'നിങ്ങൾ ഒരു സ്ത്രീയാണ്, ഒന്നും അറിയില്ലേ?', നിയമസഭയിൽ പൊട്ടിത്തെറിച്ച് നിതീഷ് കുമാർ; പ്രതിഷേധം

നിയമസഭാ സമ്മേളനത്തിൽ ആർജെഡിയിൽ നിന്നും കോൺഗ്രസിൽ നിന്നും ശക്തമായ പ്രതിഷേധമാണ് നിതീഷ് കുമാർ സർക്കാരിനെതിരെ ഉയർന്നത്

dot image

പട്ന: നിയമസഭയിൽ പ്രതിപക്ഷ വനിതാ എംഎൽഎയോട് പൊട്ടിത്തെറിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ആർജെഡി എംഎൽഎയോട് "നിങ്ങൾ ഒരു സ്ത്രീയാണ്, നിങ്ങൾക്ക് ഒന്നും അറിയില്ലേ?" എന്നായിരുന്നു നിതീഷ് കുമാറിന്‍റെ ചോദ്യം. നിയമസഭാ സമ്മേളനത്തിൽ ആർജെഡിയിൽ നിന്നും കോൺഗ്രസിൽ നിന്നും ശക്തമായ പ്രതിഷേധമാണ് നിതീഷ് കുമാർ സർക്കാരിനെതിരെ ഉയർന്നത്. ബിഹാറിനുള്ള സംവരണത്തിന്റെ കാര്യത്തിലും പ്രത്യേക പദവിയിലും നിതീഷ് കുമാർ സർക്കാർ പരാജയമാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.

സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണ പരിധി 65 ശതമാനമായി ഉയർത്താനുള്ള ബിഹാർ സർക്കാരിൻ്റെ നീക്കം കഴിഞ്ഞ മാസം പട്‌ന ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിധിയിൽ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും വേണ്ട നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും നിതീഷ് കുമാർ സഭയിൽ പറഞ്ഞു. എന്നാൽ പ്രതിപക്ഷത്തെ ശാന്തമാക്കുന്നതിന് നിതീഷ് കുമാറിന്റെ വാക്കുകളൊന്നും ഗുണകരമായില്ല. പ്രസംഗത്തിനിടയിൽ പ്രതിഷേധം തുടർന്നപ്പോഴാണ് നിതീഷ് കുമാർ വനിതാ എംഎൽഎയോട് ക്ഷുഭിതനായത്. ഇതോടെ പ്രതിപക്ഷം പൊട്ടിത്തെറിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സമൂഹത്തിലെ അവശത അനുഭവിക്കുന്ന വിഭാഗങ്ങൾക്കായി തൻ്റെ സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് നിതീഷ് കുമാർ തൻ്റെ പ്രസംഗം തുടർന്നു.

സ്ത്രീകൾക്കെതിരെ വിലകുറഞ്ഞതും അനാവശ്യവും അപരിഷ്‌കൃതവും തരംതാഴ്ന്നതുമായ പരാമർശങ്ങൾ നടത്തുന്നത് മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ ശീലമായി മാറിയിരിക്കുന്നുവെന്ന് മുതിർന്ന ആർജെഡി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പ്രതികരിച്ചു. "കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ആദിവാസി വിഭാഗത്തിൽ നിന്നുള്ള ബിജെപി വനിതാ എംഎൽഎയുടെ സൗന്ദര്യത്തെക്കുറിച്ച് മുഖ്യമന്ത്രി മോശം പരാമർശം നടത്തിയിരുന്നു. ഇന്ന് അദ്ദേഹം രണ്ട് തവണ പട്ടികജാതി വനിതാ എംഎൽഎയായ രേഖാ പാസ്വാനെക്കുറിച്ച് പരാമർശം നടത്തി, തേജസ്വി യാദവ് കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us