ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തിലെ ശ്രദ്ധേയമായ പ്രഖ്യാപനമായിരുന്നു 'പൂര്‍വ്വോദയ' പദ്ധതി. ബജറ്റില്‍ മുന്‍ഗണന ലഭിച്ച ബിഹാര്‍, ആന്ധ്രപ്രദേശ് അടക്കം അഞ്ച് കിഴക്കന്‍ സംസ്ഥാനങ്ങളുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ളതാണ് പദ്ധതിയെന്നാണ് ധനമന്ത്രി നിർമ്മലാ സീതാരാമന്‍ സൂചന നല്‍കിയത്. ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഒഡിഷ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളാണ് പൂര്‍വ്വോദയ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
'വികസിത ഭാരതം' എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള എഞ്ചിനായി ഒരു പ്രദേശത്തെ മാറ്റുന്നതിനുള്ള മാനവ വിഭവശേഷി വികസനം, അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക സാഹചര്യം സൃഷ്ടിക്കല്‍ എന്നിവയാണ് പൂര്‍വ്വോദയംപദ്ധതിയില്‍ ഉള്‍പ്പെടുക. എന്നാല്‍ പദ്ധതിയില്‍ ഈ അഞ്ച് സംസ്ഥാനങ്ങളെ തിരഞ്ഞെടുത്തതിന്റെ മാനദണ്ഡം എന്താണെന്ന് ധനമന്ത്രി വിശദീകരിച്ചിട്ടില്ല.
പൂര്‍വ്വോദയ പദ്ധതി രാജ്യത്തിന്റെ കിഴക്കന്‍ മേഖലക്ക് ഊര്‍ജ്ജം നല്‍കുന്ന പദ്ധതിയായിരിക്കുമെന്നാണ് നിര്‍മ്മലാ സീതാരാമന്റെ ബജറ്റ് അവതരണത്തിന് പിന്നാലെ പ്രധാനമന്ത്രി പ്രതികരിച്ചത്. ഹൈവേകള്‍, ജലപദ്ധതികള്‍, ഊര്‍ജ പദ്ധതികള്‍ അടക്കം നിരവധി പദ്ധതികള്‍ക്ക് പൂർവ്വോദയ ഊര്‍ജ്ജം പകരുമെന്നും മോദി പറഞ്ഞു. ആദ്യമായി 2015 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പൂര്‍വ്വോദയ പദ്ധതിയെക്കുറിച്ച് പ്രഖ്യാപനം നടത്തിയിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ റിഫൈനറി സമര്‍പ്പിക്കുന്ന ചടങ്ങില്‍ ഒഡിഷയിലെ പാരാഡിപ്പിലായിരുന്നു അത്.
രാജ്യത്തിന്റെ കിഴക്കന്‍ മേഖലയുടെ വികസനത്തിന് പുത്തന്‍ ഉണര്‍വ് നല്‍കുന്നതാവും 'പൂര്‍വോദയ' പദ്ധതിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍, മാനവവിഭവശേഷി, തൊഴില്‍, സാമ്പത്തിക സാഹചര്യം സൃഷ്ടിക്കല്‍ എന്നിവയ്ക്ക് ഈ പദ്ധതി പുതിയ ഊര്‍ജം നല്‍കുമെന്നും വികസിതവും സ്വാശ്രയവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ ഈ പ്രദേശങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുമെന്നുമാണ് അമിത് ഷാ പറഞ്ഞത്.
അതേസമയം ബിജെപിയുടെ രാഷ്ട്രീയ പദ്ധതി കൂടിയാണ് നിർമ്മലാ സീതാരാമന്‍ പൂർവ്വോദയയിലൂടെ അവതരിപ്പിച്ചതെന്നാണ് വിലയിരുത്തൽ. നരേന്ദ്ര മോദി സർക്കാരിന്‍റെ ഭരണത്തുടർച്ചയ്ക്ക് നിർണ്ണായകമായ പങ്കുവഹിക്കുന്ന ബിഹാറും ആന്ധ്രപ്രദേശും പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബജറ്റില്‍ കേരളം അടക്കം ബിജെപി ഇതര സംസ്ഥാനങ്ങളെയെല്ലാം തഴഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ പരിഗണന ലഭിച്ച ഈ രണ്ട് സംസ്ഥാനങ്ങളെ പൂർവ്വോദയ പദ്ധതിയിലും ഉള്‍പ്പെടുത്തി വികസന സാധ്യതകള്‍ തുറക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതുവഴി ടിഡിപിയെയും ജെഡിയുവിനെയും ഒപ്പം ഉറപ്പിച്ച് നിർത്താനാവുമെന്നും ബിജെപി നേതൃത്വം കണക്കാക്കുന്നു.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ശക്തി തെളിയിച്ച ബിജെപിക്ക് പക്ഷെ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ കാലിടറിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി പ്രചാരണം നടത്തിയിട്ടും പശ്ചിമ ബംഗാളില്‍ ബിജെപി മിഷന്‍ വിജയിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാൾ ബിജെപിയുടെ പ്രധാനലക്ഷ്യമാണ്. പൂർവ്വോദയ പദ്ധതിക്കായി ബംഗാളിനെ തിരഞ്ഞെടുക്കുമ്പോൾ ബിജെപി കണക്കുകൂട്ടുന്നത് രാഷ്ട്രീയ നേട്ടത്തിനുള്ള കരുനീക്കമാണെന്ന് തീർച്ചയാണ്. ഈ പദ്ധതിയിലൂടെ അടിസ്ഥാന വികസനം സംസ്ഥാനത്തെത്തിക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെയാവാം എന്‍ഡിഎ വിരുദ്ധ മുന്നണി ഭരിക്കുന്ന ബംഗാളിനെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.
സമാന സാഹചര്യമാണ് ജാർഖണ്ഡിലും. അഴിമതി കേസില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഹേമന്ദ് സോറന്‍ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 9 സീറ്റ് നേടിയ എന്‍ഡിഎയുടെ മുന്നില്‍ നിയമസഭാ തിരഞ്ഞെടുപ്പ് തന്നെയാവും ലക്ഷ്യം. പ്രതിപക്ഷ സഖ്യത്തിലെ മറ്റു സംസ്ഥാനങ്ങളെ തഴഞ്ഞപ്പോഴും ജാർഖണ്ഡിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തിയതിന്‍റെ കാരണവും ഇതുതന്നെയാവാം.
ഒഡീഷ പൂർവ്വോദയ പദ്ധതിയിൽ ഇടംപിടിച്ചതിൽ അതിശയമില്ല. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ചരിത്രത്തിൽ ആദ്യമായി ഒഡീഷയിൽ അധികാരത്തിലെത്തിയിരുന്നു. 24 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ദേശീയ പാർട്ടി സ്വന്തം നിലയിൽ ഒഡിഷയിൽ അധികാരത്തിലെത്തുന്നത്. പുരി ജഗന്നാഥ ക്ഷേത്രത്തെ ഊന്നിയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കൾ ഒഡീഷയിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. ഇത്തവണത്തെ കേന്ദ്ര ബജറ്റ് അവതരണത്തിൽ ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ഒഡീഷയെക്കുറിച്ച് പറഞ്ഞിരുന്നു. 'മനോഹരമായ പ്രകൃതി സൗന്ദര്യം, ക്ഷേത്രങ്ങൾ, കരകൗശല വിദ്യകൾ, പ്രകൃതിദൃശ്യങ്ങൾ, വന്യജീവി സങ്കേതങ്ങൾ, പുരാതനമായ ബീച്ചുകൾ എന്നിവയുള്ള ഒഡീഷയിലെ ടൂറിസത്തെ ഞങ്ങൾ പിന്തുണയ്ക്കുമെന്നായിരുന്നു നിർമ്മല സീതാരാമൻ്റെ പരാമർശം. തങ്ങളുടെ കിഴക്കൻ മേഖല രാഷ്ട്രീയ പദ്ധതിയിൽ ഒഡീഷയ്ക്ക് സവിശേഷമായ സ്ഥാനമുണ്ടെന്ന പ്രഖ്യാപനം കൂടിയായി പൂർവ്വോദയ പദ്ധതിയിൽ ഇടം നൽകിയതിനെ അടക്കം വായിക്കാവുന്നതാണ്.