ന്യൂഡൽഹി: ആദായ നികുതിയില്‍ മാറ്റം വരുത്തി മൂന്നാം മോദി സർക്കാരിന്ററെ ആദ്യ കേന്ദ്ര ബജറ്റ്. ആദായ നികുതി ദാതാക്കൾക്ക് ആശ്വാസമാകുന്ന രീതിയിലുള്ള മാറ്റങ്ങളാണ് നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റിലൂടെ അവതരിപ്പിച്ചത്. ഇ കൊമേഴ്സിനുളള ടിഡിഎസ് കുറച്ചു എന്നതാണ് അതിൽ പ്രധാനമായത്. മൂലധന നേട്ടത്തിനുളള നികുതി ലഘൂകരിക്കുക, നിക്ഷേപകരുടെ മേലുള്ള ഏഞ്ചൽ ടാക്സ് നിർത്തലാക്കുക തുടങ്ങി പ്രധാന നീക്കങ്ങളും ഇതിൽ പെടുന്നു
ദീര്‍ഘകാല മൂലധന നേട്ടത്തിനുള്ള നികുതിയിലും ഇളവ് പ്രഖ്യാപിച്ചു. 12.5 ശതമാനം നികുതിയാണ് ഇനി മുതൽ ദീർഘ കാല മൂലധന നേട്ടത്തിലൂടെ ലഭിക്കുന്ന പണത്തിന് നൽകേണ്ടി വരിക. ആദായ നികുതി റിട്ടേണ്‍ വൈകിയാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കുന്ന മുൻ കാല രീതി ഒഴിവാക്കിയതും ശ്രദ്ധേയമായി. പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുത്ത ശമ്പളമുള്ള ജീവനക്കാർക്കുള്ള സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തും.