ഗുവാഹത്തി: സർക്കാർ പരിപാടികളിൽ വെജിറ്റേറിയനും ശുദ്ധവുമായ ഭക്ഷണം മാത്രമേ നൽകാവൂ എന്ന് ഉത്തരവിട്ട് അസ്സം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. എല്ലാ ഔദ്യോഗിക യോഗങ്ങളിലും ലഘു വെജിറ്റേറിയൻ ഭക്ഷണം മാത്രം നൽകണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. എന്നാൽ ഈ നിയമം സംസ്ഥാനത്തെത്തുന്ന അതിഥികൾക്ക് ബാധകമല്ലെന്നും ഗുവാഹതിയിൽ ചേർന്ന് ഡെപ്യൂട്ടി കമ്മീഷണർമാരുടെ യോഗത്തിൽ പറഞ്ഞു.
വിഐപി സംസ്കാരം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, സർക്കാർ പ്രവർത്തനങ്ങൾ ലളിതമാക്കാനും ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ശർമ്മ നിർദ്ദേശം നൽകി. ഒരു മുഖ്യമന്ത്രിയുടെയോ ഡെപ്യൂട്ടി കമ്മീഷണറുടെയോ പൊലീസ് സൂപ്രണ്ടിൻ്റെയോ സന്ദർശന വേളയിൽ 10 കാറുകളിൽ കൂടുതൽ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും ഇലക്ട്രിസിറ്റി ബിൽ സ്വയം അടയ്ക്കണമെന്ന് ശർമ്മ നേരത്തെ നിർദ്ദേശിച്ചിരുന്നു. നികുതി ദായകരുടെ പണം ഉപയോഗിച്ച് സർക്കാർ ഉദ്യോഗസ്ഥരുടെ വൈദ്യുതി ബില്ലുകൾ അടയ്ക്കുന്ന നിയമം അവസാനിപ്പിക്കുകയാണ്. ഞാനും ചീഫ് സെക്രട്ടറിയും മാതൃകയാകുന്നു. ജൂലൈ 1 മുതൽ ഞങ്ങളുടെ വൈദ്യുതി ബില്ലുകൾ അടയ്ക്കാൻ തുടങ്ങും. 2024 ജൂലൈ മുതൽ എല്ലാ സർക്കാർ ഉദ്യോഗസ്ഥരും അവരുടെ വൈദ്യുതി ഉപഭോഗത്തിന് പണം നൽകുക. അസം മുഖ്യമന്ത്രി എക്‌സിൽ ഒരു പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു.