അർജുനായുള്ള തിരച്ചിലിന് പതിമൂന്നാം നാൾ താത്കാലിക വിരാമം; ദൗത്യം അനിശ്ചിതത്വത്തിൽ

വൈകിട്ട് നാല് മണിയോടെ രക്ഷാപ്രവർത്തനം നിർത്തുന്നുവെന്ന് പൊടുന്നനെ അറിയിക്കുകയായിരുന്നുവെന്നാണ് സ്ഥലത്തുണ്ടായിരുന്ന എംഎൽഎ എം വിജിൻ അടക്കമുള്ളവർ പ്രതികരിച്ചത്

dot image

അങ്കോല: അ‍ർജുനെ കാണാതായി പതിമൂന്നാം നാൾ തിരച്ചിലിന് താത്കാലിക വിരാമമിട്ട് കർണാടക സർക്കാർ. ജൂലൈ 16ന് നടന്ന അപകടത്തിൽ കാണാതായ ട്രക്കും അർജുനെയും ഇതുവരെ കണ്ടെത്താനാകാതെയാണ് രക്ഷാപ്രവർത്തനം താത്കാലികമായി അവസാനിപ്പിച്ചിരിക്കുന്നത്. പ്രദേശിക മുങ്ങൽ വിദ​ഗ്ധനായ ഈശ്വ‍ർ മാൽപെ അടക്കം പരിശോധന നടത്തിയിട്ടും അ‍ർജുന്റെ ട്രക്ക് എവിടെയെന്ന് കണ്ടെത്താനായിട്ടില്ല. ഇന്ന് വൈകിട്ട് നാല് മണിയോടെ രക്ഷാപ്രവർത്തനം നിർത്തുന്നുവെന്ന് പൊടുന്നനെ അറിയിക്കുകയായിരുന്നുവെന്നാണ് സ്ഥലത്തുണ്ടായിരുന്ന എംഎൽഎ എം വിജിൻ അടക്കമുള്ളവർ പ്രതികരിച്ചത്.

നദിയിൽ ഒഴുക്ക് ശക്തമാണെന്നും അർജുനെ കണ്ടെത്താനാകാതെ മടങ്ങുകയാണെന്നുമാണ് ഈശ്വർ മാൽപെയുടെ പ്രതികരണം. എന്നാൽ നദിയിലെ ഒഴുക്ക് ശാന്തമായാൽ എപ്പോൾ വിളിച്ചാലും എത്തുമെന്നും അദ്ദേഹം പറയുകയുണ്ടായി. എന്നാൽ ഇന്നലെ ആറര വരെ തുടർന്ന തിരച്ചിൽ ഇന്ന് നാല് മണിയോടെ നിർത്തിയതിനെ മന്ത്രി റിയാസ് ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസത്തിൽ നിന്ന് വ്യത്യസ്തമായി ഇന്ന് കാലാവസ്ഥ ഭേദപ്പെട്ട നിലയിൽ അനുകൂലമാണെന്നാണ് സംഭവ സ്ഥലത്തുനിന്ന് റിപ്പോർട്ട് ചെയ്യുന്നത്.

ദൗത്യം അവസാനിപ്പിക്കരുതെന്നും തുടരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കർ‌ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു. എന്നാൽ ദൗത്യം തുടരുമെന്ന് പറയുമ്പോഴും ഇന്ന് നടന്ന യോ​ഗത്തിൽ അർജുനായുള്ള തിരച്ചിൽ താത്കാലികമായി നി‍ർത്താനാണ് തീരുമാനിച്ചത്. അതേസമയം ദൗത്യം അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നും യോഗത്തിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്തതായും എല്ലാ സാധ്യതകളും തേടുമെന്നും കാ‍ർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. ഡ്രഡ്ജിങ് യന്ത്രം അടക്കം കൂടുതൽ യന്ത്രങ്ങൾ എത്തിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.

പുഴയിൽ തിരച്ചിൽ നടക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടുവെന്നാണ് എം വിജിൻ എംഎൽഎ അറിയിച്ചത്. ദൗത്യം നിർത്തരുതെന്നാണ് യോഗത്തിൽ ആവശ്യപ്പെട്ടത്. കർണാടകയുടെ സേവനത്തെ കുറച്ചുകാണുന്നില്ലെന്നും വിജിൻ പറഞ്ഞു. നേവിയുടേതടക്കമുള്ള, എത്തുമെന്ന് പറഞ്ഞ പല സേവനങ്ങളും എത്തിയില്ല. തിരച്ചിൽ നിർത്തരുതെന്നാണ് യോഗത്തിൽ അഭ്യർത്ഥിച്ചതെന്നും വിജിൻ വ്യക്തമാക്കി.

രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച ബോട്ടുകളും ഉപകരണങ്ങളും വൈകിട്ടോടെ സ്ഥലത്തുനിന്ന് മാറ്റിയിരുന്നു. അനുകൂല സാഹചര്യമായാൽ ദൗത്യം തുടരുമെന്നാണ് ക‌ർണാടക അറിയിക്കുന്നത്. ‌എന്നാൽ ഇത് അം​ഗീകരിക്കാനാകില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് മന്ത്രി മുഹമ്മദ് റിയാസ്. കഴിഞ്ഞ ദിവസം നടന്ന യോഗത്തിലെടുത്ത തീരുമാനങ്ങൾ ഒന്നും നടപ്പിലായില്ല. ലോകത്തെവിടെയുള്ള സാധ്യതകളും പരിശോധിക്കണമെന്നും അതിന് എല്ലാവരും ഒരുമിച്ച് നിൽക്കണം. സർക്കാർ സംവിധാനത്തിൽ നടത്തിയ ചർച്ചയിൽ എടുത്ത പോണ്ടൂൺ കൊണ്ടുവരിക, ഡ്രഡ്ജിങ് നടത്തുക എന്നതടക്കമുള്ള തീരുമാനങ്ങൾ നടപ്പായില്ല. ഇത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ഏകോപനത്തിലെ പാകപ്പിഴകൾ ചൂണ്ടിക്കാട്ടിയാണ് റിയാസിന്റെ പ്രതികരണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us