ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദത്തിൽ ഐഐടി ഡയറക്ടറോട് സഹായം തേടി സുപ്രീം കോടതി. നീറ്റ് യുജി ചോദ്യങ്ങളിലെ പിഴവ് പരിശോധിക്കാന്‍ ഐഐടി ഡല്‍ഹിയെ സുപ്രീം കോടതി ചുമതലപ്പെടുത്തി. വിവിധ വിഷയങ്ങളിലെ വിദഗ്ധരുടെ സംഘം ചോദ്യപേപ്പര്‍ പരിശോധിച്ച് സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നൽകാനാണ് നിർദ്ദേശം. അതേ സമയം നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീം കോടതി നാളെ കേന്ദ്രത്തിന്റെ വാദം കേള്‍ക്കും. കേന്ദ്രസര്‍ക്കാരിന്റെ മറുപടിക്ക് ശേഷമായിരിക്കും പുനഃ പരീക്ഷയടക്കമുള്ള കാര്യങ്ങളിൽ സുപ്രീം കോടതി തീരുമാനമെടുക്കുക.
ആശയ കുഴപ്പം നിലനിൽക്കുന്ന പരീക്ഷാ ചോദ്യങ്ങളുടെ ശരിയായ ഉത്തരം വിലയിരുത്തുന്നതിനും നിർണയിക്കുന്നതിനുമായി ചൊവ്വാഴ്ച ഉച്ചയോടെ മൂന്ന് വിഷയ വിദഗ്ധരുടെ ഒരു പാനൽ രൂപീകരിക്കാൻ ഡൽഹി ഐഐടി സുപ്രീം കോടതി നിർദ്ദേശം നൽകി. ചോദ്യത്തിന് സാധ്യമായ രണ്ട് ഉത്തരങ്ങൾക്ക് മാർക്ക് നൽകാനുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) തീരുമാനത്തിനെതിരെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് ഈ നിർദ്ദേശം.
എൻടിഎയുടെ തീരുമാനം പൊരുത്തക്കേടും അന്യായവുമാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞിരുന്നു. വിദ്യാർഥികൾ ഉന്നയിച്ച ആശങ്കകൾ പരിഹരിച്ച് പരീക്ഷാ പ്രക്രിയയുടെ സമഗ്രത ഉറപ്പാക്കാൻ കോടതി ശ്രമിക്കുന്നതെന്ന് വിധി പ്രസ്താവിച്ച സുപ്രീം കോടതി ബെഞ്ച് പറഞ്ഞു. പേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും ഉൾപ്പെടുന്ന കേസിൽ ജൂലൈ 23ന് വാദം പുനരാരംഭിക്കും