'ഇത് നരകമാണ്, സുരക്ഷ വേണം', ഡൽഹി ദുരന്തത്തിൽ ചീഫ് ജസ്റ്റിസിന് കത്തെഴുതി വിദ്യാർത്ഥി

'കാൽമുട്ട് വരെ മുങ്ങുന്ന അഴുക്ക് വെള്ളത്തിലൂടെ വേണം ഞങ്ങൾക്ക് നടക്കാൻ. നര​ക ജീവിതം ജീവിച്ചാണ് ഞങ്ങളെപ്പോലെയുള്ള വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് തകയ്യാറെടുക്കുന്നത്...'

dot image

ഡൽഹി: കോച്ചിങ് സെന്ററിലുണ്ടായ വെള്ളക്കെട്ടിൽ മലയാളി ഉൾപ്പെടെ മൂന്ന് വിദ്യാ‍ർത്ഥികൾ മരിച്ച സംഭവത്തിന് പിന്നാലെ ചീഫ് ജസ്റ്റിസ് ‍ഡി വൈ ചന്ദ്രചൂഢിന് കത്തെഴുതി വിദ്യാർത്ഥി. നേരിടുന്ന ദുരിത ജീവിതം തുറന്ന് പറഞ്ഞാണ് കത്ത്. രാജേന്ദ്ര നഗർ, മുഖർജി ന​ഗർ, തുടങ്ങിയ ഏരിയകളിൽ ഓടകളുടെ നിർമ്മാണത്തിലെ പ്രശ്നങ്ങളും മുൻസിപ്പൽ കോർപ്പറേഷന്റെ അവ​ഗണനയുമാണ് പ്രദേശം നേരിടുന്ന വെള്ളക്കെട്ടിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയ കത്തിൽ വിദ്യാർത്ഥികളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ആ​വശ്യപ്പെട്ടു. അവിനാഷ് ​ദുബെ എന്ന വിദ്യാർത്ഥിയാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചത്. കത്ത് ഹർജിയായി പരി​ഗണിക്കണോ എന്ന കാര്യത്തിൽ ചീഫ് ജസ്റ്റിസ് തീരുമാനമെടുത്തിട്ടില്ല. സർക്കാർ ഉത്തരവ് ലംഘിച്ചാണ് റാവു സെന്റർ ബേസ്മെന്റിൽ ലൈബ്രറി നടത്തിയിരുന്നത്.

'മഴ കരാണം ബേസ്മെന്റിൽ വെള്ളം കയറി, മൂന്ന് വിദ്യാർത്ഥികളുടെ ജീവനാണ് നഷ്ടപ്പെട്ടത്. സർ, മുൻസിപ്പൽ കോർപ്പറേഷന്റെ അനാസ്ഥ കാരണം എല്ലാ വർഷവും മുഖർജി ന​ഗറിലും രാജേന്ദ്രന​ഗറിലും വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവാണ്. കാൽമുട്ട് വരെ മുങ്ങുന്ന അഴുക്ക് വെള്ളത്തിലൂടെ വേണം ഞങ്ങൾക്ക് നടക്കാൻ. നര​ക ജീവിതം ജീവിച്ചാണ് ഞങ്ങളെപ്പോലെയുള്ള വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്...'; കത്തിൽ അവിനാഷ് ദുബെ കുറിച്ചു.

ഓടകളുടെ അറ്റകുറ്റപ്പണികൾ നടക്കാത്തതിനാൽ മഴ പെയ്താൽ വെള്ളവും ഓടയിലെ അഴുക്കും കൂടിക്കലർന്ന് റോഡ് വെള്ളക്കെട്ടിലാകുന്നു. ഈ മലിനജലം വീടുകളിലേക്കും കയറുന്നുണ്ടെന്നും ദുബെ ചൂണ്ടിക്കാട്ടി. 'എല്ലാം സഹിച്ച് ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ് ഞങ്ങൾ. എന്നാൽ ഇന്നലത്തെ സംഭവത്തോടെ വിദ്യാർത്ഥികളുടെ ജീവന് സുരക്ഷിതത്വമില്ലെന്ന് ഉറപ്പായി. കൃമികളെപ്പോലെയുള്ള ജീവിതം ജീവിക്കാൻ മുൻസിപ്പൽ കോർപ്പറേഷനും ഡൽഹി സർക്കാരും ഞങ്ങളെ നിർബന്ധിരാക്കുകയാണ്... ആരോ​ഗ്യകരമായ ജീവിതം മുന്നോട്ട് നയിച്ചുകൊണ്ട് പഠനം നടത്തുക എന്നത് ഞങ്ങളുടെ മൗലികാവകാശമാണ്. ഈ സംഭവം ഹൃദയഭേദകവും ഭീതിതവുമാണ്. വെള്ളക്കെട്ട് കാരണം സെന്ററുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ആരോ​ഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയുണ്ടായിരിക്കുകയാണ്. വിദ്യാർത്ഥികൾക്ക് പേടി കൂടാതെ പഠിക്കാൻ സുരക്ഷിതവും ആരോ​ഗ്യപൂർണ്ണവുമായ പരിസ്ഥിതി ആവശ്യമാണ്'; കത്തിൽ പറയുന്നു. സംഭവത്തിൽ നടപടി സ്വീകരിക്കാൻ സർക്കാരിന് ഉത്തരവ് നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

കനത്ത മഴയ്ക്ക് പിന്നാലെയാണ് ഡൽഹി ഓൾഡ് രാജേന്ദ്രർ നഗറിലെ റാവൂസ് സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറിയത്. അപകടത്തില്‍ മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. എറണാകുളം സ്വദേശി നെവിൻ ഡാൽവിൻ, തെലങ്കാന സ്വദേശി താനിയ സോണി, യുപി സ്വദേശി ശ്രേയ യാദവ് എന്നിവരാണ് മരിച്ചത്. പരിശീലന കേന്ദ്രത്തിന്റെ ഭാഗമായി ബേസ്‌മെന്റിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറി വെള്ളത്തിൽ മുങ്ങുകയായിരുന്നു. വെള്ളം കയറുമ്പോൾ 40 വിദ്യാർത്ഥികൾ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. വിദ്യാർത്ഥികളാണ് ഫയർ ഫോഴ്സിൽ വിവരം അറിയിച്ചത്.

സംഭവത്തിൽ മാനദണ്ഡങ്ങൾ അവഗണിച്ചതിന് കോച്ചിങ് സെൻ്ററിനെതിരെ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ നടപടി ആരംഭിച്ചു. സെൻട്രൽ ഡൽഹിയിലെ ഓൾഡ് രജീന്ദർ നഗർ ഏരിയയിൽ നടന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഉന്നത സമിതി രൂപീകരിച്ചു. ബേസ്‌മെൻ്റിൽ പ്രവർത്തിക്കുന്ന നിരവധി കോച്ചിങ് സെൻ്ററുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അവയ്‌ക്കെതിരെ നടപടിയെടുക്കാനുള്ള ശ്രമം ആരംഭിച്ചതായും കോർപ്പറേഷൻ അധികൃതർ പറഞ്ഞു. ഇന്നലെ നടന്ന മിന്നൽ പരിശോധനയിൽ 13 കോച്ചിംഗ് സെന്ററുകൾക്കെതിരെ നടപടിയെടുത്തിരുന്നു.

റാവൂസ് കോച്ചിങ് സെന്ററിൽ ഗുരുതര നിയമ ലംഘനമാണ് നടന്നതെന്ന് അധികൃതർ പറഞ്ഞു. റാവൂസ് കോച്ചിങ് സെന്ററിനെതിരെ കോർപ്പറേഷൻ കഴിഞ്ഞ വർഷം ആഗസ്റ്റിൽ കെട്ടിടനിർമ്മാണ ചട്ടങ്ങൾ ലംഘിച്ചതിന് ഷോ കേസ് നോട്ടീസ് നൽകിയിരുന്നതായും അധികൃതർ പറഞ്ഞു. തൊട്ടടുത്ത മുഖർജി നഗറിലെ സിവിൽ സർവീസ് അക്കാദമിയിൽ തീ പിടിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലായിരുന്നു അത്.

റാവൂസ് കോച്ചിങ് സെന്റർ ബേസ്‌മെൻ്റ് മുതൽ മൂന്നാം നില വരെ കെട്ടിടനിർമ്മാണ ചട്ടങ്ങൾ ലംഘിച്ചതായായിരുന്നു കണ്ടെത്തൽ. തുടന്ന് കോർപ്പറേഷൻ നൽകിയ കേസിൽ സെന്റർ ഉടമ ഈ ഈ വർഷം ജൂലൈ 9 ന് കരോൾ ബാഗിലെ ഡെപ്യൂട്ടി കമ്മീഷണറിൽ നിന്ന് നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നേടിയെടുത്തു. ശേഷം ബേസ്‌മെൻ്റിൻ്റെയും മുകളിലുള്ള മൂന്ന് നിലകളുടെയും ദുരുപയോഗം തുടർന്നു. ഇതാണ് ബേസ്‌മെൻ്റിലെ വെള്ളപ്പൊക്കത്തിൽ കലാശിച്ചതും മൂന്ന് സിവിൽ സർവീസ് ഉദ്യോഗാർത്ഥികളുടെ മരണത്തിലേക്ക് നയിച്ചതും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us