ബെംഗളുരു: പാർട്ടി പ്രവർത്തകനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജെഡിഎസ് നേതാവ് സൂരജ് രേവണ്ണയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ബെംഗളുരുവിലെ പ്രത്യേക കോടതി. ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് പാർട്ടി പ്രവർത്തകൻ നൽകിയ പരാതിയിൽ ജൂൺ 23-നാണ് സൂരജ് രേവണ്ണ അറസ്റ്റിലായത്. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്ന് സൂരജ് രേവണ്ണയോട് കോടതി നിർദേശിച്ചു. അനുമതിയില്ലാതെ സംസ്ഥാനത്തിന് പുറത്തേക്ക് യാത്ര ചെയ്യരുതെന്നും ജാമ്യ ഉത്തരവിൽ പറയുന്നു.
മുൻ എംഎൽഎ എച്ച് ഡി രേവണ്ണയുടെ മകനും ലൈംഗികാതിക്രമ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഹാസൻ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ സഹോദരനുമാണ് സൂരജ്. ലൈംഗികാതിക്രമ ആരോപണം സൂരജ് നിഷേധിച്ചിരുന്നു. പരാതിക്കാരൻ തന്നിൽ നിന്ന് അഞ്ച് കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നും സൂരജ് ആരോപിച്ചിരുന്നു.