ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ സുപ്രീം കോടതിയിൽ വാദം പുരോഗമിക്കുന്നതിനിടെ മലയാളി അഭിഭാഷകനെ പുറത്താക്കി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. നീറ്റിനെതിരെ നൽകിയ പരാതികളിൽ വാദം നടക്കുന്നതിനിടെ തടസ്സം സൃഷ്ടിച്ച അഭിഭാഷകനോടാണ് ചീഫ് ജസ്റ്റിസ് ദേഷ്യപ്പെട്ടത്. പരാതിക്കാരിലൊരാളുടെ അഭിഭാഷകനായ നരേന്ദ്ര ഹൂഡ ബെഞ്ചിനെ അഭിസംബോധന ചെയ്യുന്നതിനിടെ മറ്റൊരു പരാതിക്കാരുടെ അഭിഭാഷകനായ മാത്യു നെടുംപാറ തടസ്സപ്പെടുത്തിയതോടെയായിരുന്നു നാടകീയ രംഗങ്ങൾ.
ബെഞ്ച് ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുന്നതിനിടെ താനാണ് ഇവിടെയുള്ളവരിൽ ഏറ്റവും മുതിർന്ന അഭിഭാഷകനെന്ന് നെടുംപാറ പറഞ്ഞു. 'എനിക്ക് മറുപടി പറയാനാകും. ഞാൻ ആണ് ഇവിടെ അമികസ്' എന്ന് നെടുംപാറ പറഞ്ഞതോടെ ചീഫ് ജസ്റ്റിസ് രോഷാകുലനായി. താൻ ആരെയും അമികസ് ആയി നിയമിച്ചിട്ടില്ലെന്ന് മറുപടി നൽകി. എന്നാൽ ഇവിടെയും നിർത്താതെ, തന്നെ ബഹുമാനിക്കുന്നില്ലെങ്കിൽ പോകാം എന്നായി നെടുംപാറ. ഇതോടെ ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി.
'ഗാലറിക്ക് വേണ്ടി നിങ്ങൾ സംസാരിക്കണ്ട. കോടതിയുടെ ചാർജ് എനിക്കാണ്' എന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് 'സെക്യൂരിറ്റിയെ വിളിക്കൂ' എന്നും 'നെടുംപാറയെ പുറത്താക്കൂ' എന്നും ഉത്തരവിട്ടു. താൻ പോകുന്നുവെന്ന് നെടുംപാറ പ്രതികരിച്ചതോടെ നിങ്ങൾ അത് പറയേണ്ടതില്ലെന്നും നിങ്ങൾക്ക് പോകാമെന്നും ചീഫ് ജസ്റ്റിസ് ആവർത്തിച്ചു. 'കഴിഞ്ഞ 24 വർഷമായി ഞാൻ ന്യായപീഢത്തെ കാണുന്നു. ഈ കോടതിയിലെ നടപടിക്രമങ്ങൾ നിർദ്ദേശിക്കാൻ അഭിഭാഷകരെ അനുവദിക്കാനാവില്ല' എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇവിടെയും തീരാതെ താൻ 1979 മുതൽ കോടതി കാണുന്നുണ്ടെന്ന് നെടുംപാറയും തിരിച്ചടിച്ചതോടെ മറ്റ് അഭിഭാഷകരെ തടസ്സപ്പെടുത്താൻ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ആവർത്തിച്ച് പറഞ്ഞു. ഇതോടെ മാത്യു നെടുംപാറ പുറത്തുപോയി.
കോടതിയലക്ഷ്യത്തിന് ഇതാദ്യമായല്ല, മാത്യു നെടുംപാറയ്ക്കെതിരെ ചീഫ് ജസ്റ്റിസ് നടപടിയെടുക്കുന്നത്. ഈ മാർച്ചിൽ ഇലക്ടറൽ ബോണ്ട് കേസിൽ വാദം കേൾക്കുന്നതിനിടെ നെടുംപാറ ഇടയ്ക്ക് കയറി വാദം ഉന്നയിച്ചിരുന്നു. 'എന്നോട് ആക്രോശിക്കണ്ട, ഇത് ഹൈജ് പാർക്ക് കോർണർ മീറ്റിങ്ങല്ല. അപേക്ഷ നീക്കണമെങ്കിൽ അത് ഫയൽ ചെയ്യണം. നിങ്ങളെ കേൾക്കുന്നില്ല, അപേക്ഷ ഫയൽ ഇമെയിൽ ആയി ഫയൽ ചെയ്യണം. അതാണ് കോടതിയിലെ നിയമം', എന്നാണ് അന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് മറുപടി നൽകിയത്.