ന്യൂഡൽഹി: ബജറ്റ് ചര്‍ച്ചയില്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്ന കോണ്‍ഗ്രസ് എം പിമാര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ 'സ്റ്റഡിക്ലാസ്.' ലോക്‌സഭയിലെ ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കുന്ന കോണ്‍ഗ്രസിന്റെ 20 എംപിമാരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ട്ടി ലൈന്‍ ഉറപ്പാക്കുന്ന നിലയില്‍ സംസാരിക്കണമെന്ന നിര്‍ദ്ദേശം കൂടിക്കാഴ്ചയില്‍ രാഹുല്‍ ഗാന്ധി കൈമാറി.
ബജറ്റ് ചര്‍ച്ചയില്‍ കോണ്‍ഗ്രസിന് ലഭിച്ച നാല് മണിക്കൂര്‍ കാര്യക്ഷമമായി വിനിയോഗിക്കണം എന്ന കാഴ്ചപ്പാടും രാഹുല്‍ ഗാന്ധി പങ്കുവെച്ചു. പ്രതിനിധീകരിക്കുന്ന സംസ്ഥാനത്തിന്റെ വിഷയങ്ങളില്‍ പരിമിതപ്പെട്ട് പോകുന്ന പ്രാദേശിക പാര്‍ട്ടികളുടെ പ്രസംഗം പോലെയാകരുത് കോണ്‍ഗ്രസ് എംപിമാരുടെ ഇടപെടല്‍ എന്നും രാഹുല്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് നിര്‍ദ്ദേശം നൽകി.
സ്വന്തം സംസ്ഥാനങ്ങളിലെ ആവശ്യങ്ങളും ബജറ്റില്‍ സംസ്ഥാനം നേരിട്ട അവഗണനയും പറയുന്നതിനൊപ്പം ദേശീയ കാഴ്ചപ്പാടില്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വിഷയങ്ങള്‍ ശക്തമായി അവതരിപ്പിക്കുന്നതില്‍ വീഴ്ചയുണ്ടാകരുതെന്നും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് എംപിമാരോട് വ്യക്തമാക്കി. ആന്ധ്രാപ്രദേശിനും ബിഹാറിനും കൂടുതല്‍ പരിഗണന നല്‍കിയതിനെക്കുറിച്ചല്ല മറ്റ് സംസ്ഥാനങ്ങള്‍ക്ക് ബജറ്റില്‍ പരിഗണന ലഭിക്കാത്തതിനെക്കുറിച്ചായിരിക്കണം പ്രസംഗത്തില്‍ ഊന്നല്‍ നല്‍കേണ്ടതെന്നും രാഹുല്‍ നിര്‍ദ്ദേശിച്ചു.
ഇന്നലെ സംസാരിച്ച ശശി തരൂര്‍, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവരാണ് കേരളത്തില്‍ നിന്നും കോണ്‍ഗ്രസിനായി ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. വിഷയങ്ങള്‍ ശക്തമായി ഉന്നയിച്ച് ലോക്‌സഭയിലും പുറത്തും ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കുക എന്നതാണ് ഇന്‍ഡ്യ മുന്നണിയുടെ തന്ത്രമെന്ന് ഇതിനകം ലോക്‌സഭയിലെ പ്രതിപക്ഷ ഇടപെടല്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ കോൺഗ്രസ് എംപിമാരുടെ ഭാഗത്ത് നിന്നുള്ള തന്ത്രപരമായ ഇടപെടൽ ഉറപ്പാക്കാനുള്ള രാഹുൽ ഗാന്ധിയുടെ ഇടപെടൽ മൂന്നാംമോദി ടേമിൽ പാർലമെൻ്ററി ഇടപെടലിനെ കോൺഗ്രസ് എത്രത്തോളം ഗൗരവമായി കാണുന്നു എന്നതിൻ്റെ കൂടി സൂചനയാകുന്നുണ്ട്.