ന്യൂഡൽഹി: എക്സലൻസി, ഹിസ് ഹൈനസ്, ഹെർ ഹൈനസ് എന്നീ വിശേഷണങ്ങൾക്ക് എതിരെ മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മനുഷ്യനെ ബഹുമാനിക്കാൻ ഇംഗ്ലീഷ് പ്രയോഗങ്ങളുടെ ആവശ്യമില്ല എന്നും പകരം ആദരണീയർ എന്ന വിശേഷണം മതിയെന്നും മുൻ ഉപരാഷ്ട്രപതി പറഞ്ഞു. തിരുവനന്തപുരത്തെ ശ്രീ ചട്ടമ്പിസ്വാമി സാംസ്കാരിക സമിതി ഏർപ്പെടുത്തിയ ചട്ടമ്പിസ്വാമി സ്മൃതി പൂജാവർഷ പുരസ്കാരം പി എസ് ശ്രീധരൻ പിള്ളയ്ക്ക് സമ്മാനിക്കുന്ന ചടങ്ങിലാണ് വെങ്കയ്യ നായിഡുവിൻ്റെ പരാമർശം. ചടങ്ങിൽ വെങ്കയനായിഡുവിനെയും, രാജകുടുംബാംഗത്തെയും ഇംഗ്ലീഷ് പദത്തിൽ വിശേഷിപ്പിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമാണ് ഉദ്ഘാടന പ്രസംഗത്തിൽ വെങ്കയ്യ നായിഡു നടത്തിയത്.
ചടങ്ങിൽ വെച്ച് പി എസ് ശ്രീധരൻ പിള്ള തന്റെ രാഷ്ട്രീയ യാത്രാനുഭവങ്ങൾ പങ്കുവെച്ചു. 2005 ൽ താൻ രാഷ്ട്രീയ പ്രവർത്തനം നിർത്തണമെന്ന് ചിന്തിച്ചിരുന്നതായും ബിജെപി നേതാവ് പറഞ്ഞു. '2005 ലെ തിരുവനന്തപുരം ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ ദയനീയ തോൽവിയുടെ സമയത്തായിരുന്നു ആ ചിന്ത. തന്നെ അന്ന് പിന്തിരിപ്പിച്ചത് ദേശീയ അധ്യക്ഷനായിരുന്ന എം വെങ്കയ്യ നായിഡുവായിരുന്നു, തുടരണം, തിരിച്ചടികൾ ഉണ്ടാകും, സത്യവും നീതിയും ജയിക്കുമെന്നായിരുന്നു ഉപദേശം, പിഎസ് ശ്രീധരൻപിള്ള പറഞ്ഞു.
സാഹിത്യ സാംസ്കാരിക മേഖലകൾക്ക് നൽകിയ സംഭാവനകളെ പരിഗണിച്ചാണ് തിരുവനന്തപുരത്തെ ശ്രീ ചട്ടമ്പിസ്വാമി സാംസ്കാരിക സമിതി ഏർപ്പെടുത്തിയ ചട്ടമ്പിസ്വാമി സ്മൃതി പൂജാവർഷ പുരസ്കാരത്തിന് പി എസ് ശ്രീധരൻ പിള്ള തിരഞ്ഞെടുക്കപ്പെട്ടത്. മുൻ ചീഫ് സെക്രട്ടറി ആർ രാമചന്ദ്രൻ, പ്രമുഖ എഴുത്തുകാരൻ ഡോ. ജോർജ് ഓണക്കൂർ, എസ് മഹാദേവൻ തമ്പി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ കണ്ടെത്തിയത്. മലയാളത്തിലും ഇംഗ്ലീഷിലുമായി 237 ഗ്രന്ഥങ്ങളുടെ കർത്താവായ ശ്രീധരൻ പിള്ളയുടെ പുസ്തകങ്ങൾ ഹിന്ദി, കന്നഡ, കൊങ്കിണി, തെലുങ്ക്, ഒറിയ, ആസാമി, ബംഗാളി ഭാഷകളിലും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 22 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ സൗത്ത് പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുൻ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു പുരസ്കാര സമർപ്പണം നടത്തും.