ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ കുപ്‍വാരയില്‍ സൈനിക പോസ്റ്റ് ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് പിന്നാലെ പാക് അതിര്‍ത്തിയിലുടനീളം ജാഗ്രത തുടര്‍ന്ന് സുരക്ഷാ സേന. പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി നല്‍കാനാണ് സേനയുടെ നീക്കം. ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ജമ്മുവിലേക്ക് 2000 ബിഎസ്എഫ് ഉദ്യോഗസ്ഥരെ ഉടന്‍ വിന്യസിക്കും.
ജമ്മു, പഞ്ചാബ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള സാംബ കേന്ദ്രീകരിച്ചാകും ബിഎസ്എഫിന്‍റെ അധിക യൂണിറ്റിനെ വിന്യസിക്കുക. കടുത്ത മൂടല്‍മഞ്ഞ് മറയാക്കിയാണ് നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റ ശ്രമം നടക്കുന്നത്. വരുംദിവസങ്ങളിലും നിയന്ത്രണരേഖയില്‍ പാക് പ്രകോപനം തുടരുമെന്നാണ് സേനയുടെ വിലയിരുത്തല്‍.
ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൊല്ലപ്പെട്ടിരുന്നു. നാല് സൈനികർക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ഒരു ഭീകരനെ വധിച്ചതായും പാക് ബോർഡർ ആക്ഷൻ ടീമിന്‍റെ ആക്രമണം പരാജയപ്പെടുത്തിയതായും ഇന്ത്യൻ സേന അറിയിച്ചു. നിയന്ത്രണ രേഖക്ക് സമീപം മാചൽ സെക്ടറിലായിരുന്നു ആക്രണം.പ്രദേശത്ത് പാകിസ്താൻ സൈന്യത്തിന്റെ സഹായത്തോടെ ത്രീവവാദികൾ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് സൈന്യം ഓപ്പറേഷൻ നടത്തിയത്.