ന്യൂഡൽഹി: യുനെസ്കോയുടെ ലോക പൈതൃക ഉച്ചകോടിക്ക് ഇന്ന് ദില്ലിയിൽ തുടക്കമാകും. 150 രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കും. ഇന്ത്യ ആദ്യമായാണ് പൈതൃക ഉച്ചകോടിക്ക് വേദിയാകുന്നത്. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന പരിപാടികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.
പത്തുദിവസം നീണ്ടുനിൽക്കുന്ന സെഷനുകളാണ് ഉച്ചകോടിയിൽ ഉണ്ടാകുക. യൂനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലെയും ഉച്ചകോടിയിൽ പങ്കെടുക്കും. പൈതൃക പട്ടികയിൽ ഉൾപ്പെടുത്തേണ്ട സ്ഥലങ്ങൾ തീരുമാനിക്കുന്നതും പൈതൃകങ്ങളുടെ പരിപാലനം വിലയിരുത്തുന്നതും വർഷംതോറുമുള്ള ലോക ഹെറിറ്റേജ് കമ്മിറ്റി മീറ്റിങ്ങിലാണ്. ഇന്ത്യയും ഇറ്റലിയും ജപ്പാനും അടക്കം 12 രാജ്യങ്ങളാണ് ലോക ഹെറിറ്റേജ് കമ്മിറ്റിയിലെ അംഗങ്ങൾ.
ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരത്തെയും പൈതൃകത്തെയും ലോകത്തിനുമുന്നിൽ അവതരിപ്പിക്കാനുള്ള അവസരമാണ് ഇതിലൂടെ സാധിക്കുകയെന്ന് യുനെസ്കോയിലെ ഇന്ത്യയുടെ സ്ഥിരംപ്രതിനിധിയും യോഗത്തിന്റെ അധ്യക്ഷനുമായ വിശാൽ വി. ശർമ പറഞ്ഞു. രാജ്യത്തിനകത്തുനിന്നും പ്രതിനിധികളുണ്ടാകുമെന്നാണ് വിവരം. 150 രാജ്യങ്ങളിലെ പ്രതിനിധികൾ പൈതൃകസമിതി യോഗത്തിനെത്തുമെന്നും വിശാൽ വി. ശർമ പറഞ്ഞു.