ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും ഈ വര്‍ഷം നടക്കാന്‍ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പുകളും ബജറ്റിനെ സ്വാധീനിക്കും. കാര്‍ഷിക വിളകള്‍ക്ക് താങ്ങ് വില, രാസവള സബ്‌സിഡി അടക്കമുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും. നികുതി ഇളവുകളും ബജറ്റില്‍ ഉണ്ടായേക്കും.
സ്ത്രീ സുരക്ഷയ്ക്കും സ്ത്രീകളുടെ ഉന്നമനത്തിനും പദ്ധതികള്‍ പ്രഖ്യാപിക്കും. യുവാക്കള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. പെന്‍ഷന്‍ തുകകള്‍ ഉയര്‍ത്താനും സാധ്യതയുണ്ട്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി കൂടുതല്‍ തുക മാറ്റി വെക്കാന്‍ സാധ്യത. ഭീകരാക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ മേഖലയ്ക്ക് കൂടുതല്‍ തുക മാറ്റിവെച്ചേക്കും. ചെറുകിട ഇടത്തരം സംരഭങ്ങള്‍ക്ക് കൂടുതല്‍ പ്രഖ്യാപനങ്ങളും ഉണ്ടായേക്കും.
എയിംസ് അടക്കമുള്ള പ്രഖ്യാപനങ്ങള്‍ ആരോഗ്യ മേഖലയ്ക്ക് ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്ന മറ്റൊരു കാര്യം. റെയില്‍വെ സ്റ്റേഷന്‍ വികസനം, കൂടുതല്‍ ട്രെയിനുകള്‍, ട്രയിന്‍ സുരക്ഷ എന്നിവ റെയില്‍വേ ബജറ്റില്‍ ഇടം പിടിക്കും. നികുതി ഇളവുകള്‍ ഉണ്ടാകും എന്നതാണ് മറ്റൊരു പ്രതീക്ഷ. ബിഹാര്‍, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി ലഭിക്കുമോ എന്നതാണ് ഉയരുന്ന മറ്റൊരു പ്രധാന ചോദ്യം.
തുടര്‍ച്ചയായ ഏഴാമത്തെ ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. ബജറ്റ് തയ്യാറാക്കിയത് രാജ്യത്തെ സാധാരണക്കാരെയും പാവപ്പെട്ടവരെയും പരിഗണിക്കാതെ എന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ബജറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം രാവിലെ ചേരും. പ്രതിപക്ഷ പാര്‍ട്ടികളും രാവിലെ യോഗം ചേര്‍ന്നേക്കും.