കൻവാർ യാത്ര: പള്ളിയും ശവകുടീരവും തുണികൊണ്ട് കെട്ടിമറച്ച് ഉത്തരാഖണ്ഡ് സർക്കാർ, നടപടി വിവാദത്തിൽ

നടപടി വിമർശനത്തിന് ഇടയാക്കിയതോടെ കെട്ടിമറച്ച വെള്ളത്തുണി അഴിച്ചുമാറ്റി

dot image

ഡെഹ്റാഡൂൺ: ഉത്തർപ്രദേശിൽ ഭക്ഷണശാലകളിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തരവ് വിവാദമായതിന് പിന്നാലെ ഉത്തരാഖണ്ഡില്‍ കൻവാർ യാത്രയുമായി ബന്ധപ്പെട്ട് പുതിയ വിവാദം. കൻവാർ യാത്ര കടന്നുപോകുന്ന വഴിയിലെ ഒരു പള്ളിയും ശവകുടീരവും കെട്ടിമറച്ചതാണ് വിവാദമായിരിക്കുന്നത്. നടപടി വിമർശനത്തിന് ഇടയാക്കിയതോടെ കെട്ടിമറച്ച വെള്ളത്തുണി അഴിച്ചുമാറ്റി.

ആര്യനഗറിന് സമീപത്തെ ഇസ്ലാം നഗർ പള്ളിയും എലിവേറ്റണ്ട ബ്രിഡ്ജിലെ ഒരു പള്ളിയും ശവകുടീരവും മറയ്ക്കാൻ അധികൃതർ ഉത്തരവിടുകയായിരുന്നു. കൻവാർ യാത്ര സുഖമമായി നടത്താനും പ്രദേശത്ത് സംഘർഷാവസ്ഥ ഒഴിവാക്കാനുമാണ് നടപടിയെന്നാണ് ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാൽ മഹാരാജ് പ്രതികരിച്ചത്.

വിവാദ നടപടിക്കെതിരെ ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് രംഗത്തെത്തി. 'വഴിയിൽ അമ്പലവും പള്ളിയും മുസ്ലിം പള്ളിയുമെല്ലാം ഉണ്ടാകും. അതാണ് ഇന്ത്യ. മറ്റൊരു വിശ്വാസത്തിൻ്റെയോ മതസ്ഥലത്തിൻ്റെയോ നിഴൽ അവരുടെമേൽ വീഴുന്നത് ഒഴിവാക്കാൻ കൻവാർ യാത്രക്കാർ അത്രയ്ക്ക് ഇടുങ്ങിയ ചിന്താഗതിക്കാരാണോ' - റാവത്ത് ചോദിച്ചു.

നടപടിയിൽ എതിർപ്പ് അറിയിച്ച് പള്ളിയുമായി ബന്ധപ്പെട്ട ആളുകൾ രംഗത്തെത്തി. തങ്ങളെ അറിയിക്കാതെയാണ് അധികൃതർ പള്ളിയും ശവകുടീരവും കെട്ടിമറച്ചതെന്ന് ശവകുടീരവുമായി ബന്ധപ്പെട്ട ഷക്കീൽ അഹമ്മദ് എന്നയാൾ പറഞ്ഞു.

'കഴിഞ്ഞ 40 വർഷമായി കൻവാർ തീർത്ഥാടകരുമായി ഞങ്ങൾക്ക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. എന്നാൽ ഇപ്പോൾ എന്താണിങ്ങനെ എന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. ഒരിക്കലും ഇവിടെ പ്രശ്നമുണ്ടായിട്ടില്ല. വിശ്വാസികൾ വരും വിശ്രമിക്കും സമാധാനമായി പോകും'; ഷക്കീൽ പറഞ്ഞു.

സമാനമായ പ്രതികരണമാണ് ഇസ്ലാംന​ഗർ പള്ളി തലവൻ അൻവർ അലിയും പങ്കുവച്ചത്. 'എന്തിനEണ് കർട്ടൻ കെട്ടിമറച്ചതെന്ന് ഞങ്ങളോട് പറഞ്ഞിരുന്നില്ല. ഇത് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല. ക‍ർട്ടൻ കെട്ടുന്നതിന് മുമ്പ് ഒരു ചർച്ചയും ഉണ്ടായില്ല. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പൊലീസ് വന്നു. ഇതിൽ ഇടപെടരുതെന്ന് ഞങ്ങളോട് നി‍ർദ്ദേശിച്ചു. കൂടുതൽ ഒന്നും പറയാതെ ഒറ്റ രാത്രികൊണ്ട് കർട്ടൻ കെട്ടി'; അൻവർ അലി പറഞ്ഞു.

'സുരക്ഷാ കാരണങ്ങൾ മുൻ നിർത്തിയാണെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇത്തരം നടപടി മുമ്പൊരിക്കലും ഞങ്ങൾ കണ്ടിട്ടില്ല. നേരത്തെയും കൻവാർ തീർത്ഥാടകർ ഒരു പ്രശ്നവുമില്ലാതെ ഇവിടെ നിന്ന് സാധനങ്ങൾ വാങ്ങാറുണ്ട്. ഇത് ആദ്യമായാണ് ഇങ്ങനെയൊന്ന് സംഭവിക്കുന്നത്. ഇത് ഞങ്ങളുടെ കച്ചവടത്തെ ബാധിച്ചു'; പ്രദേശത്ത് കഴിഞ്ഞ 60 വ‍ർഷമായി കഴിയുന്ന കച്ചവടക്കാരൻ യൂനസ് പറഞ്ഞു.

ഇതിനിടെ കന്‍വാര്‍ യാത്ര വഴിയിലെ ഹോട്ടലുടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ തുടരുകയാണ്. ഓഗസ്റ്റ് അഞ്ചുവരെയാണ് സ്റ്റേ നീട്ടിയത്. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ് വി എന്‍ ഭട്ടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. ഹര്‍ജി ഓഗസ്റ്റ് അഞ്ചിന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും. ഉത്തരവിനെ ന്യായീകരിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. കന്‍വാര്‍ തീര്‍ത്ഥാടകരുടെ വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായാണ് ഉത്തരവ് പുറത്തിറക്കിയതെന്നായിരുന്നു വിശദീകരണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us