ബെംഗളൂരു: വാർത്താസമ്മേളനത്തിനിടെ മൂക്കിൽ നിന്ന് രക്തസ്രാവമുണ്ടായതിനെ തുടർന്ന് കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് കുമാരസ്വാമിയെ പ്രവേശിപ്പിച്ചത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം.
കുമാരസ്വാമിയുടെ ആരോഗ്യസ്ഥിതി നിലവിൽ തൃപ്തികരമാണെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. വാർത്താ ഏജൻസിയായ എഎൻഐ പങ്കുവെച്ച വീഡിയോയിൽ, മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായതോടെ തുണികൊണ്ട് മൂക്ക് മറച്ച് ആശുപത്രിയിലേക്ക് പോകുന്ന മന്ത്രിയെ വ്യക്തമായി കാണാം.
വിശദമായ പരിശോധന നടത്തിയതായി പാർട്ടിവൃത്തങ്ങള്‍ പറഞ്ഞു. 'ഒരുപക്ഷേ മൂക്കിനുള്ളിലെ നേരിയ മുറിവുകള്‍ കാരണമായിരിക്കാം മൂക്കിൽ നിന്ന് രക്തസ്രാവമുണ്ടായത്. അദ്ദേഹത്തിന് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളതിനാൽ എല്ലാ വിധ പരിശോധനകളും നടത്തി. അദ്ദേഹത്തെ പിന്നീട് ഡിസ്ചാർജ് ചെയ്തു,' പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
ബിജെപിയുമായുള്ള ഏകോപന യോഗത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മൂക്കിൽ നിന്ന് രക്തം വന്നത്. എന്നിട്ടും വേദിയിൽ തുടരാൻ തുടങ്ങിയപ്പോൾ ഉടനെ മകൻ നിഖിൽ കുമാരസ്വാമിയെത്തി വേദി വിടാൻ നിർബന്ധിച്ചു. ശേഷം നേരെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു.