ഭുവനേശ്വര്‍: ഒഡീഷയില്‍ നിഴല്‍ മന്ത്രിസഭ ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിജു ജനതാദള്‍. 50 പാര്‍ട്ടി എംഎല്‍എമാര്‍ക്കാണ് നവീന്‍ പട്‌നായിക്ക് നിഴല്‍ മന്ത്രിസഭയുടെ ചുമതല നല്‍കിയിരിക്കുന്നത്. ഭരണപരമായ അനുഭവ സമ്പത്ത് താരതമ്യേന കുറഞ്ഞ മോഹന്‍ മാഞ്ചിയുടെ നേതൃത്വത്തിലാണ് ഒഡീഷയിലെ ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയിരിക്കുന്നത്. മാഞ്ചി മന്ത്രിസഭയെ സമ്മര്‍ദ്ദത്തിലാക്കാന്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ബിജെഡിയുടെ നിഴല്‍മന്ത്രിസഭയുടെ ദൗത്യം. ആദ്യമായാണ് ഒരു പാര്‍ട്ടി സംസ്ഥാനതലത്തില്‍ ഒരു നിഴല്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ഔദ്യോഗികമായി നടപടി സ്വീകരിക്കുന്നത്. പാര്‍ട്ടി ഇത് സംബന്ധിച്ച് വാര്‍ത്താക്കുറിപ്പ് ഔദ്യോഗികമായി പുറത്തിറക്കിയിട്ടുണ്ട്.
മുന്‍ ധനമന്ത്രി പ്രസന്ന ആചാര്യയ്ക്കാണ് ധനവകുപ്പ് നിരീക്ഷിക്കാനുള്ള ചുമതല നിശ്ചയിച്ചിരിക്കുന്നത്. പൊതുഭരണവും പൊതുജന പരാതികളും പരിഗണിക്കുന്ന വകുപ്പിന് പ്രതാപ് ദേബ് മേല്‍നോട്ടം വഹിക്കും. മുന്‍ മന്ത്രി നിരഞ്ജന്‍ പൂജാരിയ്ക്ക് ആഭ്യന്തര, ഭക്ഷ്യ, ഉപഭോക്തൃ ക്ഷേമ വകുപ്പുകളുടെ നിരീക്ഷണ ചുമതലയാണുള്ളത്. ഒഡീഷ നിയമസഭയുടെ ബജറ്റ് സമ്മേളനം ജൂലൈ 22ന് ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ചുമതലപ്പെടുത്തപ്പെട്ട അതാത് വകുപ്പുകളുടെ തീരുമാനങ്ങളും നയങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നിഴല്‍ മന്ത്രിമാര്‍ക്ക് ഉത്തരവാദിത്തമുണ്ട്. ബിജെപി മന്ത്രിസഭയെ നിരീക്ഷിക്കുന്നതിനൊപ്പം അതത് വകുപ്പുകളില്‍ നൈപുണ്യം നേടാനും പുതിയ തീരുമാനം ബിജെഡി ജനപ്രതിനിധികളെ പര്യാപ്തരാക്കും.
ഭാവിയില്‍ അധികാരത്തിലെത്തിയാല്‍ ഇത് ബിജെഡിയെ സംബന്ധിച്ച് ഭരണപരമായ മുതല്‍ക്കൂട്ടായി മാറുകയും ചെയ്യും. നിയമസഭയില്‍ സര്‍ക്കാരിനെതിരായി കൃത്യതയോടെ നിലപാട് സ്വീകരിക്കാനും ഇത് ബിജെഡി എംഎല്‍എമാരെ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിയമസഭയില്‍ മുദ്രാവാക്യങ്ങളും ബഹളങ്ങളും ഉണ്ടാക്കുന്നതിന് പകരം ഏതൊരു മന്ത്രിയെയും അവരുടെ വകുപ്പുകളിലെ വിഷയങ്ങളെയും വിഷയം അവഗാഹത്തില്‍ പഠിച്ച് നേരിടാന്‍ ബിജെഡി എംഎല്‍എമാര്‍ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ നീക്കം ബിജെഡി നേതാവ് നവീന്‍ പട്‌നായിക്കിന്റെ രാഷ്ട്രീയ തന്ത്രജ്ഞതയും ദീര്‍ഘവീക്ഷണവും പ്രതിഫലിപ്പിക്കുന്നതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഷാഡോ മന്ത്രിസഭയുടെ സാധ്യത ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുന്നത് ബ്രിട്ടനിലെ പ്രതിപക്ഷമാണ്. യുകെയിലെ നിഴല്‍മന്ത്രിസഭയില്‍ മുതിര്‍ന്ന അംഗങ്ങളെയാണ് പൊതുവെ നിയോഗിക്കാറുള്ളത്. യഥാര്‍ത്ഥ മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുന്നതിനൊപ്പം ബദല്‍ നയങ്ങള്‍ രൂപപ്പെടുത്തുകയും നിഴല്‍മന്ത്രിസഭയിലെ അംഗങ്ങളുടെ ചുമതലയാണ്. ഓസ്ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലും സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഒരു നിഴല്‍മന്ത്രിസഭയുടെ സംവിധാനമുണ്ട്. എന്നാല്‍ ഒരിടത്തും നിഴല്‍മന്ത്രിസഭ ഔദ്യോഗിക സ്വഭാവമുള്ള അധികാര സ്ഥാപനമല്ല.
രാഷ്ട്രീയത്തില്‍ വരുന്നതിന് മുമ്പ് ജീവിതത്തിന്റെ കൂടുതല്‍ ഭാഗവും നവീന്‍ പട്‌നായിക്ക് ബ്രിട്ടനിലാണ് ചെലവഴിച്ചത്. ബ്രിട്ടീഷ് റോക്ക് ബാന്‍ഡായ 'ദി റോളിംഗ് സ്റ്റോണ്‍സി'ലെ പ്രധാന ഗായകനായ മിക്ക് ജാഗര്‍ നവീന്‍ പട്‌നായിക്കിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. ബ്രിട്ടനില്‍ ജീവിച്ചതിന്റെ അനുഭവത്തിലാകാം ഒഡീഷയിലെ ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മാതൃകയിലുള്ള ഒരു നിഴല്‍ മന്ത്രിസഭ രൂപീകരിക്കാന്‍ അദ്ദേഹം തയ്യാറായത് എന്നും വിലയിരുത്തലുകളുണ്ട്.
ഇന്ത്യയില്‍ ഇതിന് മുമ്പും നിഴല്‍മന്ത്രി സഭയുടെ സ്വഭാവത്തില്‍ ഭരണപക്ഷത്തിന്റെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സംവിധാനങ്ങളുണ്ടായിട്ടുണ്ട്. നേരത്തെ മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരിനെ മെരുക്കാന്‍ 2005ല്‍ പ്രതിപക്ഷമായ ബിജെപിയും ശിവസേനയും ഇത്തരമൊരു ആശയം പരീക്ഷിച്ചിരുന്നു. 2015ല്‍ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസും ഈ ആശയം പരീക്ഷിച്ചിട്ടുള്ളതാണ്. 2020ല്‍ ബിഹാറിലെ ഒരു കൂട്ടം ആക്ടിവിസ്റ്റുകളും ബുദ്ധിജീവികളും ചേര്‍ന്ന് 'ജാഗോ' എന്ന ബാനറിന് കീഴില്‍ ഒരു രാഷ്ട്രീയേതര നിഴല്‍ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. പ്രശസ്ത ആക്ടിവിസ്റ്റ് ഡോ. സുമന്‍ ലാല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഈ നിഴല്‍ മന്ത്രിസഭയില്‍ മറ്റ് 32 മന്ത്രിമാരും ഉണ്ടായിരുന്നു. ബിജെപി സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ യുവ നിയമസഭാംഗങ്ങളെ ചുമതലപ്പെടുത്തി പാര്‍ട്ടി നിഴല്‍ മന്ത്രിസഭ രൂപീകരിക്കുമെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് എംഎല്‍എയും പ്രതിപക്ഷ നേതാവുമായ ടിക്കാറാം ജുല്ലി ജൂലൈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു.