ന്യൂഡല്‍ഹി: സമൂഹത്തിലെ ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും അനുപാതത്തിലല്ല തൊഴിലുറപ്പ് ഫണ്ടിന്റെ വിനിയോഗമെന്ന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്. ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തിങ്കളാഴ്ച്ച ലോക്‌സഭയില്‍ വെച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. തൊഴിലുറപ്പ് പദ്ധതി ഫണ്ട് വിനിയോഗിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ടെന്നും ഇതുകണ്ടെത്താന്‍ നിരവധി പഠനങ്ങള്‍ സംഘടിപ്പിച്ചെങ്കിലും തൃപ്തികരമായ കാരണമോ വിശദീകരണോ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തദ്ദേശീയമായി നേരിടുന്ന വെല്ലുവിളികളുടെ സൂചകമാണ് പ്രദേശത്ത് നടപ്പിലാക്കിവരുന്ന തൊഴിലുറപ്പ് പദ്ധതിയെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇത് കൃത്യമാണെങ്കില്‍ ഉയര്‍ന്ന ദാരിദ്ര്യവും തൊഴിലില്ലായ്മ നിരക്കും ഉള്ള സംസ്ഥാനങ്ങള്‍ കൂടുതല്‍ തൊഴിലുറപ്പ് ഫണ്ടുകള്‍ വിനിയോഗിക്കുകയും പ്രതിദിനം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. തൊഴിലുറപ്പ് ഫണ്ടിന്റെ വിനിയോഗവും തൊഴിലില്ലായ്മ നിരക്ക് കുറയുന്നതും തമ്മില്‍ പരസ്പര ബന്ധമുണ്ടാകേണ്ടതുമാണ്.
എന്നാല്‍, തൊഴിലുറപ്പ് ഫണ്ടും തൊഴിലില്ലായ്മയും തമ്മില്‍ ബന്ധമില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. കുറഞ്ഞ വരുമാനവും ഉയര്‍ന്ന പട്ടിണി നിരക്കുമുള്ള സംസ്ഥാനങ്ങള്‍ തൊഴിലുറപ്പ് ഫണ്ട് വിനിയോഗിച്ചതായും തൊഴിലില്ലായ്മാ നിരക്ക് കുറഞ്ഞതായും കണക്കുകള്‍ കാണിക്കുന്നില്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഉയർന്ന തൊഴിലുറപ്പ് ഫണ്ട് വിനിയോഗത്തിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം പറയുന്നത്.
2024 സാമ്പത്തിക വര്‍ഷം രാജ്യത്തെ ദരിദ്രവിഭാഗത്തില്‍ ഒരു ശതമാനത്തില്‍ താഴെയുള്ള തമിഴ്‌നാട് തൊഴിലുറപ്പ് ഫണ്ടിന്റെ 15 ശതമാനം വിനിയോഗിച്ചിട്ടുണ്ട്. സമാനമായി ദരിദ്രരില്‍ 0.1 ശതമാനത്തില്‍ താഴെയുള്ള കേരളം 4 ശതമാനം ഫണ്ടും വിനിയോഗിച്ചിട്ടുണ്ട്. ഈ രണ്ട് സംസ്ഥാനങ്ങളും ചേര്‍ന്ന് 51 കോടി തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിച്ചത്. മറിച്ച് ദരിദ്ര ജനസംഖ്യയുടെ 45% (യഥാക്രമം 20%, 25%) ഉള്ള ബിഹാറും യുപിയും, തൊഴിലുറപ്പ് ഫണ്ടിന്റെ 17% (യഥാക്രമം 6%, 11%) മാത്രം വിനിയോഗിക്കുകയും 53 കോടി വ്യക്തിഗത തൊഴില്‍ ദിനങ്ങള്‍ മാത്രമാണ് സൃഷ്ടിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.