ബില്‍ക്കിസ് ബാനു കേസ്: പ്രതികളുടെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

കുറ്റവാളികളുടെ ഹര്‍ജി എങ്ങനെ നിലനില്‍ക്കുമെന്ന് സുപ്രീം കോടതി ചോദിച്ചു

dot image

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളുടെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. 2002ലെ ഗുജറാത്ത് കലാപ സമയത്ത് ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളായ രാധേശ്യാം ഭഗവന്‍ദാസ്. രാജുഭായ് ബാബുലാല്‍ എന്നിവരുടെ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. പുതിയ റിമിഷന്‍ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി വരുന്നത് വരെയായിരുന്നു ഭഗവാന്‍ദാസും ബാബുലാലും താല്‍ക്കാലിക ജാമ്യം തേടിയത്. കുറ്റവാളികളുടെ ഹര്‍ജി എങ്ങനെ നിലനില്‍ക്കുമെന്ന് സുപ്രീം കോടതി ചോദിച്ചു. വിമര്‍ശനത്തെ തുടര്‍ന്ന് ഹര്‍ജി അഭിഭാഷകന്‍ പിന്‍വലിച്ചു. ജനുവരി എട്ടിനാണ് ബില്‍കിസ് ബാനു കേസില്‍ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയ ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി സുപ്രിംകോടതി റദ്ദാക്കിയത്. 2022ലെ സ്വാതന്ത്ര്യദിനത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ ഇവരെ ജയില്‍ മോചിതരാക്കിയിരുന്നു.

ജനുവരിയിലെ വിധി ഭരണഘടനാ ബെഞ്ചിന്റെ 2002ലെ ഉത്തരവിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ മാര്‍ച്ചില്‍ ഭഗവാന്‍ദാസും ബാബുലാലും കോടതിയെ സമീപിച്ചത്. ഗുജറാത്ത് സര്‍ക്കാര്‍ തങ്ങള്‍ക്ക് അനുവദിച്ച ഇളവ് റദ്ദാക്കിയ വിഷയം വിശാല ബെഞ്ചിന് വിടണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ കേസിലെ പ്രതികളെ വെറുതെ വിട്ട ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് കേസിലെ പ്രതികളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടത്. കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു സുപ്രീം കോടതി വിധി. മഹാരാഷ്ട്ര സര്‍ക്കാരിന്റെ അധികാരത്തിലേക്ക് ഗുജറാത്ത് സര്‍ക്കാര്‍ കടന്നുകയറി. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കുറ്റവാളികള്‍ ഗുജറാത്ത് സര്‍ക്കാരിനെ സമീപിക്കാനുള്ള അനുകൂല ഉത്തരവ് നേടിയതെന്നും കോടതി നിരീക്ഷിച്ചിരുന്നു. സാമൂഹ്യാവസ്ഥ എത്ര പിന്നാക്കമായാലും ഏത് വിശ്വാസം പിന്തുടര്‍ന്നാലും സ്ത്രീ ബഹുമാനം അർഹിക്കുന്നു. ശിക്ഷാവിധിയിൽ ഇളവ് നൽകാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് സംശയരഹിതമായി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഗുജറാത്ത് സർക്കാരിന് പ്രതികളുടെ ശിക്ഷയിൽ ഇളവ് നൽകി ഉത്തരവ് പാസ്സാക്കാൻ അധികാരമില്ലെന്നതാണ് കോടതിയുടെ പ്രധാന നിരീക്ഷണം. വിചാരണ നടന്ന കോടതിയുടെ അഭിപ്രായം ആരാഞ്ഞ് വിചാരണ നടന്ന സംസ്ഥാനത്തിനാണ് ശിക്ഷാ ഇളവ് നൽകാൻ അധികാരമുള്ളത്. കുറ്റവാളികളെ തടവിലാക്കിയ സ്ഥലമോ സംഭവസ്ഥലമോ ഇളവിന് പ്രസക്തമല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

2022 മെയ് മാസത്തിൽ കോടതിയെ വഞ്ചിച്ച് സുപ്രീം കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ച കുറ്റവാളികളിലൊരാളായ രാധേശ്യാമിനെ കോടതി കടുത്ത ഭാഷയില്‍ വിമർശിച്ചിരുന്നു. 2022 മെയ് മാസത്തെ വിധി വഞ്ചനയിലൂടെ നേടിയതാണെന്നും അതിനാൽ നിയമപരമായി നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.

ശിക്ഷാ ഇളവ് നൽകാൻ മഹാരാഷ്ട്ര സർക്കാരിന് അവകാശമുണ്ടെന്ന് പറഞ്ഞ സുപ്രീം കോടതി ഗുജറാത്ത് ഹൈക്കോടതി ഹർജി തള്ളിയതിന് ശേഷമാണ് മൂന്നാം പ്രതി സുപ്രീം കോടതിയെ സമീപിക്കുന്നതെന്നും ചൂണ്ടിക്കാണിച്ചു. പ്രതികള്‍ സുപ്രീം കോടതിയില്‍ വസ്തുതകള്‍ വെളിപ്പെടുത്തിയില്ല. ഗുജറാത്ത് സര്‍ക്കാരിനെ സമീപിക്കാനുള്ള 2022 മെയ് മാസത്തെ വിധി വസ്തുതകള്‍ പരിഗണിക്കാതെയാണ്. ഇത് 9 അംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് വിരുദ്ധം. കുറ്റവാളികള്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും അതിനാൽ 2022 മെയ് മാസത്തെ വിധി നിലനിൽക്കില്ലെന്നായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഈ വിധി ചോദ്യം ചെയ്താണ് പ്രതികള്‍ കോടതിയെ സമീപിച്ചിരുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us