ന്യൂഡൽഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കസ്റ്റംസ് ഡ്യൂട്ടിയില്‍ ഇളവ് വരുത്തുന്നതോടെ സ്വര്‍ണം, വെള്ളി, ക്യാന്‍സറിന്റെ മരുന്ന്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയുടെ വില കുറയും. സ്വര്‍ണം ഗ്രാമിന് 420 രൂപവരെ കുറയാന്‍ സാധ്യതയുണ്ട്.
സ്വര്‍ണത്തിനും വെള്ളിക്കും വില കുറയും
സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ കുറയ്ക്കുമെന്ന് ബജറ്റ് നിര്‍ദേശം. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറുശതമാനമായി കുറയ്ക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. നേരത്തെ 15 ശതമാനമായിരുന്നു ഇറക്കുമതി തീരുവ. പ്ലാറ്റിനത്തിന് ആറര ശതമാനമായി കുറയ്ക്കുമെന്നും ധനമന്ത്രി അറിയിച്ചു. സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ കുറയ്ക്കണമെന്ന് സ്വര്‍ണ വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു.
കാന്‍സര്‍ മരുന്നുകള്‍ക്കും മൊബൈല്‍ ഫോണിനും വില കുറയും
മൂന്ന് കാന്‍സര്‍ മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കാന്‍ ബജറ്റിൽ നിര്‍ദേശമുണ്ട്. എക്സറേ ട്യൂബുകള്‍ക്ക് തീരുവ കുറയ്ക്കും. മൊബൈല്‍ ഫോണുകള്‍ക്കും ചാര്‍ജറുകള്‍ക്കും വില കുറയും. ഇവയുടെ കസ്റ്റംസ് തീരുവ 15 ശതമാനമാക്കി കുറയ്ക്കാനാണ് ബജറ്റ് നിര്‍ദേശം. കൂടാതെ തുകല്‍, തുണി എന്നിവയ്ക്കും വില കുറയും. 25 ധാതുക്കള്‍ക്ക് എക്‌സൈസ് തീരുവ ഒഴിവാക്കി, അമോണിയം നൈട്രേറ്റിനുള്ള തീരുവ കുറച്ചു. മത്സ്യമേഖലയിലും നികുതിയിളവുണ്ട്.
വില കൂടുന്നവ
പിവിസി, ഫ്‌ലക്‌സ്-ബാനറുകള്‍ക്ക് തീരുവ കൂട്ടി (10%-25%)
സോളര്‍ പാനലുകള്‍ക്കും സെല്ലുകള്‍ക്കും തീരുവ ഇളവ് നീട്ടില്ല.