറ്റുള്ള മഹാരാഷ്ട്രയില്‍ ഇത്തവണ മഹായൂതി സഖ്യം നേരിട്ട തിരിച്ചടിക്ക് ഇതും പ്രധാനകാരണമായെന്നും കുറ്റപ്പെടുത്തുന്നു.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറെ-ശരദ് പവാര്‍-കോണ്‍ഗ്രസ് കൂട്ടുകെട്ടിലുള്ള മഹാവിഘാസ് അഘാഡി സഖ്യം 30 സീറ്റ് നേടിയപ്പോള്‍ ബിജെപി വിജയിച്ചത് വെറും 9 സീറ്റില്‍ മാത്രമായിരുന്നു. ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേന ഏഴ് സീറ്റിലും അജിത് പവാറിന്റെ എന്‍സിപി ഒരു സീറ്റിലും വിജയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന മഹാരാഷ്ട്രയില്‍ ഇന്‍ഡ്യ സഖ്യത്തിന് ഊര്‍ജ്ജം പകരുന്നതായിരുന്നു ഫലം. നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യമായി മത്സരിക്കുമെന്ന് ഇതിനകം മഹാവിഘാസ് അഘാഡി പ്രഖ്യാപിച്ചുകഴിഞ്ഞു. അതായത് തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് അവര്‍ കടന്നെന്ന് സാരം. സീറ്റ് ചര്‍ച്ചകള്‍ ഉള്‍പ്പെടെ സഖ്യത്തിന് മുന്നില്‍ വലിയ കടമ്പകള്‍ ബാക്കിയുണ്ടെങ്കിലും തങ്ങള്‍ക്കിടയില്‍ വല്ല്യേട്ടന്‍ ഇല്ലെന്ന് പ്രഖ്യാപിക്കുന്നതിലൂടെ ജനങ്ങള്‍ക്ക് മുമ്പില്‍ ശക്തിയുള്ള സഖ്യമാണ് തങ്ങളെന്ന പ്രതീതി ഉണ്ടാക്കുക കൂടിയാണ് സഖ്യം ചെയ്തത്.
അജിത് പവാറിനോടും എന്‍സിപിയോടുമുള്ള അയിത്തം ആദ്യമായല്ല ആര്‍എസ്എസ് പ്രകടിപ്പിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ രംഗത്തെത്തിയിരുന്നു. എന്‍സിപി കൂട്ടുകെട്ടിനെ 'രാഷ്ട്രീയ മണ്ടത്തരം' എന്നായിരുന്നു ഓര്‍ഗനൈസറിലൂടെ ആര്‍എസ്എസ് സൈദ്ധാന്തികന്‍ രത്തന്‍ ഷാര്‍ദ വിമര്‍ശിച്ചത്. എന്‍സിപിയെ എന്‍ഡിഎയിലേക്ക് ചേര്‍ത്തത് ബിജെപിയുടെ ബ്രാന്‍ഡ് മൂല്യം തകര്‍ത്തെന്നും കടന്നാക്രമിക്കുകയുണ്ടായി. അന്ന് അഭിപ്രായം വ്യക്തിപരമെന്ന് പറഞ്ഞ് ബിജെപി ലഘൂകരിക്കാന്‍ നോക്കിയെങ്കില്‍ ഇന്ന് ആര്‍എസ്എസ് വീണ്ടും നിലപാട് വ്യക്തമാക്കുമ്പോള്‍ അത് ഏക്‌നാഥ് ഷിന്‍ഡെയ്ക്കും ബിജെപിക്കുമുള്ള മുന്നറിയിപ്പാണ് പ്രത്യേകിച്ചും നിയമസഭാ തിരഞ്ഞെടുപ്പ് വാതില്‍ക്കലെത്തി നില്‍ക്കെ.
അജിത് പവാര്‍ പക്ഷത്തെ തള്ളുന്ന വിവേകിലെ റിപ്പോര്‍ട്ട് പക്ഷേ പ്രത്യയശാസ്ത്രപരമായി ബിജെപിയോട് അടുത്തുനില്‍ക്കുന്ന ശിവസേനയുമായുളള കൈകോര്‍ക്കലിനെ സ്വാഭാവികമെന്നാണ് വിലയിരുത്തുന്നതെന്നും ശ്രദ്ധേയമാണ്. ബിജെപി സഖ്യത്തിലേക്കുള്ള അജിത് പവാറിന്റെ പ്രവേശനത്തില്‍ തുടക്കം മുതല്‍ മുറുമുറുപ്പിലായിരുന്ന ഷിന്‍ഡെയ്ക്ക് ആശ്വാസമാണിത്. വിവേക് റിപ്പോര്‍ട്ട് ബിജെപിയെ പരുങ്ങലിലാക്കുമ്പോള്‍ ആയുധമാക്കുകയാണ് ഇന്‍ഡ്യ സഖ്യം. മഹായൂതി സഖ്യം അജിത് പവാറിനെ അകറ്റുന്നതിന്റെ ആദ്യലക്ഷണമാണ് വിവേകിലൂടെ പുറത്തുവന്നതെന്നും അജിത് പവാറിന് സഖ്യം വിടാനുള്ള സമയമായെന്ന് പറയാതെ പറയുകയാണെന്നുമാണ് എന്‍സിപി ശരദ് പവാര്‍ വിഭാഗം പ്രതികരിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ പുറത്ത് വന്ന തിരഞ്ഞെടുപ്പ് ഫലങ്ങളും മഹായുതി സഖ്യത്തിന് ശുഭസൂചനയായിരുന്നില്ല. സിറ്റിങ്ങ് സീറ്റുകളില്‍ പലതിലും പിന്നിലായിരുന്നു മഹായുതി സഖ്യം. എന്നിരുന്നാലും ലോക്‌സഭാ തിരഞ്ഞെടുപ്പ് തിരിച്ചടിയിലും വിലക്കയറ്റത്തിലും പകച്ചുനില്‍ക്കുന്ന ബിജെപിക്ക് മുന്നിലേക്കാണ് വിവേകിന്റെ റിപ്പോര്‍ട്ട് കൂടിയെത്തുന്നത്. അജിത് പക്ഷ എന്‍സിപി സഖ്യത്തെ തള്ളുമോ കൊള്ളുമോ ബിജെപിയെന്നതാണ് ശ്രദ്ധേയം. അതിന്‌ശേഷമുള്ള ആര്‍എസ്എസ് നിലപാടും നിര്‍ണായകമായിരിക്കും.