ഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർന്നതിന് തെളിവില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോക്സഭയിൽ പറഞ്ഞു. നീറ്റ് കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സർക്കാരിന് ഒന്നും ഒളിക്കാനില്ല. വിഷയത്തിൽ 2010 മുതൽ ചർച്ച നടക്കുന്നതായും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടിയിൽ തൃപ്തിയാകാതെ പ്രതിപക്ഷം പ്രതിഷേധിച്ചു. സംയുക്ത പാർലമെൻ്ററി സമിതി വിഷയം അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
2024 നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നതിനെച്ചൊല്ലി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി മന്ത്രി ധർമ്മേന്ദ്ര പ്രധാനെ വിമർശിച്ചതോടെയാണ് ലോക്സഭയിൽ ചൂടേറിയ സംവാദങ്ങൾക്ക് തുടക്കമായത്. 'നമ്മുടെ പരീക്ഷാ സംവിധാനത്തിൽ ഗുരുതര പ്രശ്നമുണ്ടെന്ന് രാജ്യത്തിന് മുഴുവൻ അറിയാം, നീറ്റ് പരീക്ഷയിൽ മാത്രമല്ല എല്ലാ വലിയ പരീക്ഷകളിലും അങ്ങനെതന്നെയാണ്. താനൊഴികെ എല്ലാവരെയും കുറ്റപ്പെടുത്തുകയാണ് വിദ്യാഭ്യാസമന്ത്രി. എന്താണ് ഇവിടെ നടക്കുന്നത് എന്നതിനെക്കുറിച്ച് അടിസ്ഥാനകാര്യങ്ങൾ പോലും മന്ത്രിക്കറിയില്ലെന്നാണ് തോന്നുന്നത്'- രാഹുൽ പറഞ്ഞു
പരീക്ഷാ സമ്പ്രദായം അഴിമതി നിറഞ്ഞതാണെന്ന് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ വിശ്വസിക്കുന്നുണ്ടെന്ന് രാഹുൽ പറഞ്ഞു. നിങ്ങൾ പണക്കാരനാണെങ്കിൽ, നിങ്ങളുടെ കൈവശം പണമുണ്ടെങ്കിൽ ഇന്ത്യൻ പരീക്ഷാസംവിധാനത്തെ വിലയ്ക്കെടുക്കാമെന്നാണ് ലക്ഷക്കണക്കിന് ജനങ്ങളും വിശ്വസിക്കുന്നത്. പ്രതിപക്ഷത്തിനും ഇതേ തോന്നലാണുള്ളത്. വിഷയത്തിൽ പ്രത്യേകം ചർച്ച നടത്താനായി ഒരു ദിവസം മാറ്റിവെക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
'കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഒരിക്കൽ പോലും ചോദ്യപേപ്പർ ചോർന്നതിന് തെളിവില്ല. നീറ്റ് വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. എനിക്ക് പൂർണ ഉത്തരവാദിത്തത്തോടെ പറയാൻ കഴിയും നാഷണൽ ടെസ്റ്റിംഗ് ഏജൻസി 240ലധികം പരീക്ഷകൾ വിജയകരമായി നടത്തിയിട്ടുണ്ടെന്ന്'- ധർമ്മേന്ദ്ര പ്രധാൻ മറുപടി നൽകി. നീറ്റ് സംബന്ധിച്ചുള്ളത് സാങ്കേതിക പ്രശ്നം മാത്രമാണെങ്കിൽ അത് പരിഹരിക്കാൻ എന്താണ് സർക്കാർ ചെയ്യുന്നതെന്നും രാഹുൽ ചോദിച്ചു. അലറിപ്പറഞ്ഞാലും ഒരു നുണയും സത്യമാവില്ലെന്നായിരുന്നു ഇതിനോട് മന്ത്രിയുടെ പ്രതികരണം. രാജ്യത്തിന്റെ പരീക്ഷാസംവിധാനം താറുമാറാണെന്ന പ്രതിപക്ഷനേതാവിന്റെ പ്രസ്താവന വളരെയധികം അപലപനീയമാണെന്നും ധർമ്മേന്ദ്രപ്രധാൻ മറുപടി നൽകി.
ചോദ്യ പേപ്പർ ചോർച്ചയിൽ സർക്കാർ പുതിയ റെക്കോർഡ് സൃഷ്ടിച്ചെന്നാണ് സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടത്. വിഷയം സർക്കാർ കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് അദ്ദേഹം വിമർശിച്ചു. നീറ്റ് പരീക്ഷയിൽ 2000ലധികം വിദ്യാർത്ഥികൾ വിജയിച്ച സ്ഥാപനങ്ങളുണ്ട്. ഈ മന്ത്രി ഇവിടെ തുടരുന്നിടത്തോളം കാലം വിദ്യാർത്ഥികൾക്ക് നീതി ലഭിക്കില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.