ഭക്ഷണശാലയിൽ പേര് വെളിപ്പെടുത്തൽ; രാംദേവിന് കുഴപ്പമില്ല, പിന്നെ റഹ്മാന് എന്താണെന്ന് ബാബാ രാംദേവ്

ഭക്ഷണശാലയിൽ പേര് പ്രദർശിപ്പിക്കാൻ രാംദേവിന് പ്രശ്നമില്ല, പിന്നെ റഹ്മാന് എന്താണ് പ്രശ്നം?' എന്നാണ് ബാബാ രാം​ദേവിന്റെ വിവാദ ചോദ്യം

dot image

ലക്നൗ: കൻവാർ യാത്ര കടന്നുപോകുന്ന വഴികളിലുള്ള ഭക്ഷണശാലകളിൽ ഉടമയുടെ പേര് പ്രദ‍ർശിപ്പിക്കണമെന്ന ഉത്തരവിൽ പ്രതിഷേധം കനക്കുന്നതിനിടെ വിവാദ പരാമർശവുമായി യോ​ഗ ​ഗുരു ബാബാ രാം​​ദേവ്. 'ഭക്ഷണശാലയിൽ പേര് പ്രദർശിപ്പിക്കാൻ രാംദേവിന് പ്രശ്നമില്ല, പിന്നെ റഹ്മാന് എന്താണ് പ്രശ്നം?' എന്നാണ് ബാബാ രാം​ദേവിന്റെ ചോദ്യം. കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശ് സർക്കാർ ഇത്തരമൊരു വിചിത്രമായ ഉത്തരവുമായി രം​ഗത്തെതിയത്. യുപി പൊലീസാണ് ഉത്തരവിറക്കിയത്. എല്ലാ വർഷവും ശിവ ഭക്ത‍ർ നടത്തിവരുന്ന തീ‍‌ർത്ഥാടനമാണ് കൻവാർ യാത്ര. ജൂലൈ 22 നാണ് യാത്ര ആരംഭിക്കുന്നത്.

തന്റെ പേര് വെളിപ്പെടുത്താൻ രാംദേവിന് പ്രശ്നമില്ലെങ്കിൽ, പിന്നെ സ്വന്തം പേര് വെളിപ്പെടുത്താൻ റഹ്മാന് എന്താണ് ബുദ്ധിമുട്ട്? എല്ലാവരും സ്വന്തം പേരിൽ അഭിമാനം ഉള്ളവരാകണം. പേര് മറച്ചുവെക്കേണ്ട കാര്യമില്ല. ശുദ്ധി മാത്രമാണ് ആവശ്യം. നമ്മുടെ ജോലി ശുദ്ധമാണെങ്കിൽ അവിടെ നമ്മൾ ഹിന്ദുവാണോ മുസ്ലിമാണോ മറ്റേതെങ്കിലും സമുദായത്തിൽ നിന്നുള്ളതാണോ എന്നത് വിഷയമല്ല - രാംദേവ് പറഞ്ഞു.

കൻവാർ യാത്ര കടന്നുപോകുന്ന പ്രദേശത്തെ ഭക്ഷണശാലകളിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കാൻ ആവശ്യപ്പെടുന്നത് മുസ്ലിം വിഭാത്തിന്റെ ഭക്ഷണശാലകൾ തിരിച്ചറിയാനും അവർക്കെതിരെ തിരിയാനുമാണെന്നാണ് ഉയരുന്ന ആരോപണം. ജാതി മത വിവേചനമാണ് നടക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. നീക്കം പൂർണായും തെറ്റാണെന്ന രൂക്ഷ വിമർശനവുമായി സമാജ് വാദി പാർട്ടി രംഗത്തെത്തിയിരുന്നു.

ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്നാണ് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ആരോപിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരിൽ സമൂഹത്തിൽ വേർതിരിവുണ്ടാക്കുന്നത് ഭരണഘടനക്കെതിരായ കുറ്റകൃത്യമാണ്. ഈ ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും ഉത്തരവ് പ്രഖ്യാപിച്ച ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിരുന്നു. എക്സിലൂടെയാണ് പ്രിയങ്ക ഇക്കാര്യം ആവശ്യപ്പെട്ടത്.

ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടെയോ പേരിൽ വേർതിരിക്കപ്പെടാതിരിക്കാനുള്ള അവകാശം ഇന്ത്യയിലെ ഓരോ പൗരനും ഭരണഘടന നൽകുന്നുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. ഉത്തർപ്രദേശിലെ കാർട്ടുകളുടെയും കിയോസ്‌കുകളുടെയും കടകളുടെയും ഉടമകളുടെ നെയിം ബോർഡുകൾ സ്ഥാപിക്കാനുള്ള ഉത്തരവ് നമ്മുടെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും ഇന്ത്യയുടെ പൈതൃകത്തിനും നേരെയുള്ള ആക്രമണമാണെന്നും പ്രിയങ്ക എക്സിൽ കുറിച്ചിരുന്നു.

'ഇത് ഇന്ത്യൻ മുസ്ലീങ്ങളോടുള്ള വിദ്വേഷമാണ്. ഈ വിദ്വേഷത്തിൻ്റെ ക്രെഡിറ്റ് രാഷ്ട്രീയ പാർട്ടികൾക്കും ഹിന്ദുത്വ നേതാക്കൾക്കും മതേതര പാർട്ടികൾ എന്ന് വിളിക്കപ്പെടുന്നവർക്കും അവകാശപ്പെട്ടതാണ്'; എന്ന് എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി പറഞ്ഞു. ഉത്തരവിനെ എതിർത്ത് സമാജ് വാദി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ കപിൽ സിബൽ രംഗത്തെത്തി. ഭിന്നിപ്പിക്കുന്ന അജണ്ടകൾ രാജ്യത്തെ വിഭജിക്കുകയേ ഉള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

ഈ നീക്കം സൗത്ത് ആഫ്രിക്കയിലും ഹിറ്റ്ലറുടെ ജർമ്മനിയും നടന്ന വർണ്ണവിവേചനത്തിന് തുല്യമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഉത്തരവ് വിവാദമായതോടെ ഉദ്ദേശ്യം വിവേചനമല്ല, ഭക്തർ‌ക്ക് സൗകര്യമൊരുക്കലാണെന്ന് പൊലീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത്. കൻവാ‍ർ യാത്രയിൽ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനാണ് ഉത്തരവെന്നാണ് സർക്കാരിന്റെ വിശദീകരണം. 'കൻവാർ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിരിക്കുകയാണ്. ഏകദേശം 240 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്ത്, ഭക്ഷണശാലകൾ, ഹോട്ടലുകൾ, ധാബകൾ, വഴിയോര കച്ചവടക്കാ‌ർ‌ എന്നിവർ അവരുടെ ഉടമസ്ഥരുടെയോ കട നടത്തുന്നവരുടെയോ പേരുകൾ പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൻവാരികൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനും ഭാവിയിൽ ആരോപണങ്ങളൊന്നും ഉയരാതിരിക്കാനും ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനുമാണ് ഇത് ചെയ്യുന്നത്. എല്ലാവരും സ്വന്തം ഇഷ്ടപ്രകാരമാണ് ("voluntarily display") ഇത് പിന്തുടരേണ്ടത്'; മുസഫർനഗർ സീനിയർ പൊലീസ് സൂപ്രണ്ട് അഭിഷേക് സിംഗ് വിശദീകരിച്ചിരുന്നു.

ഇത് സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട കാര്യമാണെന്നും സംസ്ഥാന സർക്കാർ എന്തെങ്കിലും പുതിയ നിയമവുമായി വന്നാൽ എല്ലാവരും അത് അനുസരിക്കണമെന്നുമായിരുന്നു കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന്റെ പ്രതികരണം. എല്ലാ ഭക്ഷണശാലകളിലുമുണ്ടാകേണ്ട നേം പ്ലേറ്റ് ഹുമാനിറ്റി എന്നാകണമെന്ന് നടൻ സോനു സൂദും പ്രതികരിച്ചു. എന്നാൽ ​ഹലാലിന് പകരം ഹുമാനിറ്റി എന്നാക്കണമെന്ന് ലോക്സഭാ എംപി കങ്കണ റണാവത്ത് തിരിച്ചടിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us