മുംബൈ: തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ മഹായുതി സഖ്യത്തിലെ പാര്‍ട്ടികള്‍ക്ക് സ്വന്തം നിലയില്‍ മത്സരിക്കാമെന്ന് എന്‍സിപി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍. പിംപ്രി-ചിഞ്ച് വാഡിലെ എന്‍സിപി പ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു അജിത് പവാര്‍ നിലപാട് വ്യക്തമാക്കിയത്. 'ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മഹായുതി സഖ്യത്തിലെ കക്ഷികള്‍ സഖ്യത്തിലാണ്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ ഈ കക്ഷികള്‍ക്ക് സ്വന്തം നിലയില്‍ മത്സരിക്കാം' എന്നായിരുന്നു അജിത് പവാര്‍ പറഞ്ഞത്. മുന്‍സിപ്പല്‍ കൗണ്‍സില്‍, നഗര്‍ പഞ്ചായത്ത്, ജില്ലാ പരിഷത്ത് എന്നിവടങ്ങളിലേയ്ക്ക് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിലെ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നടപടിക്രമം ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയത്തിന് കാരണം എന്‍സിപി സഖ്യമാണെന്ന ആര്‍എസ്എസ് നിലപാടിന് പിന്നാലെയാണ് അജിത് പവാറിന്റെ അഭിപ്രായ പ്രകടനം എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി-എന്‍സിപി-ശിവസേന സഖ്യത്തിന് മഹാരാഷ്ട്രയില്‍ തിരിച്ചടി നേരിട്ടിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍സിപി അജിത് പവാര്‍ വിഭാഗം നാല് സീറ്റില്‍ മത്സരിച്ച് ഒരിടത്ത് മാത്രമാണ് വിജയിച്ചത്.
നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം പ്രധാനപ്പെട്ട നേതാക്കളുടെ രാജിയും അജിത് പവാറിന് തിരിച്ചടിയായിരുന്നു. പാർട്ടിയുടെ ശക്തികേന്ദ്രമായ പിംപ്രി - ചിഞ്ച് വാഡ് മേഖലയിൽ പ്രധാനപ്പെട്ട നേതാവടക്കം നാല് പേരാണ് രാജിവെച്ചത്. എൻസിപി അജിത് പവാർ പിംപ്രി - ചിഞ്ച് വാഡ് ഘടകത്തിന്റെ പ്രസിഡന്റ് അജിത് ഗഹ്‌വാനെ, യുവജനവിഭാഗം തലവൻ യഷ് സാനെ അടക്കം നാല് പേരാണ് കഴിഞ്ഞ ദിവസം രാജിവെച്ചത്. ഇവർ ശരത് പവാർ പക്ഷത്തേക്ക് പോകുമെന്നാണ് സൂചന. പാർട്ടി വിട്ടുപോയ നേതാക്കൾക്ക് ഇനിയും തിരിച്ചുവരാൻ അവസരമുണ്ടെന്ന ശരത് പവാറിന്റെ പ്രസ്താവനയ്ക്ക് ശേഷമാണ് രാജി എന്നതും ശ്രദ്ധേയമാണ്.