ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷനുമായ ജഗൻ മോഹൻ റെഡ്ഡിക്കെതിരെ നിയമസഭയിൽ രൂക്ഷ വിമർശനവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. കൊളംബിയൻ മയക്കുമരുന്ന് കടത്ത് സംഘത്തലവനും കുപ്രസിദ്ധ കുറ്റവാളിയുമായിരുന്ന പാബ്ലോ എസ്കോബാറുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു വിമർശനം.
'പാബ്ലോ എസ്കോബാർ ഒരു കൊളംബിയൻ മയക്കുമരുന്ന് കടത്ത് സംഘത്തലവനാണ്. ഇയാള്‍ പിന്നീട് രാഷ്ട്രീയക്കാരനായി മാറി. 30 ബില്ല്യൺ ഡോളർ അന്ന് അയാൾ സമ്പാദിച്ചു. ഇന്ന് അതിന്റെ മൂല്യം 90 ബില്ല്യൺ ഡോളറോളം വരും. 1976-ലാണ് പാബ്ലോ അറസ്റ്റ് ചെയ്യപ്പെടുന്നത്. 1980-ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും സമ്പന്നനായ മയക്കുമരുന്ന് വ്യാപാരത്തിന്റെ അധിപനായിരുന്നു അദ്ദേഹം. മയക്കുമരുന്ന് വിൽപ്പനയിലൂടെയും സമ്പന്നനാകാം. മുൻ മുഖ്യമന്ത്രിയുടെ ലക്ഷ്യം എന്തായിരുന്നു? ടാറ്റ, റിലയൻസ്, അംബാനി എന്നിവർക്ക് പണമുണ്ട്. അവരെക്കാൾ സമ്പന്നരാകാൻ അദ്ദേഹം ആഗ്രഹിച്ചു. കുറച്ച് പേർക്ക് ആവശ്യങ്ങളുണ്ട്, കുറച്ച് പേർക്ക് അത്യാഗ്രഹമുണ്ട്. മറ്റ് ചിലർക്ക് ഉന്മാദമാണ്. ഈ ആളുകൾ പണം സമ്പാദിക്കാൻ ഇത്തരം കാര്യങ്ങൾ ചെയ്യുന്നു', ജഗൻ മോഹൻ റെഡ്ഡിയെ ഉന്നം വെച്ചുകൊണ്ട് ചന്ദ്രബാബു നായിഡു പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷമായി ആന്ധ്രാപ്രദേശ് രാജ്യത്തിൻ്റെ മയക്കുമരുന്ന് തലസ്ഥാനമായി മാറിയെന്നും മുൻ മുഖ്യമന്ത്രിക്ക് ഇതിൽ പങ്കുണ്ടെന്നും ചന്ദ്രബാബു നായിഡുവിൻ്റെ തെലുങ്ക് ദേശം പാർട്ടി ആരോപിച്ചു. ചന്ദ്രബാബു നായിഡു അധികാരത്തിലേറിയതിന് പിന്നാലെ ജഗൻ മോഹൻ റെഡ്ഡിക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയർത്തുന്നത്.