പേരിനുപോലും പ്രഖ്യാപനങ്ങളില്ല; ബജറ്റില്‍ കേരളം പുറത്ത്

ദീര്‍ഘകാല ആവശ്യമായ എയിംസിലും കേരളം പ്രതീക്ഷ പുലര്‍ത്തിയിരുന്നു

dot image

ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യബജറ്റില്‍ അവഗണിക്കപ്പെട്ട് കേരളം. ബിഹാറിനും ആന്ധ്രപ്രദേശിനും വന്‍കിട പദ്ധതികള്‍ ലഭിച്ചപ്പോള്‍ കേരളത്തിന് അനുകൂല പദ്ധതികള്‍ ഒന്നും ലഭിച്ചില്ല. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, സില്‍വര്‍ ലൈനും വിഴിഞ്ഞം തുറമുഖ വികസനത്തിന് 5,000 കോടി രൂപയുടെ പദ്ധതി അടക്കം കേരളം കേന്ദ്രത്തിന് മുന്നില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പേരിന് പോലും പ്രഖ്യാപനങ്ങളുണ്ടായില്ല. ദീര്‍ഘകാല ആവശ്യമായ എയിംസിലും കേരളം പ്രതീക്ഷ പുലര്‍ത്തിയിരുന്നു.

ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെതിരെ പ്രതിപക്ഷത്തെ നേതാക്കള്‍ രംഗത്തെത്തി. 'കേരളത്തിന് വകയിരുത്തുകയല്ല, കേരളത്തെ വക വരുത്തുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ്' എന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു.

രാജ്യത്തെ ഒരു മേഖലയും നരേന്ദ്രമോദി സര്‍ക്കാരിന്റെ കൈയ്യില്‍ സുരക്ഷിതമല്ലെന്നാണ് ബജറ്റ് വ്യക്തമാക്കുന്നതെന്ന് എംപിയും കെപിസിസി അധ്യക്ഷനുമായ കെ സുധാകരനും പ്രതികരിച്ചു. ഇന്ത്യക്കാകെ ഉള്ളത് രണ്ടുമൂന്നു സംസ്ഥാനങ്ങള്‍ കൊണ്ടുപോയി. ശസ്ത്രക്രിയ വേണ്ടിടത്ത് തൊലിപ്പുറത്തെ ചികിത്സ മാത്രമാണ് നടത്തിയതെന്നും കെ സുധാകരന്‍ പറഞ്ഞു.

പ്രതിപക്ഷ ആക്ഷേപം സാധൂകരിക്കുന്ന ബജറ്റാണ് പ്രഖ്യാപിച്ചതെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി പ്രതികരിച്ചു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിനെയും മാത്രം ആശ്രയിച്ച് നില്‍ക്കുന്ന സര്‍ക്കാര്‍ ആണിതെന്ന ആരോപണത്തെ കൂടുതല്‍ സാധൂകരിക്കുന്ന ബജറ്റാണിതെന്നും എം പി പറഞ്ഞു. സങ്കുചിത രാഷ്ട്രീയ താല്‍പര്യമാണ് ബജറ്റിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

ബജറ്റില്‍ കേരളത്തെ സമ്പൂര്‍ണ്ണമായും അവഹേളിച്ചെന്ന് ആന്റോ ആന്റണി പ്രതികരിച്ചു. റബ്ബര്‍ കര്‍ഷകരെ അവഗണിച്ചു. കേരളത്തിലെ യുവാക്കള്‍ക്ക് മുദ്രാ ലോണിന്റെ പ്രയോജനം ലഭിച്ചില്ലെന്നും ആന്റോ ആന്റണി ചൂണ്ടികാട്ടി.

കേരളത്തില്‍ വികസനം വരണമെങ്കില്‍ ഒരു നിതീഷ് കുമാറോ, നായിഡുവോ വേണം. മറിച്ച് സുരേഷ് ഗോപിക്കോ ജോര്‍ജ് കുര്യനോ ഒന്നും കഴിയില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരിഹസിച്ചു.

വിലക്കയറ്റം അടക്കം എല്ലാം അപകടകരമായ നിലയില്‍ നില്‍ക്കുമ്പോള്‍ വസ്തുതകള്‍ക്ക് നിരക്കാത്ത ബജറ്റാണ് കേന്ദ്രം പ്രഖ്യാപിച്ചതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാത്ത ബജറ്റ്. കേരളം, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഒരു കാര്യവും ലഭിക്കാത്ത ബജറ്റാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു.

സര്‍ക്കാര്‍ വെന്റിലേറ്ററില്‍ ആണ് എന്ന് മട്ടിലുള്ള പെരുമാറ്റമാണ് ബജറ്റ് പ്രഖ്യാപനത്തില്‍ നിന്നും മനസ്സിലായതെന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു. ധനമന്ത്രിക്ക് ആന്ധ്രയിലോ ബിഹാറിലോ പോയി ബജറ്റ് അവതരിപ്പിക്കാമായിരുന്നു. രാഷ്ട്രീയ അതിജീവിതത്തിന് വേണ്ടിയുള്ള ടൂള്‍ കിറ്റ് മാത്രമായി മാറ്റി. കേരളത്തില്‍ നിന്നും രണ്ട് സഹമന്ത്രിമാരുള്ള കാര്യം പാടെ മറന്നു. ഭരണപക്ഷത്തിന് പോലും മുഖത്ത് പടരുന്ന നിരാശ പ്രകടമായിരുന്നു. തൊഴിലവസരങ്ങള്‍ എങ്ങനെ സൃഷ്ടിക്കും എന്നുള്ള കാര്യങ്ങള്‍ ബജറ്റില്‍ ഇല്ല. ഇന്‍സെന്റീവ്‌സ് മാത്രം പ്രഖ്യാപിച്ചു എന്നും ഷാഫി പറമ്പില്‍ ചൂണ്ടികാട്ടി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us