പൂനെ: ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്കറിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിയെ 'ഔറംഗസേബ് ഫാൻസ് ക്ലബ്' എന്ന് വിശേഷിപ്പിച്ച അമിത് ഷാ ഉദ്ധവ് താക്കർ ഔറംഗസേബ് ഫാൻ ക്ലബിന്റെ നേതാവാണെന്നും പരിഹസിച്ചു. പൂനെയിലെ ബിജെപി സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവും എൻസിപി തലവനുമായ ശരദ് പവാർ അഴിമതിയുടെ തലവനാണന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തെറ്റിദ്ധാരണ പരത്തി തിരഞ്ഞെടുപ്പിൽ വിജയിക്കാനാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. അവർ അഴിമതിയെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും എന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അഴിമതി നേതാവ് ശരദ് പവാറാണെന്നും അദ്ദേഹം വിമർശിച്ചു. മഹാരാഷ്ട്ര, ജാർഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ധാർഷ്ട്യം പരാജയപ്പെടുമെന്നും അമിത് ഷാ പറഞ്ഞു.
മഹാരാഷ്ട്രയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ നിരാശപ്പെടേണ്ടതില്ലെന്ന് അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്രയിൽ നിന്നുള്ള എല്ലാ ബിജെപി പ്രവർത്തകരും പാർട്ടിയുടെ വിജയത്തിനായി പരിശ്രമിച്ചു. ബിജെപി നേതൃത്വത്തിലുള്ള സഖ്യം 2019-ലും 2014-ലും ചെയ്തതിനേക്കാൾ മികച്ച പ്രകടനം മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.