അങ്കോല: ഷിരൂരിൽ മണ്ണിടിച്ചിലിനിടെ കാണാതായ അർജുനായി പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ നദിയിൽ ഡൈവ് ചെയ്തത് ഒമ്പത് തവണ. ഏഴ് മണിയോടെ രക്ഷാപ്രവർത്തനം അവസാനിപ്പിക്കുമ്പോഴും ട്രക്ക് ഉണ്ടെന്ന് കരുതുന്ന സ്ഥലത്തെത്താൻ മാൽപെയ്ക്കായില്ല. ട്രക്കിനടുത്തെത്തി അതിനുള്ളിൽ അർജുനുണ്ടോ എന്ന് പരിശോധിക്കാനാണ് ശ്രമിച്ചതെങ്കിലും സാധിച്ചില്ല. നദിയിലെ സീറോ വിസിബിലിറ്റിയാണ് പ്രധാന വെല്ലുവിളിയായത്.
മാത്രമല്ല, ശക്തമായ അടിയൊഴുക്കുള്ള നദിയിൽ പാറക്കല്ലുകളും ചെളിയും അടിഞ്ഞതും മാൽപെയുടെ രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. നദിയിൽ ചെളി മാത്രമാണ് മാൽപെയ്ക്ക് കണ്ടെത്താനായതെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ പറഞ്ഞു. അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ നാളെയും തുടരുമെന്നും ഇന്നത്തെ രക്ഷാദൗത്യം അവസാനിപ്പിച്ച ശേഷം എംഎൽഎ വ്യക്തമാക്കി.
മാൽപെ സംഘവും നേവിയും സംയുക്തമായാണ് ഇന്ന് തിരച്ചിൽ നടത്തിയത്. നദിക്ക് മധ്യത്തിലായി രൂപപ്പെട്ട മൺകൂനയിൽ നിന്നാണ് തിരച്ചിൽ നടത്തുന്നത്. പുഴയിലെ ഒഴുക്ക് ശക്തമായ നദിയിൽ ഡൈവ് ചെയ്യുന്നതിനിടെ അക്വാമാനെന്ന് വിശേഷിപ്പിക്കുന്ന ഈശ്വർ മാൽപെ ഒഴുക്കിൽപ്പെടുന്നതും ഇതിനിടെ കണ്ടു. നേവി സംഘം ഉടൻ തന്നെ അദ്ദേഹത്തെ രക്ഷപ്പെടുത്തി ബോട്ടിലേക്ക് കയറ്റുകയായിരുന്നു. ലൈഫ് ലൈനായ കയർ പൊട്ടിയതാണ് അദ്ദേഹം ഒഴുക്കിൽപ്പെടാൻ കാരണം. എന്നിട്ടും പിന്തിരിയാതെ പിന്നെയും ആറ് തവണ അദ്ദേഹം അർജുനെ കണ്ടെത്താൻ ഡൈവ് ചെയ്തു.
ഇന്നലെ നടത്തിയ ഡ്രോൺ പരിശോധനയിൽ നാല് പോയിന്റുകൾ കണ്ടെത്തിയിരുന്നുവെങ്കിലും നാലാം പോയിന്റിലാണ് ഇന്ന് പരിശോധന നടത്തിയത്. അവിടെ വച്ചും ട്രക്ക് കണ്ടെത്താനായിട്ടില്ല. നാലാം പോയിന്റിൽ പലതവണ മാൽപെ പരിശോധിച്ചതായാണ് കളക്ടർ ലക്ഷ്മി പ്രിയ അറിയിച്ചത്.