യുപിഎസ്‌സി ചെയര്‍പേഴ്‌സണ്‍ മനോജ് സോണി രാജിവെച്ചു

2029ല്‍ കാലാവധി പൂര്‍ത്തിയാക്കാനിരിക്കെയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് രാജിക്കത്ത് കൈമാറിയത്

dot image

ന്യൂഡല്‍ഹി: യുപിഎസ്‌സി ചെയര്‍പേഴ്‌സണ്‍ മനോജ് സോണി രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കാണിച്ചാണ് രാജി. 2029ല്‍ കാലാവധി പൂര്‍ത്തിയാക്കാനിരിക്കെയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് രാജിക്കത്ത് കൈമാറിയത്. ഐഎഎസ് ട്രെയിനി പൂജ ഖേദ്കറുടെ നിയമനവുമായി ബന്ധപ്പെട്ട് യുപിഎസ്‌സി പരീക്ഷാ നടത്തിപ്പിനെതിരെ ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് രാജി. എന്നാല്‍ ഈ പശ്ചാത്തലത്തിലല്ല രാജിയെന്നാണ് വിവരം.

2017ലാണ് മനോജ് സോണി യുപിഎസ്‌സി അംഗമാവുന്നത്. 2023 മെയ് 16 ന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് ചുമതലയേറ്റു. അതേസമയം മനോജ് സോണി ഒരു മാസം മുമ്പ് തന്നെ ദ്രൗപതി മുര്‍മുവിന് രാജിക്കത്ത് കൈമാറിയിരുന്നുവെന്നും രാജി അംഗീകരിച്ചില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ആകുന്നതിന് മുമ്പ് ഗുജറാത്തിലെ രണ്ട് യൂണിവേഴ്‌സിറ്റികളില്‍ വെെസ് ചാന്‍സലർ ആയിരുന്നു മനോജ് സോണി.

2009 മുതല്‍ 2015 വരെ ഡോ. ബാബാ സാഹേബ് അംബേദ്കര്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെയും 2005 മുതല്‍ 2008 വരെ എംഎസ് സര്‍വ്വകലാശാലയുടെയും വൈസ് ചാന്‍സലറുമായിരുന്നു. എംഎസ് സർവ്വകലാശാല വെെസ് ചാന്‍സലാറായി ചുമതലയേല്‍ക്കുമ്പോള്‍ 40 വയസ്സ് മാത്രമായിരുന്നു മനോജ് സോണിക്ക് പ്രായം. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാന്‍സലായിരുന്നു മനോജ് സോണി.

dot image
To advertise here,contact us
dot image