ബഡ്ജറ്റിലെ പരിഗണനയിൽ നന്ദി പറഞ്ഞ് നിതീഷും നായിഡുവും; ആന്ധ്രയ്ക്കും ബിഹാറിനും കൈ നിറയെ പദ്ധതികൾ

എൻഡിഎയുടെ സഖ്യകക്ഷികൾ ഭരിക്കുന്ന ഇരു സംസ്ഥാനങ്ങൾക്കും ബഡ്ജറ്റിൽ കൈ നിറയെ പദ്ധതികൾ നീക്കി വച്ചിട്ടുണ്ട്.

dot image

ഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ മികച്ച പരി​ഗണന ലഭിച്ചതിന്റെ സന്തോഷം മറച്ചുവെക്കാതെ ബിഹാർ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിമാർ. എൻഡിഎയുടെ സഖ്യകക്ഷികൾ ഭരിക്കുന്ന ഇരു സംസ്ഥാനങ്ങൾക്കും ബഡ്ജറ്റിൽ കൈ നിറയെ പദ്ധതികൾ നീക്കി വച്ചിട്ടുണ്ട്. ഇതിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും നന്ദി പറഞ്ഞു. പിന്നാക്ക മേഖലകളിലെ വികസനത്തിന്‌ പ്രഖ്യാപനങ്ങൾ സഹായകരമാകുമെന്ന് നായിഡു പ്രത്യാശ പ്രകടിപ്പിച്ചു. ബജറ്റിനെ സ്വാഗതം ചെയ്തു നിതീഷ് കുമാർ ബജറ്റിൽ ബീഹാറിന്റെ ആവശ്യങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ടെന്നും പ്രഖ്യാപനങ്ങൾ ബിഹാറിന്റെ വികസനത്തിന് സഹായകരമാകുമെന്നും പ്രതികരിച്ചു.

ബഡ്ജറ്റിൽ സംസ്ഥാനത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞതിനും ആന്ധ്രയിലെ പിന്നാക്ക പ്ര​ദേശങ്ങളുടെ വികസനം, വ്യാവസായിക മേഖലകൾ,എന്നിവയിൽ ശ്രദ്ധ നൽകിയതിനും ആന്ധ്രാ പ്രദേശിലെ ജനങ്ങൾക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ധനമന്ത്രി നിർമ്മലാ സീതാരാമനെയും നന്ദി അറിയിക്കുന്നു. ആന്ധ്രാപ്രദേശിന്റെ നവനിർമ്മാണത്തിന് കേന്ദ്രത്തിന്റെ ഈ പിന്തുണ വലിയ സഹായമാകും. പുരോഗമനപരവും ആത്മവിശ്വാസം വർ​ദ്ധിപ്പിക്കുന്നതുമായ ഈ ബജറ്റിൻ്റെ അവതരണത്തിന് ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു - ചന്ദ്രബാബു നായിഡു എക്സിൽ പോസ്റ്റ് ചെയ്തു.

റോഡ് വികസനത്തിന്റെ ഭാഗമായി ബിഹാറില്‍ പട്‌ന-പൂര്‍ണ്ണിയ, ബുക്‌സര്‍-ഭഗല്‍പൂര്‍, ബോധ്ഗയ-രാജ്ഗിര്‍-വൈശാലി-ഡാര്‍ബംഗ എക്‌സ്പ്രസ് വേകള്‍, ബുക്‌സര്‍ ജില്ലയില്‍ ഗംഗയ്ക്ക് കുറുകെ രണ്ട് വരി പാലം, 2,400 എംഡബ്ല്യൂ പവര്‍ പ്ലാന്റ് ഉള്‍പ്പെടുന്ന വമ്പന്‍ പ്രഖ്യാപനങ്ങളാണ് ബിഹാറിനായി പ്രഖ്യാപിച്ചത്. ടൂറിസം വികസനത്തിന്റെ ഭാഗമായി ഗയയിലും രാജ്ഗിറിലും രണ്ട് ക്ഷേത്ര ഇടനാഴികളും പ്രഖ്യാപനത്തിലുണ്ട്. വെള്ളപൊക്കത്തില്‍ നിന്നും സംസ്ഥാനത്തെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ പ്രളയത്തെ അതീജിവിക്കാനുള്ള സംവിധാനങ്ങള്‍ നിര്‍മ്മിക്കാന്‍ 11,500 കോടി രൂപ പ്രഖ്യാപിച്ചു. മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച പൂര്‍വ്വോദയ പദ്ധതിയിലും ബിഹാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഒഡിഷ, ആന്ധ്രപ്രദേശ് എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ട മറ്റുസംസ്ഥാനങ്ങള്‍. ബിഹാറിന് കൂടുതല്‍ മെഡിക്കല്‍ കോളേജുകളും വിമാനത്താവളവും ധനമന്ത്രി പ്രഖ്യാപിച്ചു.

ആന്ധ്രപ്രദേശിനും നിര്‍മ്മലാ സീതാരാമന്റെ ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങളുണ്ട്. റെയില്‍-റോഡ് വികസനപദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കികൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് സംസ്ഥാനത്തിന് ലഭിച്ചത്. തലസ്ഥാന നഗരവികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ച് സംസ്ഥാനത്തിന് 15,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിച്ചു. വരും വര്‍ഷങ്ങളിലും അധിക സഹായം നല്‍കുമെന്ന് ധനമന്ത്രി ഉറപ്പ് നല്‍കി. പിന്നാക്ക മേഖലയുടെ വികസനത്തിനും സാമ്പത്തിക സഹായം അനുവദിച്ചു. നരേന്ദ്രമോദി സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ എത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച രണ്ട് സംസ്ഥാനങ്ങളാണ് ബിഹാറും ആന്ധ്രപ്രദേശും.

ആന്ധ്രപ്രദേശിന് ലഭിച്ചത്

  • ആന്ധ്രയുടെ തലസ്ഥാന വികസനത്തിന് പ്രത്യേക സഹായം
  • ഈ വര്‍ഷം 15000 കോടി രൂപ നല്‍കും
  • വരും വര്‍ഷങ്ങളിലും അധിക സഹായം നല്‍കും
  • പോലാവരം ജലസേചന പദ്ധതിക്ക് സഹായം
  • അടിസ്ഥാന വികസനം, വ്യവസായിക വികസനം, ജലം, റെയില്‍വേ, റോഡ് വികസനത്തിന് സഹായം
  • വിശാഖപട്ടണം ചെന്നൈ വ്യാവസായിക ഇടനാഴി ബംഗളുരു- ഹൈദരാബാദ് വ്യാവസായി ഇടനാഴി എന്നിവക്ക് സഹായം
  • റായല്‍സീമ, പ്രകാശം, ആന്ധ്രയുടെ ഉത്തര തീരദേശ മേഖല എന്നിവയുടെ വികസനത്തിനും സഹായം

ബീഹാറിന് ലഭിച്ചത്

  • പുതിയ വിമാനത്താവളങ്ങള്‍ തുറക്കും
  • കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍
  • അമൃത്സർ- ഗയ ഇക്കണോമിക് കോറിഡോര്‍
  • റോഡ് വികസനത്തിന് 26000 കോടി രൂപ
  • ക്ഷേത്ര വികസനത്തിന് സഹായം
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us